ഡബിൾ ധമാക്ക അടിച്ചു മോഹൻലാൽ ;പ്രണവിനും ക്രിട്ടിക്‌സ് പുരസ്‌കാരം!

മോഹൻലാൽ എന്ന പ്രതിഭയുടെ അഭിനയ മികവ് പ്രതേകിച്ചു എടുത്തു പറയേണ്ട കാര്യം ഇല്ല .കമ്പ്ലീറ്റ് ആക്ടർ എന്ന പേര് അന്വര്‍ത്ഥമാക്കി മലയാള സിനിമയില്‍ നിറഞ്ഞുനില്‍ക്കുകയാണ് മോഹന്‍ലാല്‍. നാളുകള്‍ക്ക് ശേഷം പഴയ പ്രൗഢി തിരികെ പിടിച്ചിരിക്കുകയാണ് അദ്ദേഹം. ലൂസിഫറിലൂടെയാണ് അത് സാധിച്ചത്. മുരളി ഗോപിയുടെ തിരക്കഥയില്‍ പൃഥ്വിരാജ് സുകുമാരനാണ് ഈ സിനിമ സംവിധാനം ചെയ്തത്. ലൂസിഫര്‍ റെക്കോര്‍ഡ് കലക്ഷനുമായി മുന്നേറുകയാണ്. പുലിമുരുകന് പിന്നാലെ ഈ ചിത്രവും 100 കോടി ക്ലബില്‍ ഇടംപിടിച്ചുവെന്ന വാര്‍ത്തയെത്തിയതിന് പിന്നാലെയായാണ് മോഹന്‍ലാലിനെത്തേടി ക്രിട്ടിക്‌സ് പുരസ്‌കാരവുമെത്തിയത്. അദ്ദേഹത്തിന് മാത്രമല്ല മകനായ പ്രണവിനും ഇത്തവണ പുരസ്‌കാരമുണ്ട്.

കഴിഞ്ഞ ദിവസമാണ് 42ാമത് കേരള ഫിലിം ക്രിട്ടിക്‌സ് പുരസ്‌കാര ജേതാക്കളെ പ്രഖ്യാപിച്ചത്. 33 സിനിമകളായിരുന്നു ഇത്തവണ മത്സരത്തിനുണ്ടായിരുന്നത്. തിരുവനന്തപുരത്തെ ചലച്ചിത്ര അക്കാദമിയുടെ മിനി തിയേറ്ററില്‍ സ്‌ക്രീന്‍ ചെയ്തായിരുന്നു അവാര്‍ഡുകള്‍ നിര്‍ണ്ണയിച്ചത്. വാര്‍ത്ത സമ്മേളനത്തിലൂടെയായിരുന്നു പുരസ്‌കാര ജേതാക്കളെ പ്രഖ്യാപിച്ചത്.


മികച്ച നടനായി മോഹന്‍ലാല്‍

വിഎ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്ത ഒടിയനിലൂടെ മോഹന്‍ലാലാണ് മികച്ച നടനുള്ള പുരസ്‌കാരം സ്വന്തമാക്കിയത്. ഒടിയന്‍ മാണിക്കനെന്ന കഥാപാത്രമായി അസാമാന്യ പ്രകടനമായിരുന്നു അദ്ദേഹം കാഴ്ച വെച്ചത്. പ്രഖ്യാപനം മുതല്‍ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന സിനിമയ്ക്ക് റിലീസിന് ശേഷം വ്യത്യസ്തമായ പ്രതികരണങ്ങളായിരുന്നു ലഭിച്ചത്. സംവിധായകന്‍ നല്‍കിയ അമിത പ്രതീക്ഷയായിരുന്നു ചിത്രത്തിന് തിരിച്ചടിയായത്. അഭിനേതാവെന്ന നിലയില്‍ തന്‍രെ കഥാപാത്രത്തോട് നീതി പുലര്‍ത്തിയാണ് മോഹന്‍ലാല്‍ ഈ സിനിമ പൂര്‍ത്തിയാക്കിയത്.

