ഭാഷാഭേദമന്യേ നിരവധി ആരാധകരുള്ള തെന്നിന്ത്യൻ സൂപ്പർ നായികയാണ് നയൻതാര. ആരാധകരുടെ സ്വന്തം നയൻസ്. 2003 ൽ ജയറാം നായകനായി എത്തിയ മനസ്സിനക്കരെ എന്ന ചിത്രത്തിലൂടെ എത്തി ഇന്ന് തെന്നിന്ത്യയുടെ ലേഡി സൂപ്പർസ്റ്റാറായി തിളങ്ങി നിൽക്കുകയാണ് നടി. സിനിമ പോലെ തന്നെ നയൻതാരയുടെ വ്യക്തിജീവിതവും എന്നും വാർത്തകളിൽ നിറഞ്ഞു നിന്നിരുന്നു.
നേരത്തെ, നയൻതാരയും ധനുഷും തമ്മിലുള്ള തർക്കം വിവാദമായിരുന്നു. നയൻതാരയെക്കുറിച്ച് നെറ്റ്ഫ്ലിക്സ് തയാറാക്കിയ ഡോക്യുമെൻററിയിൽ ധനുഷ് നിർമിച്ച നയൻസ് ചിത്രം, ‘നാനും റൗഡി താനി’ൻറെ പിന്നാമ്പുറ ദൃശ്യങ്ങൾ ഉപയോഗിച്ചിരുന്നു. സിനിമയിലെ ദൃശ്യങ്ങൾ ഡോക്യുമെൻററിയിൽ ഉപയോഗിക്കാൻ ധനുഷ് സമ്മതിക്കാതിരുന്നപ്പോഴാണ് നയൻതാര അന്ന് മൊബൈലിൽ എടുത്തുവച്ചിരുന്ന ദൃശ്യം ഡോക്യുമെൻററിയിൽ ചേർത്തത്.
ഇതുൾപ്പെട്ട ട്രെയിലർ പുറത്തുവന്നതിന് പിന്നാലെ ധനുഷ് 10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നയൻതാരയ്ക്ക് നോട്ടിസയച്ചു. 3 സെക്കൻറ് വിഷ്വലിന് 10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടതിലെ അനൗചിത്യം ചോദ്യംചെയ്ത് നയൻതാര മൂന്നുപേജുള്ള കുറിപ്പ് സമൂഹമാധ്യമ അക്കൗണ്ടുകളിൽ ഇട്ടു. ധനുഷിൻറെ വ്യക്തിത്വത്തെയും പെരുമാറ്റത്തെയുമെല്ലാം അതിരൂക്ഷമായി വിമർശിക്കുന്നതായിരുന്നു കത്ത്.
നല്ല നടനെന്നപോലെ തന്നെ തന്റെ കയ്യിൽ നിന്നും ചിലവാകുന്ന ഒരോ രൂപയും തിരിച്ച് പിടിക്കാനുള്ള മാർഗം കണ്ടെത്തുന്ന ബുദ്ധിമാനായ ബിസിനസ്മാൻ കൂടിയാണ് ധനുഷെന്നാണ് സിനിമാ മേഖലയിലുള്ളവർ പറയുന്നത്. അതുകൊണ്ട് കൂടിയാണ് നാനും റൗഡി താൻ സിനിമയിലെ ദൃശ്യങ്ങൾ ഡോക്യുമെൻററിയിൽ ഉൾപ്പെടുത്താൻ എൻഒസി ആവശ്യപ്പെട്ട് നയൻതാര സമീപിച്ചപ്പോൾ ധനുഷ് അത് നിരസിച്ചത്. പലരേയും ഉൾപ്പെടുത്തി ധനുഷിൽ നിന്നും എൻഒസി വാങ്ങാൻ നയൻതാര ശ്രമിച്ചെങ്കിലും നടന്നില്ല.
