കാലമെത്ര കഴിഞ്ഞാലും മലയാളികൾക്കു പ്രിയപ്പെട്ട, മനം നിറയ്ക്കുന്ന ചിരിയുമായെത്തുന്ന നടിയാണ് സുഹാസിനി. 1983 ൽ പത്മരാജൻ സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായ ‘കൂടെവിടെ’ എന്ന ചിത്രത്തിലൂടെയാണ് സുഹാസിനി മലയാളികളുടെ മനസ്സിൽ ഇടം പിടിക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക്, കന്നട ഭാഷകളിലായി നിരവധി സിനിമകളിൽ അഭിനയിച്ച സുഹാസിനി ഒട്ടേറെ പുരസ്കാരങ്ങളും നേടി.
ഇപ്പോൾ അധികം സിനിമകളിൽ കാണാറില്ലെങ്കിലും ഭർത്താവും പ്രശസ്ത സംവിധായകനുമായ മണിരത്നവും സഹോദരൻ ജി.ശ്രീനിവാസനും ചേർന്നു നടത്തുന്ന ‘മദ്രാസ് ടാക്കീസ്’ എന്ന കമ്പനിയിലൂടെ സിനിമ നിർമാണ രംഗത്തു സജീവമാണ് സുഹാസിനി. കൂടാതെ, സോഷ്യൽ മീഡിയയിലും ജീവിതത്തിലെ സുന്ദരനിമിഷങ്ങൾ പങ്കുവയ്ക്കാൻ സുഹാസിനി മറക്കാറില്ല.
എന്നാൽ ഇപ്പോഴിതാ താനൊരു അസുഖബാധിതയായിരുന്നു എന്നതിനെ കുറിച്ച് നടി വെളിപ്പെടുത്തിയ കാര്യങ്ങൾ കേട്ട് ഞെട്ടിയിരിക്കുകയാണ് ആരാധകർ. ചെറിയ പ്രായം മുതലേ താൻ ക്ഷയ രോഗബാധിതയായിരുന്നു എന്നാണ് സുഹാസിനി കഴിഞ്ഞ ദിവസം പറഞ്ഞത്. എന്നാൽ അതാരോടും പറയാൻ സാധിക്കാതെ പോവുകയായിരുന്നു എന്നാണ് നടി പറയുന്നത്. പിന്നാലെ നടിയുടെ ആരോഗ്യാവസ്ഥയെ കുറിച്ച് കഥകൾ പുറത്ത് വന്നു.
സുഹാസിനിയ്ക്ക് കേൾവി ശക്തി നഷ്ടപ്പെട്ടുവെന്നും അവരുടെ ശരീരഭാരം 35 കിലോ ആയെന്നുമൊക്കെയാണ് പ്രചരിപ്പിക്കപ്പെട്ടത്. എന്നാൽ ഇതിലെ സത്യാവസ്ഥയെ കുറിച്ചാണ് ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ച പോസ്റ്റിലൂടെ നടി സംസാരിച്ചിരിക്കുന്നത്. കഴിഞ്ഞ 25 വർഷമായി ക്ഷയരോഗ അവബോധം സൃഷ്ടിക്കുന്നതിൽ റീച്ചിനെ പിന്തുണയ്ക്കുന്നതിൽ എനിക്ക് സന്തോഷവും അഭിമാനവും ഉണ്ട്. ഇന്നലെ തമിഴ്നാട് സർക്കാരിനൊപ്പം ഒരു ബോധവൽക്കരണ പരിപാടിയിൽ ഞാനും പങ്കെടുത്തിരുന്നു.
