സ്‌പൈഡര്‍മാന്‍ ‘താഴേക്ക് വീണതിന്’ പിന്നില്‍ രണ്ടു മലയാളികളും

സ്പൈഡർമാന് മലയാളി ആരാധകർ ഏറെ ആണ് .സ്‌പൈഡര്‍മാന്‍ പരമ്പരയിലെ ആദ്യമുഴുനീള ഫീച്ചര്‍ സിനിമയായ ‘സ്‌പൈഡര്‍മാന്‍ ഇന്റു സ്‌പൈഡര്‍വേഴ്സി’നെ ഓസ്‌കര്‍ തേടിയെത്തിയപ്പോള്‍ കൈയടിച്ചവരില്‍ ഈ സൂപ്പര്‍ ഹീറോയുടെ മലയാളി ആരാധകരുമുണ്ടായിരുന്നു. എന്നാല്‍, ഈ നേട്ടത്തിന് പിന്നില്‍ മലയാളി സാന്നിധ്യവുമുണ്ടെന്ന് അന്നറിഞ്ഞവര്‍ കുറവായിരുന്നു.

കഴിഞ്ഞവര്‍ഷത്തെ മികച്ച ആനിമേഷന്‍ സിനിമയ്ക്കുള്ള ഓസ്‌കര്‍ നേടിയ കനേഡിയന്‍ ചിത്രത്തില്‍ വെല്ലുവിളികള്‍ നിറഞ്ഞ ആനിമേഷന്‍ ഭാഗങ്ങള്‍ തയ്യാറാക്കിയത് രണ്ട് മലയാളികളായിരുന്നു. കോട്ടയം ജില്ലയിലെ ഉരുളികുന്നം സ്വദേശി സിനു രാഘവനും പത്തനംതിട്ട റാന്നിയിലെ നിധീപ് വര്‍ഗീസും.

ഈ മലയാളി ചെറുപ്പക്കാര്‍ ഓസ്‌കര്‍ നേടിയ ചിത്രത്തില്‍ പങ്കാളികളായെന്ന് കുടുംബാംഗങ്ങള്‍ പോലും തിരിച്ചറിയുന്നത് വിദേശത്തുനിന്നുള്ള ഏതാനും ടെലിവിഷന്‍ ക്ലിപ്പിങ്ങുകള്‍ അടുത്തിടെ ഷെയര്‍ ചെയ്ത് വന്നപ്പോഴാണ്. സ്‌പൈഡര്‍മാനിലെ വെല്ലുവിളികള്‍ നിറഞ്ഞ ആനിമേഷന്‍ ഭാഗങ്ങള്‍ തയ്യാറാക്കിയ ഇവര്‍ക്കും കൂടി ഓസ്‌കര്‍ ബഹുമതിയുടെ പങ്ക് കിട്ടുമ്പോള്‍ അത് കേരളത്തിനും അഭിമാനമായി.

കാനഡയിലുള്ള സോണി പിക്ചേഴ്സിനു വേണ്ടി പീറ്റര്‍ റാംസി സംവിധാനം ചെയ്ത സ്‌പൈഡര്‍മാന്‍ ഇന്റു സ്‌പൈഡര്‍വേഴ്സ് എന്ന സിനിമയില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 177 ആനിമേറ്റര്‍മാരാണ് ആനിമേഷന്‍ ചിത്രങ്ങള്‍ തയ്യാറാക്കിയത്. ഇതില്‍ സ്‌പൈഡര്‍മാന്‍ താഴേക്ക് പതിക്കുന്നതുള്‍പ്പെടെ ഏറ്റവും ശ്രമകരമായ ആനിമേഷന്‍ തയ്യാറാക്കാന്‍ സംവിധായകന്‍ റാംസിയും ആനിമേഷന്‍ സൂപ്പര്‍വൈസര്‍ ജോഷ്വാ ബെവരിഡ്ജും ചുമതലപ്പെടുത്തിയത് സിനു രാഘവനെയായിരുന്നു.

സാധാരണ ആനിമേഷന്‍ സിനിമകളില്‍ സെക്കന്‍ഡില്‍ 24 ഫ്രെയിമാണുപയോഗിക്കുന്നതെങ്കിലും സ്‌പൈഡര്‍മാനില്‍ തങ്ങള്‍ 12 ഫ്രെയിമാണ് ഉപയോഗിച്ചതെന്ന് നിധീപ് പറഞ്ഞു. ആ പരീക്ഷണം തന്നെയാണ് ആനിമേഷന്‍ രംഗത്ത് സ്‌പൈഡര്‍മാന്‍ ഇന്റു സ്പൈഡര്‍വേഴ്സ് എന്ന ചിത്രത്തെ വേറിട്ടതാക്കിയതും. ഇതിലൂടെ ഒരു കോമിക് ബുക്കിലൂടെ കടന്നുപോകുന്ന സുഖാനുഭൂതി സിനിമ കാണുമ്പോഴുണ്ടായി.


ഒരു സ്‌പൈഡര്‍മാന്‍ ഹീറോയല്ല ചിത്രത്തിലെ കഥാപാത്രം. ചിലന്തികളുടെ ലോകം തന്നെയാണ് ആനിമേഷന്‍ ചിത്രത്തില്‍ രേഖപ്പെടുത്തിയത്. ന്യൂയോര്‍ക്ക് നഗരത്തെ അക്രമികളില്‍നിന്ന് രക്ഷപ്പെടുത്തുന്ന ദൗത്യമാണ് പ്രധാനമായും സ്‌പൈഡര്‍മാനുണ്ടായിരുന്നത് . അതിനാല്‍ സാഹസികരംഗങ്ങളെ വേറിട്ട വരകളിലൂടെ തന്നെ ആണ് അനിമേറ്റർമാർ ചിത്രീകരിച്ചത് .

പടിഞ്ഞാറന്‍ കാനഡയിലെ വാന്‍കൂവറില്‍ വര്‍ഷങ്ങളായി സകുടുംബം താമസിക്കുന്ന നിധീപ്, റാന്നി പേരങ്ങാട്ട് പി.കെ. വര്‍ഗീസിന്റെയും ലിനിയുടെയും മകനാണ്. പത്തുവര്‍ഷമായി ആനിമേഷന്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സിനു കോട്ടയം ഉരുളികുന്നം കാവുംകുന്നേല്‍ കെ.കെ. രാഘവന്റെയും അമ്മിണിയുടെയും മകനാണ്. ഭാര്യ ഹേമ കൊച്ചി ഇന്‍ഫോപാര്‍ക്കില്‍ ജോലിചെയ്യുന്നു.

spiderman into spiderverse 2 malayalees also shares the animation credits

Abhishek G S :