അവസാനം ഫോണിലുണ്ടായിരുന്ന മൂന്ന് സെക്കൻറ് ദൃശ്യങ്ങൾ ഡോക്യുമെൻററിയിൽ നയൻതാര ഉൾപ്പെടുത്തി. അതിന്റെ പേരിൽ 10 കോടിയുടെ നഷ്ട പരിഹാരം ആവശ്യപ്പെട്ട് വക്കീൽ നോട്ടിസയച്ച് ധനുഷ് തിരിച്ചടിച്ചു. എന്ത് തന്നെ സംഭവിച്ചാലും നയൻതാരയുമായുള്ള ശീതയുദ്ധം തുടരാനുള്ള നിലപാടിൽ തന്നെയാണ് ധനുഷ്. നടിയോട് കടുപിടുത്തം പിടിക്കുന്ന ധനുഷ് പക്ഷെ സിമ്പുവിന്റെ കാര്യത്തിൽ ഒരു വാശിയും കാണിച്ചില്ലെന്നാണ് അടുത്തിടെ പുറത്തിയ റിപ്പോർട്ടുകളിൽ നിന്ന് വ്യക്തമാകുന്നത്.
മൂന്ന് സെക്കന്റ് ദൈർഘ്യമുള്ള വീഡിയോയ്ക്ക് നയൻതാരയിൽ നിന്ന് 10 കോടി രൂപ ആവശ്യപ്പെട്ട ധനുഷ് വെട്രിമാരൻ സംവിധാനം ചെയ്യുന്ന വട ചെന്നൈ രണ്ടാം ഭാഗത്തിന് സിമ്പുവിന് നോ-ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് നൽകി. മാത്രമല്ല ഒരു രൂപപോലും കൈ പറ്റിയിട്ടല്ല എന്നതാണ് റിപ്പോർട്ട്. അതോടെ സിനിമാപ്രേമികൾ വീണ്ടും നയൻതാരയെ ടാഗ്ചെയ്യുകയും എൻഒസി തർക്കം വീണ്ടും ചർച്ച ചെയ്യാനും തുടങ്ങി. സുഹൃത്തുക്കൾക്ക് വേണ്ടി എന്തും ചെയ്യുന്ന നടനാണ് ധനുഷെന്നും അതാണ് സിമ്പുവിന് വേണ്ടി ഇതെല്ലാം ചെയ്യാൻ കാരണം എന്നുമാണ് കമന്റുകൾ. തനിക്ക് നഷ്ടം വരുത്തിയ നയൻതാരയെ കോടതി കയറ്റണമെന്നത് ധനുഷിന്റെ വാശിയാണെന്നത് വ്യക്തമാകുന്നുവെന്നും പ്രേക്ഷക പ്രതികരണങ്ങളുണ്ട്.
നയൻതാരക്കെതിരെ മദ്രാസ് ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ നയൻതാരയ്‌ക്കും ഭർത്താവ് വിഘ്നേഷ് ശിവനുമെതിരെ ശക്തമായ ആരോപണങ്ങളായിരുന്നു നയൻതാരയുടെയും വിഘ്നേഷ് ശിവന്റെയും പ്രണയം കാരണം കോടികളുടെ നഷ്ടമാണ് തനിക്കുണ്ടായതെന്ന് ധനുഷ് ആരോപിച്ചു.
നാനും റൗഡി താൻ എന്ന സിനിമ പരാജയപ്പെട്ടതിന് കാരണം നയൻതാരയുടെയും വിഘ്നേഷിന്റെയും പ്രണയമാണ്. നാല് കോടി ബജറ്റിലാണ് സിനിമ തുടങ്ങിയത്. എന്നാൽ ഇരുവരുടെയും പ്രണയം കാരണം ഷൂട്ടിംഗിന് കാലതാമസമുണ്ടായി. സെറ്റിൽ ഇരുവരും വൈകിയാണ് വരുന്നത്. നയൻതാര ഉൾപ്പെട്ട രംഗങ്ങൾ വിഘ്നേഷ് ആവർത്തിച്ച് ചിത്രീകരിച്ചുവെന്നും ധനുഷ് സത്യവാങ്മൂലത്തിൽ പറയുന്നു.
മാത്രമലല്, ഡോക്യുമെന്ററിക്കായി ചില ദൃശ്യങ്ങൾ വിഘ്നേഷ് രഹസ്യമായി ചോദിച്ചു. ചിത്രത്തിന്റെ നിർമാണ കമ്പനിയായ വണ്ടർബാർ ഡയറക്ടറെ ഫോണിൽ വിളിച്ചാണ് ആവശ്യപ്പെട്ടത്. ധനുഷ് അറിയാതെ ഒന്നും ചെയ്യാൻ കഴിയില്ലെന്ന് കമ്പനി അറിയിച്ചപ്പോൾ വിഘ്നേഷ് അസഭ്യം പറഞ്ഞുവെന്നും ധനുഷ് ആരോപിച്ചു.
