അന്വേഷണവുമായി സഹകരിക്കുന്നില്ല, രേഖകൾ ഹാജരാക്കിയില്ല; സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി അന്വേഷണ സംഘം

യുവനടിയുടെ പരാതിയിൽ നടൻ സിദ്ദിഖ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പ്രത്യേക അന്വേഷണ സംഘം. ചോദ്യങ്ങളോട് കൃത്യമായി പ്രതികരിക്കുന്നില്ലെന്നും രേഖകൾ ഹാജരാക്കിയില്ലെന്നും അന്വേഷണ സംഘം പറഞ്ഞു. മൂന്ന് മണിക്കൂറോളം നടനെ ചോദ്യം ചെയ്തുവെങ്കിലും ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി നൽകാതെ സിദ്ദിഖ് ഒഴിഞ്ഞു മാറുകയായിരുന്നു.

താരം സഹകരിക്കാത്ത പക്ഷം വിഷയം സുപ്രീം കോടതിയെ അറിയിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. 2016 മുതലുള്ള വാട്‌സ് ആപ്പ് ചാറ്റുകൾ തന്റെ പക്കലുണ്ടെന്നും ഇതിലൂടെ നിരപരാധിയാണെന്ന് തെളിയിക്കാൻ സാധിക്കുമെന്നുമായിരുന്നു സിദ്ദിഖിന്റെ വാദം. ഈ രേഖകൾ ഹാജരാക്കാൻ അന്വേഷണ സംഘം ആവശ്യപ്പെട്ടിരുന്നു.

എന്നാൽ രണ്ട് തവണ ചോദ്യം ചെയ്യലിന് ഹാജരായപ്പോഴും ഈ രേഖകൾ സിദ്ദിഖ് ഉദ്യോഗസ്ഥർക്ക് നൽകിയില്ല. ക്യാമറ, ഐപാഡ്, ഫോൺ എന്നിവ ഇപ്പോൾ തന്റെ കൈവശമില്ലെന്നും ഇവ കണ്ടെത്തേണ്ടിയിരിക്കുന്നു എന്നുമാണ് നടൻ പറയുന്നത്. 2016 ജനുവരി 28 ന് തിരുവനന്തപുരത്തെ മസ്കറ്റ് ഹോട്ടലിൽവച്ച് പെൺകുട്ടിയെ സിദ്ദിഖ് ബ ലാത്സംഗം ചെയ്തുവെന്നാണ് കേസ്.

സിനിമ ചർച്ച ചെയ്യാൻ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി സിദ്ദിഖ് ബ ലാത്സംഗം ചെയ്തുവെന്നാണ് നടി മൊഴിനൽകിയിരിക്കുന്നത്. 101 ഡി നമ്പർ മുറിയിൽ വെച്ചാണ് പീ ഡനമെന്നായിരുന്നു യുവതിയുടെ മൊഴി. ഒന്നര മാസത്തിനിടയിലെ അന്വേഷണത്തിൽ പരാതിക്കാരിയുടെ ആരോപണം ശരി വയ്ക്കുന്ന തരത്തിലുള്ള തെളിവുകളാണ് പ്രത്യേക അന്വേഷണസംഘത്തിന് കണ്ടെത്താനായത്.

ജനുവരി 27ന് രാത്രി 12 മണിക്ക് മുറി എടുത്ത സിദ്ദിഖ് പിറ്റേ ദിവസം വൈകിട്ട് 5 മണി വരെ ഹോട്ടലിൽ ഉണ്ടായിരുന്നതായി ഹോട്ടൽ രേഖകളിൽ നിന്ന് വ്യക്തമായി. ഗ്ലാസ് ജനലിലിലെ കർട്ടന് മാറ്റി പുറത്തേയ്ക്ക് നോക്കിയാൽ സ്വിമ്മിംഗ് പൂൾ കാണാമെന്ന് യുവതി പറഞ്ഞിരുന്നു. യുവതിയ്ക്കൊപ്പം നടത്തിയ തെളിവെടുപ്പിൽ അന്വേഷണ സംഘം ഇക്കാര്യം സ്ഥരീകരിച്ചു. ചോറും മീൻ കറിയും തൈരുമാണ് സിദ്ദീഖ് കഴിച്ചതെന്ന യുവതിയുടെ മൊഴി ശരിവെയ്ക്കുന്ന ഹോട്ടൽ ബില്ലും അന്വേഷണ സംഘം കണ്ടെത്തി.

ഇതിനുശേഷം ഒളിവിൽ പോയ സിദ്ദിഖ് സുപ്രീംകോടതിയെ സമീപിച്ചു. സിദ്ദിഖിനായി പോലീസ് തിരച്ചിൽ വ്യാപിപ്പിക്കുകയും ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കുകയും ചെയ്തിരുന്നു. എന്നാൽ, പ്രതിയെ അറസ്റ്റ് ചെയ്താലും ജാമ്യത്തിൽ വിടണമെന്ന് നിർദേശിച്ച് സുപ്രീംകോടതി കേസ് മാറ്റിവെച്ചതോടെ സിദ്ദിഖ് എറണാകുളത്ത് അഭിഭാഷകനെ കാണാനെത്തി. ഇതിനുശേഷവും അന്വേഷണസംഘം ചോദ്യംചെയ്യലിന് വിളിപ്പിക്കാത്ത സാഹചര്യത്തിലാണ് സിദ്ദിഖ് എവിടെ ഹാജരാകാനും തയ്യാറാണെന്നറിയിച്ച് മെയിൽ അയച്ചത്.

Vijayasree Vijayasree :