സ്‌കൂളില്‍ സമപ്രായക്കാര്‍ക്കൊപ്പം ചിരിച്ച് കളിച്ച് പഠിക്കേണ്ട പ്രായത്തില്‍ മൊബൈലിനു മുന്നില്‍ ഇങ്ങനെ ഇരിക്കേണ്ടി വരുന്ന അവസ്ഥ…. കുറിപ്പുമായി ജിഷിൻ മോഹൻ

മിനിസ്‌ക്രീന്‍ താരങ്ങളായ ജിഷിന്‍ മോഹനും ഭാര്യ വരദയും അവരുടെ മകനും പ്രേക്ഷകര്‍ക്ക് സുപരിചിതരാണ്. സോഷ്യൽ മീഡിയയിൽ സജീവമായ ഈ താരദമ്പതികൾ തങ്ങളുടെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ മകന്‍ ജിയാനെ കുറിച്ചുള്ള രസകരമായ കഥകളാണ് താരം പങ്കുവെച്ചത്.

വീണ്ടും മകന്റെ ഓണ്‍ലൈന്‍ ക്ലാസ് തുടങ്ങിയതുമായി ബന്ധപ്പെട്ട വിശേഷങ്ങളാണ് ജിഷിന്‍ പറയുന്നത്. വിദ്യാരംഭം കുറിച്ച് ഓണ്‍ലൈന്‍ ക്ലാസിലേക്ക് മകന്‍ പ്രവേശിച്ചത് മാത്രമല്ല തന്നെ എഴുത്തിനിരുത്തിയപ്പോള്‍ നടന്ന സംഭവബഹുലമായ കാര്യങ്ങളും താരം വെളിപ്പെടുത്തി.

ജിഷിന്‍ പങ്കുവെച്ച കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം..

‘വിദ്യാരംഭം. എഴുത്തിനിരുത്തോടു കൂടി ജിയാന്റെ ആദ്യദിന ഓണ്‍ലൈന്‍ ക്ലാസ് ഇന്ന് ആരംഭിച്ചു. ഈ തലമുറയുടെ വിധി. സ്‌കൂളില്‍ സമപ്രായക്കാര്‍ക്കൊപ്പം ചിരിച്ച് കളിച്ച് പഠിക്കേണ്ട പ്രായത്തില്‍ മൊബൈലിനു മുന്നില്‍ ഇങ്ങനെ ഇരിക്കേണ്ടി വരുന്ന അവസ്ഥ. ഇത് കാണുമ്പോള്‍ എനിക്ക് എന്റെ വിദ്യാരംഭത്തെക്കുറിച്ച് അമ്മ പറഞ്ഞ കഥ ഓര്‍മ്മ വന്നു. അന്ന് നമ്മുടെ ഗ്രാമത്തില്‍ എടേത്ത് നാരാണേട്ടന്‍ എന്ന് പറയുന്ന തലമുതിര്‍ന്ന കാരണവര്‍ ആയിരുന്നു എന്നെ എഴുത്തിനിരുത്തിയത്.

എന്റെ കൈ പിടിച്ച്, അരിയില്‍ എഴുതിക്കാന്‍ നോക്കിയ അദ്ദേഹത്തിന്റെ ശ്രമം പാഴാകുകയായിരുന്നു. കൈ കുതറിച്ച് എഴുതൂല എന്ന് പറഞ്ഞ് അദ്ദേഹത്തിന്റെ വയറിനിട്ട് ഇടിച്ച ആ മൂന്നു വയസ്സുകാരന്‍ ജിഷിനെ അവര്‍ ഇപ്പോഴും ഓര്‍ക്കുന്നു. ഏതായാലും ഈ അവസ്ഥയൊക്കെ മാറി കുട്ടികള്‍ക്ക് സ്‌കൂളില്‍ പോകാനുള്ള അവസ്ഥ ഉണ്ടാകട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു. Note: അച്ഛനെപ്പോലെ ആകരുതേ മോനേ എന്ന കമന്റ് നിരോധിച്ചിരിക്കുന്നു’.

Noora T Noora T :