അമ്മുമ്മ കരയുന്നതു കണ്ട് ഓടി വന്നതാണ് ദിലീപേട്ടന്‍, പുള്ളി രണ്ട് പ്രാവശ്യം വന്നിരുന്നു; സൗഭാഗ്യ വെങ്കിടേഷ്

മലയാളികള്‍ക്ക് ഒരു മുഖവുരയുടെ ആവശ്യമില്ലാത്ത, മലയാളിപ്രേക്ഷകരുടെ മനസ് കീഴടക്കിയ കുടുംബമാണ് സൗഭാഗ്യ വെങ്കിടേഷിന്റേത്. മുത്തശ്ശി സുബ്ബലക്ഷ്മിയും അമ്മ താര കല്യാണുമെല്ലാം സെലബ്രിറ്റികളാണ്. ഒരു മാസം മുമ്പാണ് വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് നടി സുബ്ബലക്ഷ്മി അന്തരിച്ചത്. മരിക്കുമ്പോള്‍ 87 വയസായിരുന്നു സുബ്ബലക്ഷ്മിയുടെ പ്രായം.

കിടപ്പിലാകുന്നത് വരെ താരയുടെ വീടിനോട് ചേര്‍ന്നുള്ള ഫ്‌ലാറ്റിലാണ് സുബ്ബലക്ഷ്മി താമസിച്ചിരുന്നത്. താര പലവട്ടം തനിക്കൊപ്പം താമസിക്കാന്‍ സുബ്ബലക്ഷ്മിയെ വിളിച്ചിരുന്നുവെങ്കിലും ഒറ്റയ്ക്കുള്ള താമസമായിരുന്നു സുബ്ബലക്ഷ്മിയ്ക്കും താല്‍പര്യമെന്നാണ് പറഞ്ഞിരുന്നത്. താരയുടെ വീട്ടിലെ ബാല്‍ക്കെണിയില്‍ നിന്നും നോക്കിയാല്‍ സുബ്ബലക്ഷ്മിയുടെ ഫ്‌ലാറ്റ് കാണാമായിരുന്നു. അമ്മയുടെ വേര്‍പാടോടെ താന്‍ അനാഥയായി എന്നാണ് പലപ്പോഴും താര കല്യാണ്‍ പറഞ്ഞത്.

സുബ്ബലക്ഷ്മിയെ കുറിച്ച് ഓര്‍ക്കുമ്പോള്‍ പല്ലില്ലാതെയുള്ള ആ മനോഹര ചിരിയാണ് മലയാളികള്‍ക്ക് ഓര്‍മ വരാറുള്ളത്. കൊച്ചുമകള്‍ സൗഭാഗ്യയെക്കാള്‍ സ്മാര്‍ട്ടായിരുന്നു സുബ്ബലക്ഷ്മി എന്നാണ് മലയാളികള്‍ പലപ്പോഴും പറയാറുള്ളത്. അസുഖങ്ങള്‍ മൂലം അവശതയിലായി കിടപ്പിലായശേഷം സുബ്ബലക്ഷ്മിയെ കാണാന്‍ എത്തിയ സെലിബ്രിറ്റി നടന്‍ ദിലീപ് മാത്രമാണ്. അമ്മയ്‌ക്കൊപ്പം ദിലീപ് നില്‍ക്കുന്നതും സംസാരിക്കുന്നതുമായ വീഡിയോയും ചിത്രങ്ങളും താര കല്യാണും സൗഭാഗ്യയും സോഷ്യല്‍മീഡിയയില്‍ പങ്കിട്ടിരുന്നു.

അന്ന് അത് വൈറലായിരുന്നു. അമ്മൂമ്മ കിടപ്പിലായിരുന്ന സമയത്ത് ഒരിക്കല്‍ ദിലീപ് വീഡിയോ കോള്‍ ചെയ്തപ്പോള്‍ അമ്മൂമ്മ കരഞ്ഞത് കാരണം ദിലീപ് ഓടി വരികയായിരുന്നുവെന്നാണ് സൗഭാഗ്യ പറയുന്നത്. മൈല്‍സ്‌റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ ഏറ്റവും പുതിയ അഭിമുഖത്തിലാണ് ദിലീപിനെ കുറിച്ച് സൗഭാഗ്യയും ഭര്‍ത്താവ് അര്‍ജുനും സംസാരിച്ചത്.