എന്നെ റീച്ചിലേക്ക് പരിചയപ്പെടുത്തിയ ഡോ. നളിനിക്കും എന്റെ സുഹൃത്ത് ചിത്രയ്ക്കും നന്ദി. ഭാവിയിലും ഞാൻ റീച്ചിന്റെ ഭാഗമാകും. എന്നാൽ ആരാധകർ മാന്യമായി പെരുമാറണമെന്നും കിംവദന്തികൾ പ്രചരിപ്പിച്ച് ഈ ദൗത്യത്തിന്റെ ഉദ്ദേശ്യം തന്നെ നശിപ്പിക്കരുതെന്നും ഞാൻ അഭ്യർത്ഥിക്കുകയാണ്. എനിക്ക് ഇപ്പോൾ സുഖമില്ലെന്ന് കരുതിയാണ് ഫോൺ കോളുകളും മെസേജുകളുമൊക്കെ വരുന്നത്. അത് സത്യമല്ല. എനിക്ക് കേൾവി നഷ്ടപ്പെട്ടെന്ന തരത്തിൽ കിംവദന്തി പ്രചരിപ്പിക്കുന്നവരുടെ ശബ്ദത്തെ ഫിൽട്ടർ ചെയ്യാൻ കഴിയുമായിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു.
പിന്നെ എനിക്ക് 35 കിലോ ഭാരമാണ് ഉള്ളതെന്നും പറയുന്നു. ദയവായി പരിഹാസങ്ങൾക്ക് വഴിയൊരുക്കരുത്. അതൊരിക്കലും മുതിർന്നവരുടെ ഭാരമല്ല. എന്റെ ശരീരഭാരം ഏകദേശം 75 കിലോയാണ്. അതിലും അസംബന്ധം പറയുന്നു. ഇതേ ആളുകൾ എന്തിനാണ് എനിക്ക് പൊണ്ണത്തടിയുണ്ടെന്ന് പറയുന്നത്. മുകളിൽ പറഞ്ഞതെല്ലാം സത്യമല്ല. ഒരേയൊരു സത്യം, റീച്ചിനെയും തമിഴ്‌നാട് സർക്കാരിനെയും അവരുടെ ടിബി ബോധവൽക്കരണ കാമ്പെയ്നെയും ഞാൻ പിന്തുണയ്ക്കുന്നു എന്നതാണെന്നും പറഞ്ഞാണ് സുഹാസിനി എഴുത്ത് അവസാനിപ്പിക്കുന്നത്.
തനിക്ക് 6 വയസ്സ് മുതൽ ക്ഷയരോഗമുണ്ടെന്നാണ് കഴിഞ്ഞ ദിവസം നടി പറഞ്ഞത്. അത് കണ്ടെത്തിയ ഉടനെ ചികിത്സിക്കുകയും ചെറുപ്പത്തിൽ തന്നെ സുഖം പ്രാപിക്കുകയും ചെയ്തു. ഇതോടെ പ്രശ്‌നം തീർന്നെന്ന് കരുതിയെങ്കിലും 36 വയസ്സുള്ളപ്പോൾ വീണ്ടും ക്ഷയരോഗം പിടിപെട്ടു. ഈ സമയത്ത് ശരീരഭാരം വർദ്ധിച്ചു. ഇടയ്ക്ക് ശരിയായ രീതിയിൽ കേൾക്കാൻ സാധിക്കാതെ കേൾവി ശക്തിയെയും ബാധിച്ചു. ഏകദേശം 6 മാസത്തെ ചികിത്സയ്ക്ക് ശേഷം താൻ വീണ്ടും ആ രോഗത്തിന്റെ ലക്ഷണങ്ങളിൽ നിന്നും പുറത്തു വന്നു.
അന്നൊക്കെ ഈ അസുഖത്തെ കുറിച്ച് സംസാരിക്കുന്നത് അപകീർത്തികരമാണെന്നും നാണക്കേടാണെന്നുമൊക്കെ ഞാൻ കരുതി. അതുകൊണ്ടാണ് ഇത് രഹസ്യമാക്കി വെച്ചതും തുറന്ന് പറയാതിരുന്നതും. എന്നിലിപ്പോൾ ഞാനിത് പറയുന്നത് സമൂഹത്തെ അറിയിക്കാനാണെന്നാണ് ക്ഷയരോഗ ബോധവത്കരണ പരിപാടിയിൽ വെച്ച് നടി പറഞ്ഞത്. ഇതാണ് വളച്ചൊടിച്ച് നടിയുടെ കേൾവി ശക്തി നഷ്ടപ്പെട്ടുവെന്ന തരത്തിലേക്ക് വ്യാഖ്യാനിക്കപ്പെട്ടത്.
