‘അങ്ങനെ കര്‍ണാടകയില്‍ സര്‍ക്കാര്‍ ജോലിയും സെറ്റ് ആയി’; കര്‍ണാടകയിലെ പാഠപുസ്തകത്തില്‍ പോസ്റ്റുമാനായി കുഞ്ചാക്കോ ബോബൻ

കര്‍ണാടകയിലെ പാഠപുസ്തകത്തില്‍ പോസ്റ്റുമാനായി കുഞ്ചാക്കോ ബോബന്റെ ചിത്രവും. താരം അഭിനയിച്ച ‘ഒരിടത്തൊരു പോസ്റ്റുമാന്‍’ എന്ന സിനിമയിലെ ചിത്രമാണ് കര്‍ണാടക സര്‍ക്കാര്‍ പാഠപുസ്തകത്തില്‍ ‘പോസ്റ്റുമാന്‍’ എന്ന പേരില്‍ പരിചയപ്പെടുത്തുന്നത്.

കുഞ്ചാക്കോ ബോബന്‍ തന്നെയാണ് പാഠപുസ്തകത്തിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്. ”അങ്ങനെ കര്‍ണാടകയില്‍ സര്‍ക്കാര്‍ ജോലിയും സെറ്റ് ആയി… പണ്ട് കത്ത് കൊണ്ടു തന്ന പോസ്റ്റമാന്റെ പ്രാര്‍ത്ഥന” എന്നാണ് കുഞ്ചാക്കോ ബോബന്‍ ചിത്രത്തിനൊപ്പം കുറിച്ചിരിക്കുന്നത്.

പോസ്റ്റിന് താഴെ താരങ്ങളും ആരാധകരും രസകരമായ കമന്റുകളുമായി എത്തുന്നുണ്ട്. ”അപ്പോള്‍ നാളെ ഒന്നാം തീയതി ശമ്പളം കിട്ടുമല്ലേ, ചിലവുണ്ട്” എന്നാണ് ആന്റണി വര്‍ഗീസ് കുറിച്ചത്. ”ഇനിയങ്ങോട്ട് എങ്ങനാ? ലീവൊക്കെ കിട്ടുമോ? പടങ്ങള്‍ എഴുതണോ വേണ്ടയോ എന്നറിയാനാ..” എന്നാണ് സംവിധായകന്‍ മിഥുന്‍ മാനുവലിന്റെ കമന്റ്.

ഷാജി അസീസിന്റെ സംവിധാനത്തില്‍ 2010ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ഒരിടത്തൊരു പോസ്റ്റുമാന്‍. അരവിന്ദ് സ്വാമിക്കൊപ്പമുള്ള രണ്ടഗം എന്ന ചിത്രമാണ് കുഞ്ചാക്കോ ബോബന്റെതായി ഇപ്പോള്‍ ഒരുങ്ങുന്നത്. പട ആണ് റിലീസ് ചെയ്യാനിരിക്കുന്ന ചിത്രം. അറിയിപ്പ്, ന്നാ താന്‍ കേസ് കൊട്, ആറാം പാതിര തുടങ്ങി നിരവധി ചിത്രങ്ങളും താരത്തിന്റെതായി ഒരുങ്ങുന്നുണ്ട്.

Noora T Noora T :