അതേസമയം, വിവാദ വിഷയത്തെ കുറിച്ച് അടുത്തിടെ നടന്ന ഒരു അഭിമുഖത്തിൽ നയൻതാര തുറന്ന് പറഞ്ഞിരുന്നു. പ്രശ്നം പരിഹരിക്കാനായി നിരവധി തവണ ധനുഷുമായി ബന്ധപ്പെടാൻ ശ്രമിച്ചെന്നും വിവാദമായ ക്ലിപ്പുകൾ ഡോക്യുമെന്ററിയിൽ നിന്ന് ഒഴിവാക്കാൻ തങ്ങൾ തീരുമാനിച്ചിരുന്നുവെന്നും നയൻതാര പറഞ്ഞു. പ്രശ്നം സംസാരിച്ച് തീർക്കാൻ ധനുഷിന്റെ മാനേജരെ പലതവണ ബന്ധപ്പെട്ടിരുന്നു. അഭിപ്രായ വ്യത്യാസങ്ങൾ പറഞ്ഞ് തീർക്കാൻ ഇപ്പോഴും താൻ തയാറാണെന്നുമാണ് നയൻതാര വ്യക്തമാക്കിയത്.
2014ൽ നയൻതാരയെ നായികയാക്കി ധനുഷ് നിർമിച്ച ചിത്രമാണ് നാനും റൗഡി താൻ’. താനും വിഘ്നേഷും ഇഷ്ടപ്പെടുന്നതും പ്രണയത്തിലായതും ഈ സിനിമയുടെ സെറ്റിൽവച്ചാണെന്ന് നയൻതാര പലപ്പോഴും പറഞ്ഞിട്ടുണ്ട്. സംവിധായകൻ നായികയോട് അടുപ്പം സ്ഥാപിച്ചത് നിർമാതാവെന്ന നിലയിൽ ധനുഷിനെ കാര്യമായി അലോസരപ്പെടുത്തിയിരുന്നു.
പ്രൊഡക്ഷൻ വൈകിയത് കാരണം 12 കോടി രൂപ അധികച്ചെലവ് വരികയും ചെയ്തുവെന്നാണ് ധനുഷ് പറയുന്നത്. ഇതേച്ചൊല്ലി പലതവണ തർക്കങ്ങളും ഉണ്ടായി. ഒരുഘട്ടത്തിൽ ചിത്രം തന്നെ ഉപേക്ഷിക്കാൻ ധനുഷ് ആലോചിച്ചിരുന്നു. അവസാനഘട്ടത്തിൽ ധനുഷ് വേണ്ടത്ര പണം നൽകാത്തതിനാൽ നയൻതാര വിഘ്നേഷിനുവേണ്ടി സ്വന്തം പണം മുടക്കിയാണ് സിനിമ പൂർത്തിയാക്കിയതെന്നും വിവരമുണ്ട്.
അതേസമയം, വിഘ്നേഷിന് മുമ്പ് നിരവധി പ്രണയങ്ങൾ നയൻതാരയുടെ ജീവിതത്തിൽ സംഭവിച്ചിട്ടുണ്ട്. അതിൽ ആദ്യത്തേത് നടൻ സിലമ്പരസൻ എന്ന സിമ്പു ആയിരുന്നു. വല്ലവൻ സമയത്തായിരുന്നു ഇരുവരുടേയും പ്രണയം മൊട്ടിട്ടത്. പക്ഷെ സ്വകാര്യ ചിത്രങ്ങൾ ലീക്കായതോടെ ഇരുവരും വേർപിരിഞ്ഞു. പിന്നീട് നടനും സംവിധായകനും നർത്തകനുമെല്ലാമായ പ്രഭുദേവയായിരുന്നു നയൻതാരയുടെ പ്രണയം. ഇരുവരും വിവാഹിതരാകുമെന്ന് തന്നെയാണ് പ്രേക്ഷകരും സിനിമാ ലോകവും കരുതിയിരുന്നത്. എന്നാൽ ഏവരെയും ഞെട്ടിച്ചുകൊണ്ടായിരുന്നു ഇവരുടെ വേർപിരിയൽ.