തമിഴിലെ പ്രമുഖ നടൻ ചാരുഹാസന്റെ മകളാണ് സുഹാസിനി. കമൽ ഹാസന്റെ സഹോദരപുത്രിയുമാണ്. അങ്ങനെ സിനിമാ കുടുംബത്തിൽ ജനിച്ച് അഭിനയത്തിൽ ചുവടുറപ്പിച്ച നടി തെന്നിന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും സജീവമായിരുന്നു. മലയാളത്തിൽ മമ്മൂട്ടിയടക്കമുള്ള താരങ്ങളുടെ നായികയായപ്പോൾ തമിഴിൽ സത്യരാജ്, രജനികാന്ത് തുടങ്ങി നിരവധി സൂപ്പർതാരങ്ങളുടെയും നായികയായി. പിന്നീടാണ് സംവിധായകൻ മണിരത്‌നവുമായി ഇഷ്ടത്തിലാവുന്നതും വിവാഹം കഴിക്കുന്നതും.
അടുത്തിടെ നടി ഒരു അഭിമുഖത്തിൽ പറഞ്ഞ വാക്കുകളും വൈറലായിരുന്നു. ഞാൻ തെലുങ്ക്, തമിഴ്, കന്നഡ സിനിമകളിൽ അഭിനിയിക്കുമ്പോൾ അണിയറക്കാരൊക്കെ പുതിയ ആളുകളാണ്. അവർക്ക് ഞാൻ എന്ത് ചെയ്താലും ‘ഓകെ മേഡം, വെരിഗുഡ് മേഡം’ എന്നേ തോന്നുകയുള്ളൂ. ‘ഒന്നു കൂടി എടുക്കണോ?’ എന്നു ചോദിച്ചാൽ ‘വേണ്ട, ഇതു മതി’ എന്നേ പറയൂ. പക്ഷേ ഈ വെബ് സീരിസിന്റെ സംവിധായകൻ ശ്രീകാന്ത് അങ്ങനെയല്ല. ഞാൻ എന്തു ചെയ്താലും ‘അങ്ങനെയല്ല മേഡം നമുക്ക് ഒന്നുകൂടി എടുക്കാം’ എന്നാണ് പറയാറുള്ളത്. അതുകൊണ്ട് തന്നെ ഇതൊരു പഠനം കൂടിയായിരുന്നു എനിക്ക്.
പിന്നെ എന്റെ അഭിനയപാടവം കൊണ്ടുന്നുമല്ല പുതിയ അഭിനയ സാധ്യതകൾ കിട്ടുന്നത് എന്ന് എനിക്ക് തോന്നാറുണ്ട്. എന്നെപ്പോലുള്ള ആളുകളെ ക്ഷണിക്കുമ്പോൾ അവർക്കും മെച്ചമുണ്ട്. വളരെ സമയമെടുത്ത് കഥാപാത്രത്തെ മനസിലാക്കിക്കേണ്ടുന്ന സന്ദർഭങ്ങളിൽ എന്നെപ്പോലെയുള്ളവർ മുൻപ് ചെയ്ത കഥാപാത്രങ്ങളെല്ലാം പ്രേക്ഷകരുടെ മനസിലേക്ക് കടന്നുവരുമല്ലോ. അങ്ങനെ സുഹാസിനിയെ വച്ചാൽ ഒരു ഇരുപതു ശതമാനം ‘ക്യാരക്ടർ ഡെഫിനിഷൻ’ എളുപ്പമാകും. അത് ഞാൻ മനസിലാക്കുന്നുണ്ട്.
അഭിനയിക്കുമ്പോൾ നമ്മൾ ഇത്ര കാലമായി നടി ആണോ എന്നതോ, താരമായിരുന്നു എന്നതോ ഫലത്തിൽ ഇല്ല. താരമായതു കൊണ്ട് വ്യത്യസ്തമായി ഭക്ഷണം കഴിക്കാൻ പറ്റില്ലല്ലോ. സാധാരണക്കാരുടേതു പോലെ തന്നെയല്ലേ താരങ്ങൾക്കും വിശപ്പും ദാഹവും. അതുപോലെ തന്നെയാണ് അഭിനയവും. അതൊരു ജോലിയാണ്.
