രോഗബാധിതനായി കുറച്ചു നാൾ സിനിമയിൽ നിന്നെല്ലാം വിട്ടു നിന്ന ശ്രീനിവാസൻ ഇപ്പോൾ വീണ്ടും സിനിമയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. മകൻ വിനീത് ശ്രീനിവാസനൊപ്പം കുറുക്കൻ എന്ന സിനിമയിലാണ് ശ്രീനിവാസൻ അഭിനയിക്കുന്നത്.
രാഷ്ട്രീയക്കാർക്കെതിരെ തുറന്നടിച്ചിരിക്കുകയാണ് നടൻ . നരകത്തിലാണ് നമ്മൾ ജീവിക്കുന്നതെന്നും രാഷ്ട്രീയത്തിലെ പെരുങ്കള്ളൻമാർക്ക് അവർ ചത്ത് കുഴിയിലേക്ക് പോകുന്നത് വരെ അഴിമതി ചെയ്യാനുള്ള സംവിധാനമാണ് ഇന്നത്തെ ജനാധിപത്യമെന്നും ശ്രീനിവാസൻ പറയുന്നു. ‘ലവ്ഫുള്ളി യുവേഴ്സ് വേദ’ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിലായിരുന്നു ശ്രീനിവാസന്റെ വിമർശനം. സോക്രട്ടീസ് ഇന്ന് ജീവിച്ചിരുന്നെങ്കിൽ ഡെമോക്രസി കണ്ടുപിടിച്ചവനെ തൂക്കിക്കൊന്നിട്ട് അയാൾ ആത്മഹത്യ ചെയ്തേനെ എന്നും ശ്രീനിവാസൻ കൂട്ടിച്ചേർത്തു.
അദ്ദേഹത്തിന്റെ വാക്കുകളിങ്ങനെ..
‘‘ഇവിടെ പറയേണ്ട കാര്യമാണോ എന്ന് അറിയില്ല എങ്കിലും മനസ്സിൽ വീർപ്പുമുട്ടി കിടക്കുന്ന കുറച്ചു കാര്യങ്ങൾ ഒരു മൈക് കിട്ടിയപ്പോൾ പറയാൻ ആഗ്രഹം തോന്നി. പ്രധാനമായിട്ട് നമ്മൾ ജീവിക്കുന്ന ചുറ്റുപാടിനെക്കുറിച്ചാണ്. ഒരു നരകത്തിലാണ് നമ്മൾ ജീവിക്കുന്നത്. ഡെമോക്രസി ആണ് എന്നൊക്കെയാണ് പറയുന്നത്, ജനാധിപത്യം. അതായത് 1500 വർഷങ്ങൾക്ക് മുൻപ് ഗ്രീസിലാണത്രെ ആദ്യം ജനാധിപത്യത്തിന്റെ ഒരു മോഡൽ ഉണ്ടായത്. അന്ന് തത്വചിന്തകനായ സോക്രടീസ് അദ്ദേഹത്തിന്റെ അനുഭവത്തിൽ നിന്ന് പറഞ്ഞത് കഴിവുള്ളവരെയാണ് ഭരിക്കാൻ വേണ്ടി ജനങ്ങൾ തിരഞ്ഞെടുക്കുന്നത് എന്നാണ്. ഈ കഴിവുള്ളവരെ തിരഞ്ഞെടുക്കാനുള്ള കഴിവ് വോട്ട് ചെയ്യുന്നവർക്ക് ഉണ്ടാകണം അതാണ് നമ്മുടെ ജനാധിപത്യത്തിന്റെ പ്രശ്നം എന്ന് അന്നത്തെക്കാലത്ത് അദ്ദേഹം പറഞ്ഞു.ഇന്ന് അദ്ദേഹം ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ ഡെമോക്രസി കണ്ടുപിടിച്ചവനെ തൂക്കിക്കൊന്നിട്ട് അയാൾ ആത്മഹത്യാ ചെയ്യുമായിരുന്നു കാരണം രാഷ്ട്രീയത്തിലെ പേരും കള്ളന്മാർക്ക് അവർ ചത്ത് കുഴിയിലേക്ക് പോകുന്നതുവരെ അഴിമതി ചെയ്യാനുള്ള സംവിധാനമാണ് ഇന്നത്തെ ജനാധിപത്യം എന്ന് പറയുന്നത്.
ഇന്ത്യയിലെ ഏറ്റവും വലിയ കള്ളന്മാരെ ഒരു ചുക്കും ചെയ്യാൻ പറ്റാത്ത വ്യവസ്ഥിതിയാണ് ഇവിടെ. ഞാനിതിനെ ജനാധിപത്യം എന്നല്ല പറയുക മറിച്ച് തെമ്മാടിപത്യം എന്നാണ്. വളരെ ദയനീയമായ ഒരു ചുറ്റുപാടിലാണ് നമ്മൾ ജീവിക്കുന്നത്. ഒരു കഴിവുമില്ലാത്ത കള്ളന്മാരായ ആൾക്കാർ രാഷ്ട്രീയത്തിൽ ഇങ്ങനെ വന്നുകൊണ്ടേയിരുന്നു. അവർ കട്ട് മുടിച്ച് നമ്മളെയും നാടിനെയും നശിപ്പിക്കും. ഈ ദുരിതം എന്നെങ്കിലും മാറുമോ എന്ന ആഗ്രഹത്തോടുകൂടി കഴിയാം എന്നല്ലാതെ ഒരു പ്രതീക്ഷയും നമുക്കില്ല. ഏതെങ്കിലും രാഷ്ട്രീയപ്പാർട്ടിയെ പ്രത്യേകമായി എടുത്തു പറയുകയല്ല എല്ലാ രാഷ്ട്രീയപാർട്ടികളും കണക്കാണ്.’’–ശ്രീനിവാസൻ പറഞ്ഞു.