അടുത്തിടെ, പ്രഭുദേവയുമായുള്ള ബന്ധത്തിൽ സംഭവിച്ചതിനെക്കുറിച്ച് ആദ്യമായി നയൻതാര വെളിപ്പെടുത്തിയിരുന്നു. ബന്ധത്തിലായ ശേഷം തന്നോട് കരിയർ വിടാൻ പ്രഭുദേവ ആവശ്യപ്പെട്ടെന്ന് നയൻതാര ഡോക്യുമെന്ററിയിൽ പറയുന്നത്. ആദ്യമായാണ് നയൻതാര ഇക്കാര്യത്തിൽ മനസ് തുറക്കുന്നത്. അവസാന ദിവസത്തെ ഷൂട്ടിംഗ് എനിക്ക് മറക്കാനാകില്ല. ആ ഇമോഷൻ എനിക്ക് വിശദീകരിക്കാനാകില്ല. ഞാൻ വല്ലാതായി. ഞാൻ പോലുമറിയാതെ കരഞ്ഞു. ഞാൻ ഒരുപാട് സ്നേഹിച്ച്, ഇതാണ് എനിക്കെല്ലാം എന്ന് കരുതിയ പ്രൊഫഷൻ വിട്ട് കൊടുക്കേണ്ടി വന്നപ്പോൾ അതിനേക്കാൾ താഴ്ന്നതൊന്നുമില്ലെന്ന് തോന്നി. ഞാൻ ഇൻഡസ്ട്രി വിട്ടതിന് കാരണം എന്നോട് ആ വ്യക്തി ആവശ്യപ്പെട്ടതാണ്. എനിക്കതൊരു ഓപ്ഷൻ അല്ലായിരുന്നു.
നിനക്കിനി വർക്ക് ചെയ്യാൻ പറ്റില്ലെന്ന് പറഞ്ഞു. എനിക്ക് വേറെ ഓപ്ഷനുണ്ടായിരുന്നില്ല. അന്ന് ജീവിതമെന്താണെന്ന് മനസിലാക്കാനുള്ള പക്വത എനിക്കില്ലായിരുന്നു. എന്ത് തരം ആളുകൾക്കൊപ്പമാണ് നിങ്ങളുള്ളതെന്നും എന്താണ് ചെയ്ത് കൊണ്ടിരിക്കുന്നതെന്നും നിങ്ങൾക്ക് മനസിലാകുക മോശം ഘട്ടത്തിലൂടെ കടന്ന് പോകുമ്പോഴാണ്. അതെന്നെ പൂർണമായും തകർത്തു.ഞാനല്ല പ്രശ്നമെന്ന് മനസിലാക്കുന്ന ഒരു ദിവസം വരുമെന്ന് അവർ മനസിലാക്കുമെന്ന് താൻ ചിന്തിച്ചെന്നും നയൻതാര വ്യക്തമാക്കി.
ജീവിതത്തിൽ പിഴവുകൾ പറ്റുന്നതും അതിൽ ഖേദിക്കുന്നതും ഓക്കെയാണ്. ആ വ്യക്തിയെ വിശ്വസിച്ചില്ലായിരുന്നെങ്കിൽ ജീവിതത്തിലെ കുറച്ച് വർഷങ്ങൾ നഷ്ടപെടില്ലായിരുന്നു. പക്ഷെ അതിൽ കുഴപ്പമില്ലെന്നും നയൻതാര വ്യക്തമാക്കി. അതേസമയം, പ്രഭുവേദയുമായി അകന്ന ശേഷം കരിയറിൽ നിന്നും വിട്ട് നിന്ന നയൻതാരയ്ക്ക് മുൻനിര നായിക സ്ഥാനവും നഷ്ടമായിരുന്നു. എന്നാൽ രാജറാണി എന്ന ചിത്രത്തിലൂടെ ശക്തമായ തിരിച്ച് വരവ് താരം നടത്തി.
