നടൻ സിദ്ദിഖ് കുറ്റക്കാരൻ തന്നെ; കുറ്റപത്രം സമർപ്പിച്ച് പ്രത്യേക അന്വേഷണ സംഘം

യുവനടിയെ ബ ലാത്സം​ഗം ചെയ്ത കേസിൽ നടൻ സിദ്ദിഖ് കുറ്റക്കാരനെന്ന് കണ്ടെത്തി പൊലീസ്. സിദ്ദിഖിനെതിരെ പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചിരിക്കുകയാണ്. സിനിമയിൽ അവസരം വാ​ഗ്ദാനം ചെയ്ത് ​ഹോട്ടലിൽ വിളിച്ചുവരുത്തിയത് ദുരുദ്ദേശത്തോടെയാണെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്.

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവരുന്നതിന് മുമ്പും യുവതി ലൈം ​ഗികാതിക്രമത്തെ കുറിച്ച് വെളിപ്പെടുത്തിയിട്ടുണ്ടെന്നും അന്വേഷണ സംഘം കണ്ടെത്തി. 2016 ജനുവരി 27-ന് തിരുവനന്തപുരത്തെ മസ്കറ്റ് ​ഹോട്ടലിൽ വച്ചായിരുന്നു പീഡനം. സിദ്ദിഖ് മസ്കറ്റ് ഹോട്ടലിൽ താമസിച്ചതിന് സാക്ഷി മൊഴികളും ഡിജിറ്റൽ തെളിവുകളുമുണ്ട്.

2016 ജനുവരി 28 ന് തിരുവനന്തപുരത്തെ മസ്കറ്റ് ഹോട്ടലിൽവച്ച് പെൺകുട്ടിയെ സിദ്ദിഖ് ബ ലാത്സംഗം ചെയ്തുവെന്നാണ് കേസ്. സിനിമ ചർച്ച ചെയ്യാൻ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി സിദ്ദിഖ് ബ ലാത്സംഗം ചെയ്തുവെന്നാണ് നടി മൊഴിനൽകിയിരിക്കുന്നത്. 101 ഡി നമ്പർ മുറിയിൽ വെച്ചാണ് പീ ഡനമെന്നായിരുന്നു യുവതിയുടെ മൊഴി.

ഒന്നര മാസത്തിനിടയിലെ അന്വേഷണത്തിൽ പരാതിക്കാരിയുടെ ആരോപണം ശരി വയ്ക്കുന്ന തരത്തിലുള്ള തെളിവുകളാണ് പ്രത്യേക അന്വേഷണസംഘത്തിന് കണ്ടെത്താനായത്. ജനുവരി 27ന് രാത്രി 12 മണിക്ക് മുറി എടുത്ത സിദ്ദിഖ് പിറ്റേ ദിവസം വൈകിട്ട് 5 മണി വരെ ഹോട്ടലിൽ ഉണ്ടായിരുന്നതായി ഹോട്ടൽ രേഖകളിൽ നിന്ന് വ്യക്തമായി.

ഗ്ലാസ് ജനലിലിലെ കർട്ടന് മാറ്റി പുറത്തേയ്ക്ക് നോക്കിയാൽ സ്വിമ്മിംഗ് പൂൾ കാണാമെന്ന് യുവതി പറഞ്ഞിരുന്നു. യുവതിയ്ക്കൊപ്പം നടത്തിയ തെളിവെടുപ്പിൽ അന്വേഷണ സംഘം ഇക്കാര്യം സ്ഥരീകരിച്ചു. ചോറും മീൻ കറിയും തൈരുമാണ് സിദ്ദീഖ് കഴിച്ചതെന്ന യുവതിയുടെ മൊഴി ശരിവെയ്ക്കുന്ന ഹോട്ടൽ ബില്ലും അന്വേഷണ സംഘം കണ്ടെത്തി.

പീ ഡനം നടന്ന് ഒരുവർഷത്തിന് ശേഷം കാട്ടാക്കടയിലുള്ള ഒരു സുഹൃത്തിനോട് യുവതി ഇക്കാര്യം പറഞ്ഞിരുന്നു. പൊലീസ് അന്വേഷണത്തിൽ സുഹൃത്ത് ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. അച്ഛനും അമ്മയ്ക്കും കൂട്ടുകാരിയ്ക്കുമൊപ്പമാണ് ഹോട്ടലിൽ എത്തിയതെന്ന് പരാതിക്കാരി പറഞ്ഞിരുന്നു. ഇതും മൂന്ന് പേരും ശരിവെച്ചിട്ടുണ്ട്. ഇതിന് പുറമേയാണ് സ്വതന്ത്രമായ സാക്ഷി മൊഴികളും രേഖകളും അന്വേഷണ സംഘത്തിന് ലഭിച്ചുവെന്നാണ് വിവരം.

ലൈം ഗിക പീഡനത്തിന് ശേഷം കടുത്ത മാനസിക സംഘർഷങ്ങളിലൂടെയാണ് യുവതി കടന്നു പോയത്. ആ ത്മഹത്യ പ്രേരണയുണ്ടായി. ഗ്ലാസ് ജനൽ ഉൾപ്പെടെ ഹോട്ടൽ മുറിയുടേതിന് സമാനമായ രംഗങ്ങൾ കാണുന്നത് മാനസിക വിഭ്രാന്തിയ്ക്ക് ഇടയാക്കി. തുടർന്ന് കാക്കനാട്ടും പിന്നീട് കൊച്ചി പനമ്പിള്ളി നഗറിലുമുള്ള രണ്ട് വനിതാ സൈക്യാട്രിസ്റ്റുകളുടെ ചികിത്സ തേടിയിരുന്നു.

തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ രണ്ട് വനിതാ ഡോക്ടർമാരും ഇക്കാര്യം ശരിവെയ്ക്കുകയും അന്വേഷണ സംഘത്തിന് മുമ്പാകെ മൊഴിനൽകുകയും ചികിത്സാ വിവരങ്ങൾ കൈ മാറുകയും ചെയ്തിരുന്നു. സംഭവ ദിവസം യുവതി ധരിച്ച വസ്ത്രങ്ങൾ ഫോറൻസിക പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

Vijayasree Vijayasree :