മക്കൾ ജനിച്ചപ്പോൾ കാണാൻ പറ്റിയില്ല; നീന്തൽ അറിയില്ലെന്ന് പറഞ്ഞാൽ തനിക്ക് പകരം വേറെ നടനെ വെച്ചാലോ എന്ന് കരുതി; സുരാജ് വെഞ്ഞാറമൂട് പറയുന്നു…

മിമിക്രി രംഗത്തു നിന്നും സിനിമയിലേക്ക് വന്ന് മികച്ച നടനുള്ള ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങൾ നേടിയ സുരാജ് വെഞ്ഞാറമൂട് ഇന്ന് മലയാള സിനിമയിലെ മുൻനിര നായകന്മാരിൽ ഒരാളാണ്. തിരുവനന്തപുരം സംസാരശൈലിയിലൂടെ ശ്രദ്ധ നേടിയ സുരാജിന് ‘പേരറിയാത്തവൻ’ എന്ന സിനിമയിലൂടെ മികച്ച നടനുള്ള ദേശീയ പുരസ്കാരം ലഭിച്ചു. പിന്നാലെ ‘ആക്ഷൻ ഹീറോ ബിജു’ എന്ന സിനിമയിൽ ചെയ്ത വേഷം വൻ പ്രേക്ഷക പ്രീതി നേടി. മിനിട്ടുകൾ മാത്രമേ സുരാജിനെ സിനിമയിൽ കാണുന്നുള്ളൂ. എന്നാൽ ഈ കഥാപാത്രം പ്രേക്ഷകരുടെ മനസ്സിൽ ആഴത്തിൽ പതിഞ്ഞു.

തിരുവനന്തപുരം സംസാരശൈലിയിലൂടെയാണ് സുരാജ് ശ്രദ്ധ നേടിയത്. ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ’, ‘വികൃതി’ എന്നീ സിനിമകളിലും നടൻ തിളങ്ങി. ഒരു എഫ് എം നു നൽകിയ അഭിമുഖത്തിൽ തന്റെ സിനിമാ വിശേഷങ്ങൾ പങ്കുവെച്ചിരിക്കുകയാണ് സുരാജ്. കലാകാരനായതിനാൽ പലപ്പോഴും വ്യക്തിപരമായ സമയം ഇല്ലാതായിട്ടുണ്ടെന്ന് സുരാജ് പറയുന്നു. കുടുംബത്തിൽ മരണം നടന്നപ്പോൾ പോലും സ്റ്റേജ് ഷോ ചെയ്യേണ്ടി വന്നിട്ടുണ്ടെന്നും നടൻ തുറന്ന് പറഞ്ഞു.

‘എന്റെ അപ്പൂപ്പൻ മരിച്ച് കിടക്കുന്ന സമയത്തും ഞാൻ സ്റ്റേജ് ഷോ ചെയ്ത്കൊണ്ടിരിക്കുകയാണ്. പോയേ പറ്റൂ. അത് കലാകാരന്റെ ഉത്തരവാദിത്വമാണ്. അതുപോലെ അമ്മൂമ്മ മരിച്ച് കിടക്കുന്ന സമയത്തും. പോയില്ലെങ്കിൽ കൂടെയുള്ളവർക്ക് അടി കിട്ടും,’ സുരാജ് വെഞ്ഞാറമൂട് പറയുന്നു.

‘എന്റെ കാര്യങ്ങളെല്ലാം കൃത്യമായി അറിയാവുന്ന ഭാര്യയാണ് എനിക്ക്. ഞാനിപ്പോൾ ഭയങ്കരമായി മിസ് ചെയ്യുന്നത് ആദ്യത്തെ രണ്ട് കുഞ്ഞുങ്ങൾ ജനിച്ച സമയമാണ്. അന്നവിടെ നിൽക്കാൻ പറ്റിയില്ല. ആ​ഗ്രഹമുണ്ടായിരുന്നു. പക്ഷെ പറ്റിയില്ല. ഏകദേശം പത്ത് പതിനഞ്ച് ദിവസം കഴിഞ്ഞാണ് ഞാൻ എന്റെ കുഞ്ഞിനെ കാണുന്നത്. അന്നൊക്കെ കോമഡി ചെയ്യുകയാണ്. മൂന്നാമത് മകൾ ജനിച്ചപ്പോഴാണ് ഞാൻ ആസ്വദിച്ചത്’

സിനിമകളിൽ ചെറിയ വേഷങ്ങൾ ചെയ്ത കാലത്തെ അനുഭവങ്ങളും സുരാജ് പങ്കുവെക്കുന്നു. തുറുപ്പു​ഗുലാൻ എന്ന സിനിമയിൽ ഫെെറ്റർമാർ അടിച്ചത് മൂലം കൈക്ക് പരിക്ക് പറ്റി. ഹീറോയ്ക്കപ്പുറം ചെറിയ താരങ്ങളെയൊന്നും അവർ ​ഗൗനിക്കില്ല. ഡ്യൂപ്പൊന്നും ഉണ്ടാവില്ല. ചവിട്ടുന്ന സീനുണ്ട്. എനിക്ക് കൈ വയ്യെന്ന് പറഞ്ഞു. ഒന്നും പറ്റില്ലെന്ന് മറുപടി. പക്ഷെ ചവിട്ടിൽ കൈയൊക്കെ ഇടിച്ചു. അങ്ങനെ ഒരുപാട് സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. പക്ഷെ വേദനിച്ചാലും തനിക്ക് പകരം വേറെ നടനെ വെച്ചാലോ എന്ന് കരുതി പുറത്തേക്ക് ചിരിക്കുമായിരുന്നു. മായാവി എന്ന സിനിമയിൽ വെള്ളത്തിൽ ചാടുന്ന സീൻ ചെയ്യുമ്പോൾ നീന്തൽ അറിയില്ലായിരുന്നു. നീന്തൽ അറിയില്ലെന്ന് പറഞ്ഞാൽ അപ്പോൾ തന്നെ മാറ്റിയേനെയെന്നും സുരാജ് വെഞ്ഞാറമൂട് ഓർത്തു. മദനോത്സവമാണ് സുരാജിന്റെ അടുത്തിടെയിറങ്ങിയ സിനിമ.

‘ആദ്യത്തെ കുഞ്ഞുങ്ങളുടെ അടുത്ത് നിൽക്കാൻ പറ്റിയില്ല. അത് ഭയങ്കര വിഷമമായി. ഇപ്പോൾ കിട്ടുന്ന സമയമെല്ലാം അവരുടെ കൂടെ ചെലവഴിക്കാൻ ശ്രമിക്കാറുണ്ട്,’ സുരാജ് പറഞ്ഞു. സുപ്രിയ വെഞ്ഞാറമൂട് എന്നാണ് സുരാജിന്റെ ഭാര്യയുടെ പേര്. 2005 ലാണ് ഇരുവരും വിവാഹം കഴിക്കുന്നത്. മൂന്ന് കുട്ടികളും ഇവർക്ക് പിറന്നു. കാശിനാഥ്, വാസുദേവ് ഹൃദയ, എന്നിവരാണ് സുരാജിന്റെ മക്കൾ.

Rekha Krishnan :