തെന്നിന്ത്യൻ സിനിമയിലെ മിന്നും താരമായിരുന്നു സൗന്ദര്യ. മലയാളം ഉൾപ്പടെ അഭിനയിച്ച ഭാഷകളിലെല്ലാം സൂപ്പർ ഹിറ്റുകൾ സമ്മാനിച്ച താരം. സൂപ്പർ താരങ്ങളുടെ നായികയായി അഭിനയിച്ച് തെന്നിന്ത്യൻ സിനിമയിലെ മുൻനിര നായികയായി നിറഞ്ഞു നിൽക്കുകയായിരുന്നു. ഈ സമയത്താണ് അപ്രതീക്ഷിതമായി എത്തിയ മരണം സൗന്ദര്യയെ കവർന്നെടുക്കുന്നത്. 2004 ഏപ്രിൽ 17 നാണ് സൗന്ദര്യ മരണപ്പെടുന്നത്. തിരഞ്ഞെടുപ്പ് പ്രചരണത്തിനായി പുറപ്പെട്ട സൗന്ദര്യയുടെ ഹെലികോപ്റ്റർ അപകടത്തിൽ പെടുകയും താരം മരണപ്പെടുകയുമായിരുന്നു.
മരിക്കുമ്പോൾ വെറും 31 വയസ് മാത്രമായിരുന്നു സൗന്ദര്യയുടെ പ്രായം. തന്റെ കരിയറിന്റെ പീക്കിലൂടെ കടന്നു പോകുമ്പോഴാണ് സൗന്ദര്യ മരണപ്പെടുന്നത്. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലെല്ലാം സാന്നിധ്യം അറിയിക്കാൻ സൗന്ദര്യയ്ക്ക് സാധിച്ചിരുന്നു. 2003 ലാണ് സൗന്ദര്യ വിവാഹം കഴിക്കുന്നത്. പിന്നാലെ ഗർഭിണിയായ താരം സിനിമയിൽ നിന്നും വിട്ടു നിൽക്കുന്നതിനെക്കുറിച്ച് ചിന്തിക്കവെയാണ് മരണമെത്തുന്നത്.
ഇപ്പോഴിതാ 22 വർഷങ്ങൾക്ക് ശേഷം സൗന്ദര്യ വാർത്തകളിൽ നിറം നേടുകയാണ്. വീണ്ടും ചർച്ചകളിൽ നിറയുകയാണ്. സൗന്ദര്യയുടെ മരണവുമായി ബന്ധപ്പെട്ട പുതിയ ആരോപണങ്ങളാണ് വിവാദത്തിന് വഴിയൊരുക്കിയിരിക്കുന്നത്. രണ്ട് പതിറ്റാണ്ടിന് ശേഷം സൗന്ദര്യയുടെ മരണത്തിന് ഉത്തരവാദിയായി തെലുങ്ക്
താരം മോഹൻ ബാബുവിന്റെ പേരാണ് ആരോപിക്കപ്പെടുന്നത്. സാമൂഹിക പ്രവർത്തകനായ ചിട്ടിമല്ലുവാണ് മോഹൻ ബാബുവിനെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ആന്ധ്രയിലെ ഖമ്മം ജില്ല പൊലീസ് മേധാവിയ്ക്കാണ് സാമൂഹിക പ്രവർത്തകൻ പരാതി നൽകിയിരിക്കുന്നത്.
സൗന്ദര്യയുടേത് അപകട മരണമല്ലെന്നും കൊലപാതകമാണെന്നുമാണ് പരാതിയിൽ പറയുന്നത്. സൗന്ദര്യയുടെ ശംസാബാദിലെ ആറ് ഏക്കർ ഭൂമി വിൽക്കാൻ മഹേഷ് ബാബു സമ്മർദ്ദം ചെലുത്തിയിരുന്നു. എന്നാൽ സൗന്ദര്യയും സഹോദരനും വിൽക്കാൻ ഒരുക്കമായില്ല. സൗന്ദര്യയുടെ മരണ ശേഷം ഈ സ്ഥലം മോഹൻ ബാബു കരസ്ഥമാക്കിയെന്നാണ് പതായിൽ പറയുന്നത്. അതേസമയം പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തിട്ടില്ല. മോഹൻ ബാബുവും പരാതിയോട് പ്രതികരിച്ചിട്ടില്ല.