മികച്ച നടിമാര്‍

അനുശ്രീ, നിമിഷ സജയന്‍ ഇവരാണ് ഇത്തവണ മികച്ച നടിക്കുള്ള ക്രിട്ടിക്‌സ് പുരസ്‌കാരം പങ്കിടുന്നത്. ഒരു കുപ്രസിദ്ധ പയ്യനിലെ അഭിനയത്തിലൂടെയാണ് നിമിഷ സജയനെത്തേടി പുരസ്‌കാരമെത്തിയത്. ചോലയിലേയും ഈ സിനിമയിലേയും പ്രകടനത്തിലൂടെ സംസ്ഥാന അവാര്‍ഡും സ്വന്തമാക്കിയിരുന്നു നിമിഷ. ആദി, ആനക്കള്ളന്‍ ഈ സിനിമകളിലെ പ്രകടനത്തിലൂടെയാണ് അനുശ്രീ മികച്ച നടിയായത്.

സംവിധായകന്‍

മലയാള സിനിമയുടെ എക്കാലത്തേയും മികച്ച സംവിധായകരിലൊരാളായ ഷാജി എന്‍ കരുണ്‍ തിരിച്ചുവരവ് നടത്തിയ വര്‍ഷം കൂടിയായിരുന്നു കടന്നുപോയത്. എസ്തര്‍ അനിലും ഷെയ്ന്‍ നിഗവും പ്രധാന വേഷത്തിലെത്തിയ ഓളിലൂടെയായിരുന്നു ആ തിരിച്ചുവരവ്. ഈ ചിത്രത്തിലൂടെയാണ് മികച്ച സംവിധായകനുള്ള പുരസ്‌കാരം അദ്ദേഹം സ്വന്തമാക്കിയത്.

മികച്ച ചിത്രം

മധുപാല്‍ സംവിധാനം ചെയ്ത ഒരു കുപ്രസിദ്ധ പയ്യനാണ് മികച്ച ചിത്രത്തിനുള്ള പുരസ്കാരം സ്വന്തമാക്കിയിട്ടുള്ളത്. നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവില്‍ ശക്തമായ തിരിച്ചുവരവുമായാണ് അദ്ദേഹം എത്തിയത്. ടൊവിനോ തോമസ്, നിമിഷ സജയന്‍ അനു സിത്താര തുടങ്ങിയവരായിരുന്നു ചിത്രത്തിനായി അണിനിരന്നത്. മികച്ച പ്രതികരണമായിരുന്നു സിനിമയ്ക്ക് ലഭിച്ചത്. ഈ സിനിമയിലെ പ്രകടനത്തിലൂടെ നിരവധി പുരസ്കാരങ്ങളാണ് നിമിഷ സജയന് ലഭിച്ചത്.

രണ്ടാമത്തെ നടന്‍

ജൂനിയര്‍ ആര്‍ടിസ്റ്റായെത്തി മുന്‍നിരയിലേക്കുയര്‍ന്ന ജോജു ജോര്‍ജ് ഏത് തരത്തിലുള്ള കഥാപാത്രത്തേയും അവതരിപ്പിക്കാന്‍ തനിക്ക് കഴിയുമെന്ന് തെളിയിച്ചത് ജോസഫിലൂടെയായിരുന്നു. എം പത്മകുമാര്‍ സംവിധാനം ചെയ്ത സിനിമയില്‍ അസാമാന്യ അഭിനയമികവുമായാണ് താരമെത്തിയത്. ജോസഫിലെ അഭിനയത്തിലൂടെ മികച്ച രണ്ടാമത്തെ നടനായെത്തിയിരിക്കുകയാണ് അദ്ദേഹം.

രണ്ടാമത്തെ നടി

പരോളിലെ പ്രകടനത്തിലൂടെ ഇനിയയാണ് മികച്ച രണ്ടാമത്തെ നടിക്കുള്ള പുരസ്‌കാരം സ്വന്തമാക്കിയത്. ശരത്ത് സന്ദിത്ത് സംവിധാനം ചെയ്ത ചിത്രത്തില്‍ ആനി എന്ന കഥാപാത്രത്തെയായിരുന്നു ഇനിയ അവതരിപ്പിച്ചത്. അഭിനയം മാത്രമല്ല നൃത്തവും തനിക്കും വഴങ്ങുമെന്നും ഇനിയ തെളിയിച്ചിരുന്നു. ഹരം കൊള്ളിക്കുന്ന പ്രകടനങ്ങളുമായി താരം ഇടയ്ക്ക് എത്താറുമുണ്ട്.