ലേഡി സൂപ്പർസ്റ്റാറായി മാറുന്നതും തിരിച്ച് വരവിലാണ്. അതേസമയം പ്രഭുദേവ ബന്ധം തകർന്ന ശേഷം ഇതുവരെയും നയൻതാരയെക്കുറിച്ച് സംസാരിച്ചിട്ടില്ല. ആദ്യ വിവാഹ ബന്ധം നിലനിൽക്കെയാണ് പ്രഭുദേവ നയൻതാരയുമായി അടുത്തത്. റംലത്ത് എന്നായിരുന്നു ആദ്യ ഭാര്യയുടെ പേര്. അന്ന് നയൻതാരയ്ക്കും പ്രഭുദേവയ്ക്കും എതിരെ റംലത്ത് പരസ്യമായി രംഗത്ത് വന്നിട്ടുമുണ്ട്. നയൻതാരയുമൊത്ത് ലിവ് ഇൻ റിലേഷൻഷിപ്പിലാണെന്ന് പറഞ്ഞ് ലത വലിയ പ്രശ്നങ്ങൾ ഉണ്ടാക്കിയിരുന്നു. രണ്ട് കുഞ്ഞുങ്ങളുടെ അച്ഛനായ തന്റെ ഭർത്താവിനെ നയൻതാര തട്ടിയെടുക്കുകയാണെന്ന് പറഞ്ഞാണ് പ്രഭുദേവയുടെ ഭാര്യ രംഗത്ത് വന്നത്. അവർ അതിനെതിരെ കുടുംബ കോടതിയിൽ കേസ് ഫയൽ ചെയ്തിരുന്നു. 2010 ൽ ലതയും പ്രഭുദേവയും ഡിവോഴ്സ് ആയി. വൻ തുക ജീവനാംശമായി പ്രഭുദേവ നൽകി. മക്കളുടെ കാര്യങ്ങളും ഏറ്റെടുത്തു.
അടുത്തിടെ, പേരിനൊപ്പം ലേഡി സൂപ്പർ സ്റ്റാർ എന്ന് ചേർത്തുവിളിക്കുന്നത് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നടി നയൻതാര കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. സ്ഥാനങ്ങൾ വിലമതിക്കാനാവാത്തതാണെന്നും എന്നാൽ ചില സമയത്ത് അത് പ്രേക്ഷകരിൽ നിന്നും വേർതിരിച്ചു നിർത്തുന്നുവെന്നും സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ട പ്രസ്താവനയിൽ നയൻതാര കൂട്ടിച്ചേർത്തു. നിങ്ങളെല്ലാം സ്നേഹത്തോടെ എന്നെ ലേഡി സൂപ്പർസ്റ്റാർ എന്ന് വിളിച്ചു.
എനിക്ക് ഇത്രയും വലിയ ഒരു കിരീടം നൽകിയതിന് എല്ലാവരോടും കടപ്പെട്ടിരിക്കുന്നു. എന്നാൽ എന്നെ നയൻതാര എന്ന് മാത്രം വിളിച്ചാൽ മതിയെന്ന് എളിമയോടെ അപേക്ഷിക്കുന്നു. കാരണം ഈ പേരാണ് എൻറെ ഹൃദയത്തോട് ചേർന്നുനിൽക്കുന്നത്. ഞാൻ ആരാണ് എന്നത് ആ പേര് പ്രതിനിധീകരിക്കുന്നുണ്ട്, നടി എന്ന നിലയ്ക്ക് മാത്രമല്ല, ഒരു വ്യക്തി എന്ന നിലയ്ക്കും’ എന്നാണ് നയൻതാര പറഞ്ഞത്.
നയൻതാരയ്ക്ക് തമിഴ് സിനിമാ ലോകം കൊടുത്ത സിംഹാസനം അവർ ദുരുപയോഗം ചെയ്യുന്നുവെന്നാണ് അടുത്തിടെ തമിഴ് ഫിലിം ജേർണലിസ്റ്റ് ബിസ്മി വെളിപ്പെടുത്തിയത്. പത്ത് കോടിയും പതിനഞ്ച് കോടിയും കൊടുത്ത് അഭിനയിപ്പിക്കുന്ന നിർമാതാക്കളെക്കുറിച്ച് ഒരു ദിവസം പോലും ചിന്തിക്കുന്നില്ല. കഥ കേട്ട് സിനിമ ചെയ്യാൻ തയ്യാറായി ഷൂട്ടിംഗിനെത്തുമ്പോൾ അഹംഭാവം കാണിക്കുന്നു. ഇങ്ങനെ അഭിനയിക്കില്ല, അങ്ങനെ അഭിനയിക്കില്ല എന്നൊക്കെ പറയുന്നു. മുക്കുത്തി അമ്മൻ 2 ഭക്തി സിനിമയാണ്. മോശം കോസ്റ്റ്യൂം എന്തായാലും കൊടുക്കില്ല. സുന്ദർ സി അങ്ങനെയൊരു സംവിധായകനല്ല. ഒരു കോസ്റ്റ്യൂം കൊടുത്തപ്പോൾ ഈ കോസ്റ്റ്യൂമിൽ അഭിനയിക്കില്ലെന്ന് പറഞ്ഞുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.