‘എന്റെ കുട്ടിക്കാലം മുഴുവന്‍ അപ്പൂപ്പനും അമ്മൂമ്മയ്ക്കും ഒപ്പമായിരുന്നു. എനിക്ക് ആ സമയത്ത് അധികം സുഹൃത്തുക്കളൊന്നും ഉണ്ടായിരുന്നില്ല. വീട്ടില്‍ ഒരുപാട് കുട്ടികള്‍ ഡാന്‍സ് പഠിക്കാന്‍ വരുമായിരുന്നതിനാല്‍ ഒറ്റക്കുട്ടിയായിപ്പോയതിന്റെ സങ്കടമൊന്നും ഉണ്ടായിരുന്നില്ല. അമ്മൂമ്മ വെജിറ്റേറിയനാണ്. മസാലയോ വെളുത്തുള്ളിയോ പോലും കഴിക്കില്ല. അതുപോലെ എന്റെ അമ്മൂമ്മയ്ക്ക് വളരെ ഫേവറേറ്റ് ആയിട്ടുള്ള ആളാണ് ദിലീപ്.’ ‘ആദ്യം ദിലീപേട്ടന്‍ വീഡിയോ കോളാണ് ചെയ്തത്. അതുകണ്ട് അമ്മൂമ്മ കരഞ്ഞു. അപ്പോള്‍ തന്നെ അദ്ദേഹം ഓടി വന്നു അമ്മൂമ്മയെ കാണാന്‍ വേണ്ടി. പുള്ളി രണ്ട് പ്രാവശ്യം വന്നിരുന്നു.

നമുക്ക് ആവശ്യമുണ്ടായിരുന്ന ഒരു അമ്മൂമ്മ മരിച്ചതുകൊണ്ട് പേരിന് വന്ന് പോകുന്നുവെന്ന രീതിയിലല്ല ദിലീപേട്ടന്‍ വന്നത്.’ ‘ജെനുവിന്‍ സ്‌നേഹം കൊണ്ട് അദ്ദേഹം വന്നതാണ്. ഒരു സെറ്റ് ഓഫ് പീപ്പിളിനൊപ്പം വര്‍ക്ക് ചെയ്താല്‍ അവരെ അദ്ദേഹം ഒപ്പം കൂട്ടും. അങ്ങനെ അമ്മൂമ്മയ്ക്ക് ദിലീപേട്ടന്റെ നിരവധി സിനിമകളില്‍ അഭിനയിക്കാന്‍ സാധിച്ചിട്ടുണ്ട്. അതുകൊണ്ട് അദ്ദേഹം അമ്മൂമ്മയ്ക്ക് വളരെ സ്‌പെഷ്യലാണ്. കിടപ്പിലായശേഷം അമ്മൂമ്മയ്ക്ക് ഓര്‍മ ഇടയ്ക്ക് നഷ്ടപ്പെടുന്ന സാഹചര്യമൊക്കെ ഉണ്ടായിരുന്നു. പക്ഷെ ദിലീപേട്ടനെ വീഡിയോ കോളില്‍ കണ്ടതും അമ്മൂമ്മ ഇമോഷണലായി. അത് മനസിലാക്കി അദ്ദേഹവും ഓടി വന്നു’, എന്നാണ് സൗഭാഗ്യയും അര്‍ജുനും പറഞ്ഞത്.

ദിലീപ് നായകനായ കല്യാണ രാമനിലേയും നന്ദനത്തിലേയും വേഷങ്ങളാണ് സുബ്ബലക്ഷ്മിക്ക് ജനപ്രീതി നല്‍കിയത്. തിളക്കം, സിഐഡി മൂസ, പാണ്ടിപ്പട തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകരെ കുടു കുടെ ചിരിപ്പിച്ചിട്ടുണ്ട് സുബ്ബലക്ഷ്മി. സൗണ്ട് തോമ, കൂതറ, പ്രണയകഥ, സീത കല്യാണം, വണ്‍, റാണി പദ്മിനി തുടങ്ങി എഴുപതോളം മലയാള ചിത്രങ്ങളില്‍ സുബ്ബലക്ഷ്മി അഭിനയിച്ചിട്ടുണ്ട്. കൂടാതെ ഹിന്ദി, തെലുങ്ക്, കന്നട, തമിഴ്, സംസ്‌കൃതം, ഇംഗ്ലീഷ് തുടങ്ങിയ ഭാഷകളിലും വേഷമിട്ടു. പരേതനായ കല്യാണകൃഷ്ണനായിരുന്നു സുബ്ബലക്ഷ്മിയുടെ ഭര്‍ത്താവ്. താരത്തിന്റെ ഇളയ മകളാണ് താര കല്യാണ്‍.

സുബ്ബലക്ഷ്മി, സിനിമയില്‍ പ്രവേശിക്കുന്നതിന് മുമ്പ് ജവഹര്‍ ബാലഭവനില്‍ സംഗീതനൃത്ത അധ്യാപികയായിരുന്നു. കൂടാതെ 1951 മുതല്‍ ആകാശവാണിയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ദക്ഷിണേന്ത്യയില്‍ നിന്നുള്ള ആകാശവാണിയുടെ ആദ്യ വനിതാ സംഗീത സംവിധായകയായി അവര്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. നിരവധി കച്ചേരികള്‍ നടത്തിയിട്ടുള്ള സുബ്ബലക്ഷ്മി ഒരു ഡബ്ബിങ് ആര്‍ട്ടിസ്റ്റ് കൂടിയാണ്. ചില ടെലിഫിലിമുകളിലും ആല്‍ബങ്ങളിലും സീരിയലുകളിലും സുബ്ബലക്ഷ്മി അഭിനയിച്ചിട്ടുണ്ട്.

Vijayasree Vijayasree :