ദുരന്തത്തിൽ മരിച്ച പൈലറ്റ് ആലപ്പുഴക്കാരനായ ജോയ് ഫിലിപ്പ് ആയിരുന്നു. ബെംഗളൂരുവിലെ അഗ്നി എയ്‌റോ സ്‌പോർട്‌സ് ആന്റ് അഡ്വഞ്ചർ അക്കാദമി പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിൽ ഫ്‌ളയിങ് പൈലറ്റ് ആയി ജോലി ചെയ്യുകയായിരുന്നു ജോയ്. രണ്ടാഴ്ച കൂടി കഴിഞ്ഞാൽ ജോലി മാറാനിരിക്കെയാണ് ദുരന്തം. വിമാനത്തിന് ഇൻഷുറൻസ് ഉണ്ടായിരുന്നില്ലെന്ന് പിന്നീടാണ് ജോയിയുടെ കുടുംബം അറിഞ്ഞത്. കമ്പനി ജോയിയുടെ കുടുംബത്തെ ഗൗനിച്ചതുമില്ല. കേസുമായി ബന്ധപ്പെട്ടും തിരിമറി ആരോപണം ഉയർന്നു. ഒടുവിൽ കേസ് ഒത്തുതീർപ്പായി എന്ന വിവരമാണ് കുടുംബത്തിന് ലഭിച്ചത്.
സൗന്ദര്യയുടെ മരണത്തിന് ഇത്രയും വർഷങ്ങൾക്ക് ശേഷം എന്തുകൊണ്ടാണ് പരാതിയുമായി ഇപ്പോൾ വരാൻ കാരണമെന്നും ചോദ്യം ഉയർന്നിട്ടുണ്ട്. അതേസമയം പരാതിക്കാരന് മോഹൻ ബാബുവുമായോ സൗന്ദര്യയുമായോ എന്തെങ്കിലും തരത്തിലുള്ള ബന്ധമുണ്ടോ എന്നും അറിവായിട്ടില്ല. പൊലീസ് നിയമോപദേശം തേടിയ ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്നാണ് അറിയാൻ സാധിക്കുന്നത്. മോഹൻ ബാബുവിന്റെ പ്രതികരണത്തിനായി കാത്തിരിക്കുകയാണ് ആരാധകർ.
തെലുങ്ക് സിനിമയിലെ കരുത്തനാണ് മോഹൻ ബാബു. നടൻ, നിർമ്മാതാവ് തുടങ്ങിയ മേഖലകളിലെല്ലാം അദ്ദേഹം സാന്നിധ്യം അറിയിച്ചിട്ടുണ്ട്. രാഷ്ട്രീയത്തിലും മോഹൻ ബാബു ഒരു കൈ നോക്കിയിട്ടുണ്ട്. തെലുങ്കിന് പുറമെ തമിഴിലും മോഹൻ ബാബു അഭിനയിച്ചിട്ടുണ്ട്. ഈയ്യടുത്ത് മോഹൻ ബാബുവിന്റെ കുടുംബത്തിൽ സ്വത്തിനെ ചൊല്ലിയുണ്ടായ തർക്കം വാർത്തയായി മാറിയിരുന്നു. തന്റെ മകൻ വിഷ്ണു മഞ്ചു നായകനാകുന്ന കണ്ണപ്പയാണ് മോഹൻ ബാബുവിന്റെ പുതിയ സിനിമ. മോഹൻലാൽ, അക്ഷയ് കുമാർ, പ്രഭാസ്, കാജൽ അഗർവാൾ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
2004ലാണ് രാജ്യത്തെ നടുക്കി സൗന്ദര്യയുടെ മരണം സംഭവിക്കുന്നത്. ബാംഗ്ലൂരിന് സമീപം ജക്കുർ എയർസ്ട്രിപ്പിൽ വച്ചാണ് സൗന്ദര്യ സഞ്ചരിച്ച വിമാനം അപകടത്തിൽ പെടുന്നത്. ബിജെപിയ്ക്ക് വേണ്ടി തിരഞ്ഞെടുപ്പ് പ്രചരണത്തിന് പോകുന്ന വഴിയായിരുന്നു അപകടം. താരം രാഷ്ട്രീയത്തിലേക്ക് പ്രവേശനം നടത്തിയതേ ഉണ്ടായിരുന്നുള്ളൂ.
