ബൈക്ക് യാത്രികനെ ഇടിച്ചിട്ട് നിർത്താതെ പോയ സംഭവത്തിൽ നടൻ ശ്രീനാഥ് ഭാസിയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്ത് ആർടിഒ. റോഡ് സുരക്ഷാ ക്ലാസിലും പങ്കെടുക്കണം. എറണാകുളം ആർടിഒ ആണ് നടന്റെ ലൈസൻസ് സസ്‌പെൻഡ് ചെയ്തിരിക്കുന്നത്. ഒരുമാസത്തേയ്ക്ക് ആണ് സസ്പെൻഷൻ.
കഴിഞ്ഞ ദിവസം, സംഭവത്തിൽ പൊലീസ് ശ്രീനാഥ് ഭാസിയെ അറസ്റ്റ് ചെയ്ത് വിട്ടയച്ചിരുന്നു. ബൈക്ക് യാത്രികരുടെ പരാതിയിൽ കൊച്ചി സെൻട്രൽ പൊലീസ് ആണ് ശ്രീനാഥ് ഭാസിയെ അറസ്റ്റ് ചെയ്ത് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചത്. ഒക്ടോബർ 8 നായിരുന്നു സംഭവം. കൊച്ചി കോർപ്പറേഷൻ കാര്യാലയത്തിന് മുന്നിൽ വച്ച് രാത്രിയാണ് അപകടം നടന്നത്.
അപകടത്തിൽ മട്ടാഞ്ചേരി സ്വദേശികളായ മുഹമ്മദ് ഫഹിം സഹോദരൻ യാസിർ എന്നിവർക്ക് പരിക്കേറ്റിരുന്നു. ബൈക്കിലിടിച്ചത് മറ്റൊരു വാഹനത്തെ ഓവർടേക്ക് ചെയ്യുമ്പോഴാണെന്നും ബൈക്ക് യാത്രക്കാരന് പരിക്കേറ്റ കാര്യം അറിഞ്ഞില്ലെന്നും നടൻ പൊലീസിനോട് പറഞ്ഞു. എന്നാൽ ശ്രീനാഥ് ഭാസിയുടെ വാഹനം തെറ്റായ ദിശയിൽ വന്നതാണ് അപകടത്തിന് കാരണമെന്നാണ് അപകടത്തിൽപെട്ട യുവാക്കൾ പറയുന്നത്.
വാഹനം അമിത വേഗതയിലായിരുന്നുവെന്നും പരാതിയിൽ പറയുന്നു. പൊലീസ് നടത്തിയ പരിശോധനയിൽ ശ്രീനാഥ് ഭാസിയാണ് വാഹനം ഓടിച്ചിരുന്നതെന്ന് വ്യക്തമായി. ഇതോടെയാണ് ആർടിഒ നടന്റെ ലൈസൻസ് സസ്‌പെൻഡ് ചെയ്യുന്ന നടപടിയിലേക്ക് കടന്നത്. നേരത്തെ ഓം പ്രകാശുമായി ബന്ധപ്പെട്ട ലഹരിക്കേസിലും നടന്റെ അറസ്റ്റ് ഉണ്ടായേക്കുമെന്ന് വിവരമുണ്ടായിരുന്നു.
കേസിൽ ശ്രീനാഥ് ഭാസിയെയും നടിയായ പ്രയാഗ് മാർട്ടിനെയും പോലീസ് ചോദ്യം ചെയ്‌തിരുന്നു. ഇരുവരുടെയും മൊഴിയെടുത്ത ശേഷം പോലീസ് സംഭവത്തിൽ ഇവർക്ക് പങ്കില്ലെന്നാണ് അറിയിച്ചത്. അഞ്ച് മണിക്കൂറോളമാണ് ശ്രീനാഥ് ഭാസിയെ ചോദ്യം ചെയ്തത്. ലഹരി ഉപയോഗിച്ചിട്ടില്ലെന്നാണ് ഭാസി പോലീസിനോട് പറഞ്ഞത്.
മുറിയിലെത്തിയത് ബിനു ജോസഫിനൊപ്പമാണെന്നും ബിനു ജോസഫ് തന്റെ സുഹൃത്താണെന്നും ശ്രീനാഥ് അറിയിച്ചു. ബിനു ജോസഫുമായി സാമ്പത്തിക ഇടപാടുകളുണ്ടെന്നും ശ്രീനാഥ് ഭാസി അറിയിച്ചിട്ടുണ്ട്. നേരത്തെ ലഹരികടത്ത് കേസിൽ അറസ്റ്റിലായ ഗുണ്ടാ നേതാവ് ഓംപ്രകാശിന്റെ റിമാൻഡ് റിപ്പോർട്ടിലാണ് സിനിമാ താരങ്ങളായ ശ്രീനാഥ് ഭാസിയുടെയും പ്രയാഗ മാർട്ടിന്റെയും പേരുൾപ്പെട്ടിരിക്കുന്നത്.