ക്യാമറ സ്റ്റാർട്ട് എന്നു പറഞ്ഞാൽ മനുഷ്യനാണ് ആക്ട് ചെയ്യുന്നത് താരമല്ല. സ്റ്റാർട്ട് ആൻഡ് കട്ട് ഇതിനിടയിലുള്ള അവസ്ഥയെ ‘മരണാവസ്ഥ’ എന്നു ഞാൻ പറയും. തമിഴിൽ അങ്ങനെയാണ് പറയുന്നത്. പകുതിക്കു വച്ച് കട്ട് എന്നു പറഞ്ഞാൽ അത് ആ കഥാപാത്രത്തിന്റെ താത്കാലികമായ മരണം ആണല്ലോയെന്നാണ് സുഹാസിനി പറയുന്നത്.
മാത്രമല്ല, തൊഴിൽ മേഖലയും കാലഘട്ടവും എത്രതന്നെ പുതിയതോ പഴയതോ ആയാലും പലപ്പോഴും സ്ത്രീകൾക്കാണ് താരതമ്യേന കൂടുതൽ ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടി വരുന്നത്. പലപ്പോഴും മറുത്തുപറയാനാവാതെ കുഴങ്ങിപ്പോകുന്ന അവസ്ഥയുമുണ്ടാകാറുണ്ട്. സ്ത്രീകൾ ഒരുമിച്ചു നിൽക്കണമെന്നും കാലങ്ങളായി നമ്മൾ കഷ്ടപ്പെടുകയാണെന്നും സുഹാസിനി പറഞ്ഞിരുന്നു. മറ്റുള്ളവരിൽനിന്നും ബഹുമാനം കിട്ടിയാലേ താൻ അഭിനയിക്കുള്ളു എന്നാണ് സുഹാസിനി പറയുന്നത്.
ചെറിയ വസ്ത്രം ധരിക്കുന്നതോ ബിക്കിനി ധരിക്കുന്നതോ ഒന്നുമല്ല പ്രശ്നം. പണത്തെക്കാൾ ബഹുമാനമാണ് വേണ്ടത്. സിനിമകളിൽ ചില രംഗങ്ങൾ ചെയ്യാൻ വിസമ്മതിച്ചിട്ടുണ്ടെന്നും അപ്പോഴെല്ലാം കൂടെ ആരെങ്കിലും തന്നെ സപ്പോർട്ട് ചെയ്യാൻ ഉണ്ടെന്ന് ഉറപ്പുവരുത്തുമായിരുന്നെന്നും സുഹാസിനി പറയുന്നു. ‘ഈ പോരാട്ടങ്ങളൊന്നും ഒറ്റയ്ക്കു ജയിക്കാനാവുന്നതായിരുന്നില്ല. പണ്ട് സിനിമാമേഖലയിൽ സ്ത്രീയായാലും പുരുഷനായാലും സംവിധായകൻ പറയുന്ന രീതിയിൽ അഭിനയിക്കുക എന്നല്ലാതെ എതിർക്കാൻ അനുവാദമുണ്ടായിരുന്നില്ല. ചില സീനുകൾ ചെയ്യാൻ സ്ത്രീകൾക്കു മാത്രമല്ല പുരുഷന്മാർക്കും ബുദ്ധിമുട്ടുണ്ടാകാറുണ്ട്’.