സൗന്ദര്യയ്‌ക്കൊപ്പം സഹോദരൻ അമർനാഥ് ഷെട്ടിയും പൈലറ്റ് ജോയ് ഫിലിപ്‌സും ബിജെപി നേതാവും രമേഷ് കാദമും വിമാനത്തിലുണ്ടായിരുന്നു. പറന്നുയർന്ന് നിമിഷങ്ങൾക്കകം വിമാനം അപകടത്തിൽ പെടുകയും പൊട്ടിത്തെറിക്കുകയുമായിരുന്നു. സൗന്ദര്യയ്‌ക്കൊപ്പം സഹോദരനും പൈലറ്റും ബിജെപി നേതാവും മരണപ്പെട്ടു. കത്തിക്കരഞ്ഞ മൃതദേഹങ്ങൾ തിരിച്ചറിയാൻ പോലും സാധിക്കാത്ത വിധമായിരുന്നു എന്നാണ് റിപ്പോർട്ടുകൾ.
നേരത്തെ, സൗന്ദര്യ കുറിച്ച് പഴയകാല നടി വെണ്ണിര ആടൈ നിർമല പറഞ്ഞ വാക്കുകളും ശ്രദ്ധ നേടിയിരുന്നു. ഇരുവരും ഒരുമിച്ച് നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. സൗന്ദര്യയുടെ മരണശേഷം തനിക്കുണ്ടായ ദുഖത്തെക്കുറിച്ചാണ് മുമ്പൊരിക്കൽ വെണ്ണിര ആടൈ നിർമല മനസ് തുറന്നത്. അവൾ ചില സമയത്ത് എന്നെ അമ്മയെന്നും ആന്റിയെന്നും വിളിക്കുമായിരുന്നു.
തെലുങ്ക് ചിത്രത്തിന്റെ ഷൂട്ടിന് സ്വിറ്റ്‌സർലന്റിൽ പോയപ്പോൾ എന്റെ മടിയിലിരിക്കും. അവൾ പ്രണയത്തിലായ സമയമായിരുന്നു അത്. സ്‌നേഹിതനേ എന്ന പാട്ട് പാടും. എന്തോ നടക്കുന്നുണ്ടെന്ന് പറഞ്ഞ് ഞാൻ കളിയാക്കും. അഴകും പേരും അന്തസുമുള്ളവളായിരുന്നു സൗന്ദര്യ. ആരെയാണ് പ്രണയിക്കുന്നതെന്ന് എനിക്കറിയില്ലായിരുന്നു. നാഡി ജോത്സ്യത്തിൽ എനിക്ക് വിശ്വാസമുണ്ട്.
ഇത് സൗന്ദര്യയെയും പരിചയപ്പെടുത്താൻ ഞാൻ ആഗ്രഹിച്ചു. രണ്ട് തവണ വിളിച്ചെങ്കിലും സൗന്ദര്യക്ക് വരാൻ കഴിഞ്ഞില്ല. സൗന്ദര്യ നാഡി ജോതിഷം നോക്കുന്നത് നടന്നില്ല. പിന്നീട് സൗന്ദര്യ അപകടത്തിൽ മരിച്ചു എന്നറിഞ്ഞപ്പോൾ എനിക്കത് താങ്ങാൻ കഴിഞ്ഞില്ല. ഒരുപക്ഷെ അവർ ജോത്സ്യം നോക്കുകയും പരിഹാരക്രിയകൾ ചെയ്യുകയും ചെയ്തിരുന്നെങ്കിൽ ജീവിച്ചിരുന്നെങ്കിലോ എന്ന് ആലോചിച്ചു. തന്റെ സഹോദരന്റെ മരണം നാഡി ജ്യോതിഷത്തിൽ നേരത്തെ പ്രവചിച്ചിരുന്നെന്നും എന്നാൽ മരണ ശേഷമാണ് ഇതേ പറ്റി അറിഞ്ഞതെന്നും വെണ്ണിര ആടൈ നിർമല പറഞ്ഞു.
ബന്ധുവും ബാല്യകാല സുഹൃത്തുമായ രഘുവിനെയാണ് താരം വിവാഹം കഴിച്ചത്. 2003 ഏപ്രിൽ 27 നാണ് സൗന്ദര്യ വിവാഹിതയാവുന്നത്. വിവാഹം കഴിഞ്ഞ് ഒരു വർഷം പൂർത്തിയാവാൻ പത്ത് ദിവസം ബാക്കി നിൽക്കുമ്പോഴാണ് സൗന്ദര്യ സഞ്ചരിച്ചിരുന്ന വിമാനം അപകടത്തിൽപ്പെട്ടത്. നടിയുടെ വേർപാടിന് ശേഷമാണ് പലരും ഗർഭിണിയായിരുന്ന കാര്യം പോലും അറഞ്ഞിരുന്നത്. വിവാഹത്തിന് മുമ്പായി നടി തന്റെ വിൽപത്രം തയ്യാറാക്കിയിരുന്നു. തന്റെ സ്വത്തുവകളെല്ലാം തന്നെ കുടുംബാംഗങ്ങളുടെ പേരിലായിരുന്നു നടി എഴുതി വച്ചിരുന്നത്. എന്നാൽ നടിയുടെ മരണത്തിന് പിന്നാലെ സ്വത്തിനെ ചൊല്ലി കുടുംബത്തിനുള്ളിൽ തർക്കം ഉടലെടുത്തു. 11 വർഷത്തെ നിയമപോരാട്ടത്തിനൊടുവിലാണ് കുടുംബാംഗങ്ങൾ തർക്കത്തിന് പരിഹാരം കണ്ടെത്തുന്നത്.