നവാഗത പ്രതിഭ

ആദിയിലെ പ്രകടനത്തിലൂടെ പ്രണവ് മോഹന്‍ലാലും ഓര്‍മ്മയിലൂടെ ഓഡ്രി മിറിയവുമാണ് നവാഗത പ്രതിഭയ്ക്കുള്ള പുരസ്‌കാരം സ്വന്തമാക്കിയത്. ബാലതാരമായി പ്രേക്ഷകരെ വിസ്മയിപ്പിച്ച പ്രണവ് നായകനായി അരങ്ങേറുന്നതിനായി അക്ഷമയോടെ കാത്തുന്നിന്നിരുന്നു ആരാധകര്‍. ജീത്തു ജോസഫ് ചിത്രമായ ആദിയിലൂടെയായിരുന്നു അത് സംഭവിച്ചത്. അഭിനയമികവ് എടുത്ത് പറയാനാവില്ലെങ്കിലും ആക്ഷന്‍ രംഗങ്ങളിലെ പ്രണവിന്റെ പ്രകടനം പ്രേക്ഷകരെ പിടിച്ചിരുത്തുന്ന തരത്തിലുള്ളതായിരുന്നു. മോഹന്‍ലാലിനും മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചപ്പോള്‍ പ്രണവിന് നവാഗ പ്രതിഭയ്ക്കുള്ള അവാര്‍ഡാണ് ലഭിച്ചത്. ഈ നേട്ടത്തില്‍ ആരാധകരും സന്തുഷ്ടരാണ്.

മറ്റ് പുരസ്‌കാരങ്ങള്‍

മികച്ച രണ്ടാമത്തെ ചിത്രമായി ജോസഫും, ബാലതാരങ്ങളായി മാസ്റ്റര്‍ റിതുനനേയും അക്ഷര കിഷോറിനേയുമാണ് തിരഞ്ഞെടുത്തത്. മികച്ച തിരക്കഥാകൃത്ത് മുബിഹഖ് (ഖലീഫ), ഗാനരചയിതാവ് രാജീവ് ആലുങ്കല്‍, സംഗീത സംവിധാനം കൈലാസ് മേനോന്‍, പശ്ചാത്തല സംഗീതം ഐസക് തോമസ് കൊട്ടുകാപ്പള്ളി, ഗായകന്‍ രാകേഷ് ബ്രഹ്മാനന്ദന്‍, ഗായിക രശ്മി സതീഷ്, ഛായാഗ്രാഹകന്‍ സാബു ജെയിംസ്, ചിത്രസന്നിവേശകന്‍ ശ്രീകര്‍ പ്രസാദ്, ശബ്ദലേഖകന്‍ എന്‍ ഹരികുമാര്‍, കലാസംവിധായകന്‍ ഷബീറലി, മേക്കപ്പ്മാന്‍ റോയി പല്ലിശ്ശേരി, വസ്ത്രാലങ്കാരം ഇന്ദ്രന്‍സ് ജയന്‍, നവാഗത സംവിധായകന്‍ അനില്‍ മുഖത്തല.

സമഗ്രസംഭാവന പുരസ്‌കാരം

സമഗ്ര സംഭാവനകളെ മാനിച്ച്‌ നല്‍കുന്ന ചലച്ചിത്രരത്‌നം പുരസ്‌കാരം സ്വന്തമാക്കിയത് ഷീലയാണ്. ഗാനരചയിതാവും സംഗീത സംവിധായകനുമായ കൈതപ്രം ദാമോദരന്‍ നമ്ബൂതിരി, പി ശ്രീകുമാര്‍, ലാലു അലക്‌സ്, മേനക സുരേഷ് ഭാഗ്യലക്ഷ്മി എന്നിവർക്കാണ് ചലച്ചിത്രപ്രതിഭ പുരസ്‌കാരം നല്‍കുന്നത്.

44th kerala film critics award

Abhishek G S :