വൈറ്റമിൻ സി, വെള്ളം, സൺസ്ക്രീൻ ക്രീം… സൗന്ദര്യ രഹസ്യം വെളിപ്പെടുത്തി സോനം കപൂർ

ബോളിവുഡിന്റെ പ്രിയ താരപുത്രിയും മുന്‍നിര നായികയുമായ സോനം കപൂറിന്റെ ഫാഷൻ സെൻസിനെ അഭിനന്ദനങ്ങൾ കൊണ്ട് മൂടാറുണ്ട്. സൗന്ദര്യ സംരക്ഷണത്തിലും സോനം പുലി തന്നെ. ആരാധകർക്ക് ഇന്‍സ്റ്റാഗ്രാമിലൂടെ തന്നോടു ചോദ്യങ്ങൾ ചോദിക്കാനുള്ള അവസരം സോനം കപൂർ ഒരുക്കിയിരുന്നു. സ്വാഭാവികമായും സൗന്ദര്യ രഹസ്യം എന്താണെന്ന ചോദ്യം സോനത്തിനു നേരെ ഉയർന്നു.

പലപ്പോഴും മാസികകളിൽ പ്രസിദ്ധീകരിച്ചു വന്നിട്ടുണ്ടെങ്കിലും സോനത്തിന്റെ നേരിട്ടുള്ള മറുപടി ആരാധകർ പ്രതീക്ഷിച്ചിരുന്നു. ഇതു തെറ്റിക്കാതെ തന്റെ സൗന്ദര്യ രഹസ്യം താരം വെളിപ്പെടുത്തി. വൈറ്റമിൻ സി, വെള്ളം, സൺസ്ക്രീൻ ക്രീം, ഉറങ്ങുന്നതിനു മുമ്പ് മേക്കപ്പ് കളഞ്ഞ് മുഖം വൃത്തിയാക്കൽ, നല്ല ഉറക്കം എന്നു മറുപടിയായി താരം കുറിച്ചു.

സോനം പരിശീലിക്കുന്ന വ്യായാമ മുറകളും ഡയറ്റും മുൻപും വാർത്തകളിൽ നിറഞ്ഞിട്ടുണ്ട്. സമയം കിട്ടുമ്പോഴെല്ലാം പരിശീലക സറിൻ വാട്ട്സണൊപ്പം ജിമ്മിൽ എത്തും. രാവിലെ ഓട്ട്മീലും പഴങ്ങളുമാണ് കഴിക്കുക. വ്യായാമം കഴിഞ്ഞാൽ ബ്രെഡും മുട്ടയുടെ വെള്ളയുമാണ് പതിവ്. ഇതോടൊപ്പം പ്രോട്ടീൻ ഷെയ്ക്കോ ജ്യൂസോ ഉണ്ടാവും. ജലാംശം നിലനിർത്താന്‍ കരിക്കിന്‍ വെള്ളം കുടിക്കുന്ന ശീലവുമുണ്ട്.

ശരിയായി ചിന്ത, നല്ല ഭക്ഷണം, സന്തോഷം ഇതാണ് സൗന്ദര്യ രഹസ്യമെന്ന് താരസുന്ദരി മുന്‍പും പ്രതികരിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും പിന്തുണയും ശക്തമാണെന്ന് താരം പറയുന്നു.

sonam kapoor beauty

Sruthi S :