കോടിക്കണക്കിന് രൂപ വിലമതിപ്പുള്ള സ്വത്തുക്കളെ ചൊല്ലിയായിരുന്നു തർക്കം. സൗന്ദര്യയുടെ അമ്മ മഞ്ജുളയ്‌ക്കെതിരെ നടിയുടെ സഹോദരന്റെ ഭാര്യ നിർമലയും ഇവരുടെ മകൻ സാത്വിക്കും രംഗത്ത് വന്നു. വിവിധ സ്ഥലങ്ങളിലായി ആറ് പ്രോപ്പർട്ടികൾ സൗന്ദര്യക്ക് ഉണ്ടായിരുന്നു. വിൽപത്രം പ്രകാരം ഇതെല്ലാം ബന്ധുക്കൾക്ക് തുല്യമായി വീതിച്ചതുമാണ്. സൗന്ദര്യയുടെ വിൽപ്പത്രം മാനിക്കാതെ നടിയുടെ അമ്മ സ്വത്തുക്കൾക്ക് മേലുള്ള തന്റെ അവകാശം തടഞ്ഞെന്ന് നിർമലയും മകൻ സാത്വികും ആരോപിച്ചു. ഇവർ കോടതിയെ സമീപിച്ചതോടെയാണ് പ്രശ്‌നങ്ങൾ തുടങ്ങിയത്. സൗന്ദര്യയുടെ ഭർത്താവായിരുന്ന രഘു കേസിൽ നടിയുടെ അമ്മയ്‌ക്കൊപ്പം ചേർന്നു. കുറച്ച് നാൾ ഈ പ്രശ്‌നം വാർത്തകളിൽ നിറഞ്ഞു. അന്ന് മാധ്യമങ്ങളോട് പ്രതികരിക്കാൻ കുടുംബം തയ്യാറായില്ല.
തെലുങ്ക് സിനിമയിലും കന്നഡയിലും തമിഴിലും മലയാളത്തിലുമെല്ലാം അഭിനയിച്ച് തെന്നിന്ത്യയാകെ നിറഞ്ഞു നിൽക്കുകയായിരുന്നു സൗന്ദര്യ. തെന്നിന്ത്യയിൽ മാത്രമല്ല ബോളിവുഡിലും സൗന്ദര്യ സാന്നിധ്യം അറിയിച്ചിരുന്നു. മൂന്ന് തവണ നന്ദി പുരസ്‌കാരങ്ങളും, രണ്ട് തവണ കർണാടക സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും സൗന്ദര്യ അതിനോടകം നേടിയിരുന്നു. സാക്ഷാൽ അമിതാഭ് ബച്ചന്റെ നായികയായി ബോളിവുഡിലും സൗന്ദര്യ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.
1999 ൽ പുറത്തിറങ്ങിയ സൂര്യവംശത്തിലൂടെയാണ് സൗന്ദര്യ ബോളിവുഡിൽ സാന്നിധ്യമറിയിക്കുന്നത്. ചിത്രം വലിയ വിജമായി മാറുകയും ചെയ്തിരുന്നു. മോഹൻലാലിന്റെ നായികയായ അഭിനയിച്ച കിളിച്ചുണ്ടൻ മാമ്പഴത്തിലൂടെ മലയാളത്തിൽ ഒരുപാട് ആരാധകരെ നേടിയെടുക്കാൻ സൗന്ദര്യയ്ക്ക് സാധിച്ചിരുന്നു. ജയറാമിന്റെ നായികയായി അഭിനയിച്ച യാത്രക്കാരുടെ ശ്രദ്ധയ്ക്ക് എന്ന ചിത്രവും കയ്യടി നേടിയിരുന്നു. ഇന്നും ആരാധകർ സ്‌നേഹത്തോടെ ഓർക്കുന്ന പേരാണ് സൗന്ദര്യയുടേത്.