നിങ്ങൾക്കു വേണ്ടി ഞങ്ങൾ ഒരുക്കിയ ആ സ്വപ്ന ചിത്രം നിങ്ങളുടെ മുന്നിലേക്ക്…നിങ്ങൾക്കിടയിലേക്ക് കുഞ്ഞാലി വരും; സന്തോഷം പങ്കുവച്ച് ആന്‍റണി പെരുമ്പാവൂര്‍

മോഹന്‍ലാല്‍- പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ എത്തിയ മരക്കാര്‍ അറബിക്കടലിന്റെ സിംഹം ഡിസംബര്‍ 2 ന് തിയേറ്ററിൽ എത്തുകയാണ്. ഏറെ നാളത്തെ വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കുമൊടുവിലാണ് ചിത്രം തിയേറ്ററിൽ റിലീസ് ചെയ്യുന്നത്. ചിത്രം ഒടിടി റിലീസ് ചെയ്യുമെന്ന ആന്റണി പെരുമ്പാവൂരിന്റെ പ്രഖ്യാപനത്തിന് ശേഷം സര്‍ക്കാര്‍ മുന്‍കൈയ്യെടുത്ത് നടത്തിയ ചര്‍ച്ചയ്‌ക്കൊടുവിലാണ് ചിത്രം തിയേറ്ററര്‍ റിലീസ് ചെയ്യാന്‍ തീരുമാനിച്ചത്.

മരക്കാര്‍ ടീമിന്‍റെ സന്തോഷം പങ്കുവച്ച് സോഷ്യല്‍ മീഡിയയിലൂടെ മോഹന്‍ലാലും എത്തിയിരുന്നു. ചിത്രത്തിന്‍റെ തിയറ്റര്‍ റിലീസിന് ശ്രമിച്ചവര്‍ക്കും മോഹന്‍ലാല്‍ ആരാധകര്‍ക്കും നന്ദി അറിയിച്ചുകൊണ്ട് ആന്‍റണി പെരുമ്പാവൂര്‍ എത്തിയിരിക്കുകയാണ്

ആന്‍റണി പെരുമ്പാവൂര്‍ പറയുന്നു

പ്രിയപ്പെട്ടവരെ, നിങ്ങൾ ഓരോരുത്തരും കഴിഞ്ഞ രണ്ടു വർഷത്തിലധികമായി ഏറെ ആവേശത്തോടെ കാത്തിരുന്ന ചിത്രമാണ് മരക്കാർ അറബിക്കടലിന്‍റെ സിംഹം. ലാൽ സാറിന്‍റെയും പ്രിയദർശൻ സാറിന്‍റെയും ഒരു സ്വപ്നമായിരുന്നു ഈ ചിത്രം. എന്നാൽ കഴിഞ്ഞ രണ്ടു വർഷമായി നമുക്ക് നേരിടേണ്ടി വന്ന കൊവിഡ് എന്ന മഹാമാരി ആ സ്വപ്‍നചിത്രം വെള്ളിത്തിരയിലെത്തുന്ന ദിവസത്തെ ഒരുപാട് നീട്ടിക്കൊണ്ടു പോയി. അതിനു ശേഷവും ഈ ചിത്രം വെള്ളിത്തിരയിൽ, നിങ്ങളുടെ ഇടയിൽ എത്തിക്കാൻ ഒട്ടേറെ ശ്രമങ്ങൾ നടത്തി. ഒട്ടേറെ ചർച്ചകൾ നടന്നു. ഒടുവിൽ നിങ്ങൾക്കു വേണ്ടി ഞങ്ങൾ ഒരുക്കിയ ആ സ്വപ്ന ചിത്രം നിങ്ങളുടെ മുന്നിലേക്ക്, തിയറ്ററുകളിലേക്കു തന്നെ എത്താൻ പോവുകയാണ്.

നിങ്ങളുടെ ആവേശത്തിനും കൈയ്യടികൾക്കും ആർപ്പുവിളികൾക്കും ഇടയിലേക്ക്, മരക്കാർ ഈ വരുന്ന ഡിസംബർ രണ്ടാം തീയതി കടന്നു വരും. നിങ്ങളുടെ പ്രതീക്ഷകളെ സാധൂകരിക്കുന്ന, മലയാള സിനിമക്കും ഇന്ത്യൻ സിനിമയ്ക്കും അഭിമാനമാകുന്ന ഒരു ചിത്രമായി മരക്കാർ മാറും എന്ന വിശ്വാസവും പ്രതീക്ഷയും പുലർത്തിക്കൊണ്ടാണ് ഈ തീരുമാനം. ഈ ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തിക്കാനുള്ള ശ്രമത്തിൽ ഒപ്പം നിന്ന ബഹുമാനപ്പെട്ട സാംസ്‌കാരിക മന്ത്രി ശ്രീ സജി ചെറിയാൻ സർ, മോഹൻലാൽ സർ, പ്രിയദർശൻ സർ, സുരേഷ് കുമാർ സർ, ഒപ്പം ആശീർവാദ് സിനിമാസുമായി എന്നും സഹകരിച്ചിട്ടുള്ള കേരളത്തിലെ തിയറ്ററുകൾ, നിർമ്മാതാക്കൾ, വിതരണക്കാർ എന്നിവർക്കെല്ലാം ഈ അവസരത്തിൽ നന്ദിയും കടപ്പാടും രേഖപ്പെടുത്തുന്നു. ആശിർവാദ് സിനിമാസിനെ എന്നും സപ്പോർട്ട് ചെയ്തിരിക്കുന്ന മോഹൻലാൽ സർ ഫാൻസിനും, എല്ലാ മലയാളികൾക്കും ഈ നിമിഷം ഞാൻ എന്‍റെ സ്നേഹം അറിയിക്കുന്നു.. കുഞ്ഞാലി വരും..

Noora T Noora T :