‘ഒരു സീനീൽ നായകന്റെ മടിയിലിരിക്കണമെന്നു പറഞ്ഞു. ഞാൻ പറ്റില്ലെന്നു പറഞ്ഞു. 1981 കാലഘട്ടത്തിൽ ഇന്ത്യയിലെ ഒരു പാർക്കിൽ അങ്ങനെ ഒരു സ്ത്രീയും പുരുഷന്റെ മടിയിലിരിക്കില്ല. നായകൻ കഴിച്ചതിന്റെ ബാക്കി ഐസ്ക്രീം കഴിക്കുന്ന രംഗമുണ്ടായിരുന്നു. അപ്പോഴും എനിക്ക് ഓക്കെ ആയിരുന്നില്ല. മറ്റൊരു ഐസ്ക്രീം കൊണ്ടു വരാനാണ് ഞാൻ ആവശ്യപ്പെട്ടത്. അങ്ങനെ നിരസിക്കാൻ നമുക്ക് പറ്റില്ലെന്നാണ് ഈ പ്രശ്നം കണ്ട് അമ്പരന്നു നിന്ന ഡാൻസ് മാസ്റ്റർ അന്ന് എന്നോട് പറഞ്ഞത്. തീർച്ചയായും നോ പറയാമെന്നു ഞാനും പറഞ്ഞു. എച്ചിൽ ഞാൻ തൊടില്ലന്ന് പറഞ്ഞു.
1961 ആഗസ്റ്റ് 15ന് ചെന്നൈ പരമകുടിയിൽ ആണ് സുഹാസിനിയുടെ ജനനം. പരമകുടി മുനിസിപ്പൽ എലെമെൻ്ററി സ്കൂളിൽ നിന്നും വിദ്യാഭ്യാസം പൂർത്തിയാക്കി ചെന്നൈയിൽ മുത്തശ്ശിയോടും ചെറിയഛൻ കമലഹാസനോടുമൊപ്പം താമസമാരംഭിച്ചു. അവിടെ എം ജി ആർ ഗവണ്മെൻ്റ് ഫിലിം ആൻ്റ് ടെലിവിഷൻ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഛായാഗ്രഹണം പഠിക്കാൻ ചേർന്നു. പിന്നീട് അശോക് കുമാറിനോടൊപ്പം ക്യാമറ അസ്സിസ്റ്റൻ്റ് ആയി പ്രവർത്തിച്ചു.
മദ്രാസ് ഫിംലിം ഇൻസ്റ്റിറ്റൂട്ടിൽ നിന്നും ഛായാഗ്രഹണത്തിൽ ബിരുദം നേടിയ ആദ്യ വനിതയാണു സുഹാസിനി. മേക്കപ്പ് ആർട്ടിസ്റ്റ് ആയി പ്രവർത്തിച്ചുകൊണ്ടിരിക്കവേയാണു സിനിമാഭിനയത്തിലേയ്ക്ക് ചുവടു വയ്ക്കുന്നത്. 1980ൽ പുറത്തിറങ്ങിയ നെഞ്ജത്തെ കിള്ളാതെ എന്ന സിനിമയിലൂടെ അഭിനയരംഗത്തെത്തിയ സുഹാസിനി, ആദ്യ ചിത്രത്തിലൂടെ തന്നെ മികച്ച നടിക്കുള്ള തമിഴ്നാട് സംസ്ഥാന അവാർഡ് കരസ്ഥമാക്കി.
1983ൽ പത്മരാജൻ്റെ കൂടെവിടെയിലൂടെ മലയാളത്തിലെത്തി. തെലുങ്കിലാണ് ഏറ്റവും കൂടുതൽ സിനിമകളിൽ അഭിനയിച്ചിട്ടുള്ളത്. മലയാളം, തെലുങ്ക്, തമിഴ്, കന്നഡ തുടങ്ങിയ ഭാഷകളിലായി നിരവധി സിനിമകളിൽ അഭിനയിച്ച സുഹാസിനി ഒട്ടേറെ പുരസ്കാരങ്ങളും നേടിയിട്ടുണ്ട്. സിന്ധുഭൈരവി എന്ന തമിഴ് ചിത്രത്തിലെ അഭിനയത്തിന് 1986ൽ മികച്ച നടിക്കുള്ള ദേശീയ അവാർഡ് നേടി. രണ്ട് തവണ മികച്ച നടിക്കുള്ള കേരള സംസ്ഥാന അവാർഡ് നേടിയിട്ടുണ്ട്. 1995ൽ ഇന്ദിര എന്ന തമിഴ് ചിത്രം എഴുതി സംവിധാനവും ചെയ്തിട്ടുണ്ട്.