ഒരു ബന്ധുവില്‍ നിന്നു ചൂഷണം നേരിട്ടു, അയാള്‍ക്ക് മകള്‍ ജനിച്ചപ്പോള്‍ എന്നോട് മാപ്പ് പറഞ്ഞു!; വെളിപ്പെടുത്തലുമായി ശ്രുതി രജനികാന്ത്

ചക്കപ്പഴം എന്ന പരമ്പരയിലൂടെ ജനശ്രദ്ധ നേടിയ നടിയാണ് ശ്രുതി രജനികാന്ത്. ടെലിവിഷന്‍ പ്രേക്ഷകര്‍ക്കിടയില്‍ വലിയ സ്വീകാര്യതയാണ് ഈ പരമ്പര ശ്രുതിക്ക് നല്‍കിയത്. സിനിമാ രംഗത്തും നടി ഇന്ന് സാന്നിധ്യം അറിയിക്കുന്നുണ്ട്. അടുത്തിടെ പുറത്തിറങ്ങിയ ക്യൂന്‍ എലിസബത്ത് എന്ന സിനിമയില്‍ മികച്ച വേഷമാണ് നടിക്ക് ലഭിച്ചത്. ശ്രുതിയുടെ മിക്ക അഭിമുഖങ്ങളും ജനശ്രദ്ധ നേടാറുണ്ട്.

ഇപ്പോഴിതാ തനിക്കുണ്ടായ വിഷാദ രോഗത്തിനു കാരണം പ്രണയനൈരാശ്യമല്ല, ചൈല്‍ഹുഡ് ട്രോമകളാണെന്നു വെളിപ്പെടുത്തി എത്തിയിരിക്കുകയാണ് ശ്രുതി രജനികാന്ത്. ഒരു ബന്ധുവില്‍ നിന്നു ചൂഷണം നേരിട്ടുവെന്ന് ശ്രുതി പറയുന്നു. ‘എനിക്ക് ചൈല്‍ഡ്ഹുഡ് ട്രോമകളുണ്ട്. ചൈല്‍ഡ് അബ്യൂസ് നേരിടേണ്ടി വന്നിട്ടുണ്ട്. ഞാനിത് എവിടേയും പറഞ്ഞിട്ടില്ല. എനിക്ക് പറയാന്‍ ബുദ്ധിമുട്ടുള്ളതു കൊണ്ടല്ല. ഇത് കാണുന്നവരില്‍ എന്നെ ഇഷ്ടപ്പെടുന്ന ഒരുപാട് പേരുണ്ട്. അവരില്‍ ചിലര്‍ക്ക് ഇത് അറിയാം.’എന്നും ശ്രുതി പറയുന്നു. ഒരു യൂട്യൂബ് ചാനലിനു നല്‍കിയ അഭിമുഖത്തിലായിരുന്നു നടിയുടെ വെളിപ്പെടുത്തല്‍.

”പ്രേമനൈരാശ്യമല്ല എന്റെ നിരാശയുടെ കാരണം. ഇതിനെക്കുറിച്ച് വീണ്ടും സംസാരിക്കുകയേ ചെയ്യരുത് എന്നാണ് സുഹൃത്തുക്കളൊക്കെ എന്നോടു പറഞ്ഞത്. അതൊരു ഡാര്‍ക്ക് സൈഡാണ്. ഇക്കാര്യം വീട്ടില്‍ അറിയില്ല. ഞാന്‍ പറഞ്ഞിട്ടില്ല. അതൊക്കെ ഞാന്‍ തന്നെ ഹാന്‍ഡില്‍ ചെയ്യുകയായിരുന്നു. അഞ്ചാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ഉപദ്രവിക്കാന്‍ വന്ന ആളെ ഞാന്‍ തന്നെ തല്ലിയിട്ടുണ്ട്. കുട്ടിക്കാലത്തേ ഇത്തരം സംഭവങ്ങള്‍ നടന്നതിനാല്‍ അത് നമ്മളെ പിന്നീടെല്ലാം വേട്ടയാടിക്കൊണ്ടിരിക്കും. പുറകില്‍ പെട്ടന്നൊരാള്‍ വന്നു നിന്നാല്‍ത്തന്നെ ശരീരം പ്രതികരിക്കും.

എന്റെ സുഹൃത്തുക്കളോടു ഞാന്‍ പറഞ്ഞിട്ടുണ്ട് എന്നെ പുറകില്‍ വന്നു പ്രാങ്ക് ചെയ്യരുതെന്ന്. കാരണം എന്റെ ആദ്യ പ്രതികരണം അടി ആയിരിക്കും. അന്നുതൊട്ട് എന്റെ ഇമോഷന്‍ ബാലന്‍സ് ചെയ്തുകൊണ്ടാണ് പോകുന്നത്. പക്ഷേ അന്നത് സംഭവിച്ചപ്പോള്‍ ഞാന്‍ നിശ്ശബ്ദയായില്ല, പ്രതികരിച്ചു ബഹളം വച്ചു. കുട്ടികളും പേടിക്കരുത്, പ്രതികരിക്കണം. കൂടി വന്നാല്‍ എന്തുചെയ്യും കൊല്ലുമായിരിക്കും. ആത്മാഭിമാനം നഷ്ടപ്പെടുന്നതിലും ഭേദം കൊല്ലുന്നതാണ്.

