ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ സിനിമാ ചിത്രീകരണത്തിനിടെ തനിക്ക് യുവനടനിൽ നിന്നും ദുരനുഭവം ഉണ്ടായെന്ന് തുറന്ന് പറഞ്ഞ് രംഗത്തെത്തിയ നടിയും സാമൂഹിക പ്രവർത്തകയുമായ സോണിയ മൽഹാർ ബിജെപിയിൽ ചേർന്നു. തിരുവനന്തപുരം വിചാര കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ സോണിയ ബിജെപി അംഗത്വം സ്വീകരിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ, മുൻ കേന്ദ്രമന്ത്രി വി മുരളീധരൻ തുടങ്ങിയവർ പങ്കെടുത്തിരുന്നു.
തൊടുപുഴയിലെ ഒരു സിനിമാ സെറ്റിൽ വച്ചുണ്ടായ ദുരനുഭവം വെളിപ്പെടുത്തിയാണ് നടി രംഗത്തെത്തിയത്. ടോയ്ലറ്റിൽ പോയി തിരികെ വരുന്ന വഴി ഒരു യുവ സൂപ്പർസ്റ്റാർ കയറിപിടിച്ചു എന്നാണ് സോണിയ വെളിപ്പെടുത്തിയത്. 2013 -ൽ തൊടുപുഴ ഷൂട്ടിന് പോയതാണ്. എന്റെ ഭർത്താവാണ് ട്രെയിൻ കയറ്റിവിട്ടത്. വലിയൊരു നടന്റെ സിനിമയായിരുന്നു.
ഒരു ഓഫീസ് സ്റ്റാഫിന്റെ റോൾ ആയിരുന്നു ആ സിനിമയിൽ. ഒരു ഫാം പോലുള്ള സ്ഥലത്തുനിന്നായിരുന്നു സിനിമാഷൂട്ടിങ്. അവിടെ ചെന്നപ്പോൾ കോസ്റ്റ്യൂം തന്നു. അത് മാറി ടോയ്‌ലറ്റിൽ പോയി തിരിച്ച് വരുന്ന സമയത്താണ് ആ യുവ നടൻ എന്നെ കടന്നുപിടിച്ചത്. നിങ്ങളുടെ ഈ ഡ്രസ്സും കണ്ണുമൊക്കെ അട്രാക്ടീവാണ്, വന്നപ്പോഴേ ശ്രദ്ധിച്ചുവെന്നാണ് അയാളെന്നോട് പറഞ്ഞത്.
ഞാൻ നോക്കിക്കോളാം, സിനിമയിലൊരുപാട് അവസരം തരാം എന്നൊക്കെ പറഞ്ഞു. ആ ഒരു നിമിഷത്തിൽ അങ്ങനെ തോന്നി എന്നും പറഞ്ഞു. പിന്നീട് എന്നോട് മാപ്പുപറഞ്ഞു. ഞാൻ ആളുടെ പേര് പറയുന്നില്ല. അയാൾ കല്യാണം കഴിഞ്ഞ് രണ്ടു കുട്ടികളുമായി സുഖമായി ജീവിക്കുകയാണ്.
ഇത് അറിഞ്ഞ് അവർക്ക് പ്രശ്നമൊന്നും ഉണ്ടാവരുത്. ഭർത്താവിനെ അത്രയേറെ സ്നേഹിക്കുന്ന സ്ത്രീയാണ് അവർ. ഈ വിവരം അറിഞ്ഞാൽ അവർ ചിലപ്പോൾ ആ ത്മഹത്യ വരെ ചെയ്യാം എന്നുമാണ് സോണിയ പറഞ്ഞത്.