തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള നടിയാണ് ശ്രീനിധി ഷെട്ടി. കെജിഎഫ് എന്ന ചിത്രത്തിലൂടെയാണ് താരം ശ്രദ്ധ നേടിയത്. ഇപ്പോഴിതാ മഹാകുംഭമേളയിൽ പങ്കെടുത്തിരിക്കുകയാണ് നടി. ത്തർപ്രദേശിലെ പ്രയാഗ് രാജിലെ കുംഭമേളയിൽ പങ്കെടുക്കുക എന്നത് ഏറെ നാളായുള്ള ആഗ്രഹമായിരുന്നു എന്നും, വലിയ തയാറെടുപ്പുകളില്ലാതെ എത്തിച്ചേർന്നതിൽ സന്തോഷമുണ്ടെന്നും ശ്രീനിധി പറഞ്ഞു.
പ്രയാഗ്‌രാജിൽ നിന്നുള്ള ചിത്രങ്ങളും ത്രിവേണിസംഗമത്തിലെ പുണ്യസ്‌നാനത്തിന്റെ വിഡിയോയും താരം പങ്കുവെച്ചിട്ടുണ്ട്. പ്രയാഗ് എന്നെ വിളിക്കുന്നത് പോലെയൊരു തോന്നൽ എനിക്കുണ്ടായി. മഹാകുംഭമേളയ്ക്ക് പങ്കെടുക്കാനുള്ള യാതൊരു പ്ലാനും തുടക്കത്തിൽ എനിക്കുണ്ടായിരുന്നില്ല. ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക് ജോലിയുടെ തിരക്കായിരുന്നു.
പിന്നെ ഓരോന്ന് ഓരോന്നായി സംഭവിച്ചു. ഞാൻ എന്റെ വിമാന ടിക്കറ്റ് ബുക്ക് ചെയ്തു, താമസം, ഒരു ബാക്ക്പാക്ക് എന്നിവ വാങ്ങി, ഇതാ ഇപ്പോൾ ദശലക്ഷക്കണക്കിന് ആളുകൾക്കിടയിൽ വഴികൾ തിരയുന്നു. എന്റെ അവസാന നിമിഷത്തെ പ്ലാനിങ്ങുകളിലേക്ക് അച്ഛനാണ് ഏറ്റവും സന്തോഷത്തോടെ എത്താറുള്ളത്. ഇതിലും ചോദ്യങ്ങളൊന്നുമില്ലാതെ അച്ഛനെത്തി. ജീവിതകാലത്തേക്ക് മുഴുവനുമുള്ള ഓർമയാണിത് എന്നും നടി പറഞ്ഞു.
മോഡലിംഗിൽ നിന്നുമാണ് ശ്രീനിധി സിനിമയിലേയ്ക്ക് എത്തിയത്. കെജിഎഫ് എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. ഇപ്പോൾ രണ്ട് തെലുക്ക് ചിത്രങ്ങളുടെ ഷൂട്ടിങ് തിരക്കുകൾക്കിടയിലാണ് ശ്രീനിധി അച്ഛനൊപ്പം പ്രയാഗ്‌രാജിലെത്തിയത്. സോഷ്യൽ മീഡിയയിലും വളരെ സജീവമാണ് നടി.