കൊല്ലുന്നെങ്കില്‍ കൊല്ലട്ടെ എന്ന് കരുതി പ്രതികരിക്കണം. നമുക്ക് ആ ശക്തിയുണ്ട്. ഏത് പ്രായത്തിലാണെങ്കിലും. ഞാനത് അനുഭവിച്ചിട്ടുള്ളതാണ്. എന്നെ അബ്യൂസ് ചെയ്തയാള്‍ക്ക് പെണ്‍കുട്ടിയാണ്. ആ കുട്ടിയെ പ്രസവിക്കുകയും പെണ്‍കുട്ടിയാണെന്ന് തിരിച്ചറിയുകയും ചെയ്തപ്പോള്‍ ”അയാം സോറി” എന്ന് പറഞ്ഞ് എനിക്ക് അയാള്‍ മെസേജ് അയച്ചു. ”ടേക്ക് കെയര്‍, ഓള്‍ ദ ബെസ്റ്റ്” എന്ന് ഞാന്‍ മറുപടി നല്‍കി. എന്റെ കസിന്‍സില്‍ ഒരാളാണ് അത് എന്നും ശ്രുതി പറഞ്ഞു. വേണമെങ്കില്‍ അയാളെ തുറന്നു കാണിക്കാം. നമുക്ക് പല രീതിയില്‍ ഇക്കാര്യത്തില്‍ പ്രതികരിക്കാം. ഇപ്പോള്‍ അയാള്‍ക്ക് എന്റെ നിഴല് കാണുമ്പോള്‍ തന്നെ പേടിയാണ്. ആ ചെറിയ പ്രായത്തിലും എന്നെ പേടിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്.

ഞാനത് പറയുമോ എന്ന പേടി കാരണം എന്റെയോ എന്റെ അനിയത്തിമാരുടെയോ അടുത്ത് വരില്ല. അത്യാവശ്യമുള്ളവര്‍ക്കൊരു മുന്നറിയിപ്പും കൊടുത്തിട്ടുണ്ട്. അയാള്‍ക്ക് പെണ്‍കുട്ടിയാണ്. ഒരു ദിവസം പോലും സമാധാനത്തോടെ കിടന്നുറങ്ങാന്‍ പറ്റില്ല. എന്റെ മോളോട് ആരെങ്കിലും ഇങ്ങനെ ചെയ്യുന്നുണ്ടാകുമോ എന്ന് ചിന്തിക്കുന്നുണ്ടാകും. ആ ചിന്ത അയാളെ എന്നും വേട്ടയാടും.”എന്നും ശ്രുതി കൂട്ടിച്ചേര്‍ത്തു.

അതേസമയം, താന്‍ വിഷാദ രോഗം നേരിട്ട ഘട്ടത്തെക്കുറിച്ചും മുമ്പ് ശ്രുതി തുറന്ന് സംസാരിച്ചിരുന്നു. അഭിനയ രംഗത്ത് ഇത്തരമൊരു പ്രശ്‌നമവുമായി അതിജീവിക്കുകയെന്നത് വളരെ ബുദ്ധിമുട്ടാണെന്ന് ശ്രുതി പറയുന്നു. ആരും കാര്യമാക്കില്ല. നമ്മളില്ലെങ്കില്‍ പകരം മറ്റൊരാള്‍ വരും. നമ്മുടെ വിഷമങ്ങള്‍ ഉള്ളിലൊതുക്കണം. പക്ഷെ ഞാന്‍ വളരെ മോശം സാഹചര്യത്തിലായിരുന്നു. ഞാന്‍ എന്നെ സ്വയം താഴ്ത്തിക്കെട്ടാന്‍ തുടങ്ങി.

രാവിലെ ഷൂട്ടിന് പോയി വൈകുന്നേരം തിരിച്ച് ഫ്‌ലാറ്റില്‍ വരുമ്പോള്‍ ഒറ്റയ്ക്കായിരിക്കും. വീട്ടില്‍ പോയാല്‍ അവിടെ എന്തെങ്കിലും പറഞ്ഞാല്‍ അതിനേക്കാള്‍ ഭ്രാന്താകും. വെളുപ്പിന് മൂന്ന് വരെ ഉറങ്ങാതിരിക്കുമായിരുന്നെന്നും ശ്രുതി തുറന്ന് പറഞ്ഞു. തന്റെ മരണത്തെക്കുറിച്ച് പോലും ചിന്തിച്ചിരുന്നു. വരുന്നിടത്ത് വെച്ച് കാണാമെന്ന് തീരുമാനിച്ചു. യാത്രകളാണ് തനിക്ക് ഉപകരിച്ചതെന്നും ശ്രുതി രജനികാന്ത് വ്യക്തമാക്കി.

Vijayasree Vijayasree :