അഭിനയിക്കാൻ അനുവാദം ചോദിച്ചിട്ടുണ്ട്, കിട്ടിയിട്ടില്ല, അഭിനയിക്കാൻ പറ്റിയില്ലെങ്കിൽ ചത്തുപോകും; അതിന്റെ പേരിൽ മന്ത്രിസ്ഥാനം പോയാൽ രക്ഷപ്പെട്ടുവെന്ന് സുരേഷ് ​ഗോപി

സിനിമ തനിക്ക് പാഷനാണെന്നും അഭിനയിക്കാനായില്ലെങ്കിൽ ചത്തു പോകുമെന്നും പറയുകയാണ് നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ​ഗോപി. അദ്ദേ​ഹത്തെ ആദരിക്കാനായി കേരള ഫിലിം ചേംബർ ഓഫ് കൊമേഴ്സ് സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുന്ന വേളയിൽ അദ്ദേഹം പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

സിനിമ ഞാൻ ചെയ്യും. അനുവാദം ചോദിച്ചിട്ടുണ്ട്, പക്ഷേ കിട്ടിയിട്ടില്ല. പക്ഷേ സെപ്റ്റംബർ ആറിന് ഞാൻ ഒറ്റക്കൊമ്പൻ തുടങ്ങുകയാണ്. എല്ലാവരുടെയും ആശിർവാദം ഉണ്ടാവണം. ഏതാണ്ട് ഇരുപത്തിരണ്ടോളം സിനിമകളുടെ തിരക്കഥ ആർത്തിയോടെ ചെയ്യണമെന്ന് ആഗ്രഹിച്ച് സമ്മതിച്ചിട്ടുണ്ട്.

ഇനിയെത്ര സിനിമ ചെയ്യാനുണ്ട് എന്ന ചോദ്യത്തിന് ഇരുപത്തിരണ്ടോളം എണ്ണമുണ്ടെന്ന് പറഞ്ഞപ്പോൾ അമിത് ഷാ ആ പേപ്പറുകെട്ട് ഒരു സൈഡിലേക്ക് എടുത്തങ്ങ് കളഞ്ഞു. പക്ഷേ അനുവദിക്കാമെന്ന് പറഞ്ഞിട്ടുണ്ട്. എന്തു തന്നെയായാലും ഞാൻ സെപ്റ്റംബർ ആറിന് ഇങ്ങ് പോരും.

മന്ത്രിസ്ഥാനത്തെ ബാധിക്കാതെ സെറ്റിൽ സൗകര്യങ്ങൾ ഉണ്ടാകണമെന്നാണ് ആഗ്രഹമെന്നും തൃശൂരുകാർക്ക് നന്ദി അർപ്പിക്കണമെന്ന കേന്ദ്ര നേതാക്കളുടെ നിരന്തരമായ ആവശ്യത്തിന്റെ പേരിലാണ് താത്പര്യമില്ലാതിരുന്നിട്ടും മന്ത്രിസ്ഥാനം ഏറ്റെടുത്തത്. ഇനി അതിന്റെ പേരിൽ അവർ പറഞ്ഞയക്കുകയാണെങ്കിൽ ഞാൻ രക്ഷപ്പെട്ടു എന്നേ പറയാനുള്ളൂ.

തൃശൂരുകാരെ എനിക്ക് കൂടുതൽ പരിഗണിക്കാൻപറ്റും. ഞാൻ ഇതൊന്നും ആഗ്രഹിച്ചതുമല്ല, മോഹിച്ചതുമല്ല. എന്റെ വിജയം ഒരു ചരിത്രമാണെന്ന് അവർ പറഞ്ഞു. അതിന്റെ മഹത്വം പറഞ്ഞപ്പോൾ എനിക്ക് വഴങ്ങേണ്ടിവന്നു. ഞാൻ എന്നും എന്റെ നേതാക്കളെ അനുസരിക്കും. സിനിമ എനിക്കു പാഷനാണ്. അതില്ലെങ്കിൽ ഞാൻ ചത്തുപോകും എന്നുമാണ് സുരേഷ് ​ഗോപി പറഞ്ഞത്.

അതേസമയം, മാത്യു തോമസ് സംവിധാനം നിർവഹിക്കുന്ന സിനിമയാണ് ഒറ്റക്കൊമ്പൻ. 2020ൽ പ്രഖ്യാപിച്ച ചിത്രം പിന്നീട് പല കാരണങ്ങളാൽ മുടങ്ങിപ്പോകുകയായിരുന്നു. സുരേഷ് ഗോപിയുടെ 250ാമത്തെ ചിത്രമാണിത്. നേരത്തെ സിനിമയുടെ ടീസർ പുറത്തിറങ്ങിപ്പോൾ വലിയ ഹിറ്റായിരുന്നു. തുടർന്ന് ഷാജി കൈലാസിന്റെ പൃഥ്വിരാജ് ചിത്രമായ കടുവയുമായി സാമ്യമുണ്ടെന്ന ആരോപണത്തെ തുടർന്ന് ചിത്രം കോടതിയിലും കയറിയിരുന്നു.

Vijayasree Vijayasree :