ഒരിക്കലും അച്ഛന്റെ ജീവിതത്തെ അടിസ്ഥാനമാക്കി ബയോപിക് ഒരുക്കില്ല; അതിന്റെ കാരണം വ്യക്തമാക്കി ശ്രുതി ഹാസന്‍

പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരിയായ താരമാണ് ശ്രുതി ഹാസന്‍. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം പങ്കുവെയ്ക്കാറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. അടുത്തിടെ ‘ഇനിമേല്‍’ എന്ന മ്യൂസിക് വീഡിയോയ്ക്ക് വേണ്ടി കമലും ശ്രുതിയും ഒരുമിച്ച് പ്രവര്‍ത്തിച്ചിരുന്നു. കമല്‍ ഹാസന്റെ വരികള്‍ക്ക് ശ്രുതി ആയിരുന്നു സംഗീതം പകര്‍ന്നത്.

ഇപ്പോഴിതാ കമല്‍ ഹാസന്റെ ജീവിതത്തെ അടിസ്ഥാനമാക്കി ഒരു ബയോപിക് സംവിധാനം ചെയ്യുമോ എന്ന ചോദ്യത്തിന് ശ്രുതി നല്‍കിയ മറുപടിയാണ് ശ്രദ്ധേയമാകുന്നത്. സംവിധായികയാകണമെന്ന് തനിക്ക് തോന്നാന്‍ പ്രചോദനമായത് അച്ഛനാണെന്നാണ് ശ്രുതിയുടെ പറയുന്നത്.

സൂപ്പര്‍ ഹീറോ ഹീ മാനെപ്പോലെയാണ് അച്ഛനെ താന്‍ കരുതുന്നതെന്ന് ശ്രുതി പറയുന്നു. ‘പപ്പ എപ്പോഴും വളരെ ശാന്തനാണ്. ഒരു ദിവസം ഞാനൊരു സെറ്റില്‍ പോയി. അവിടെ വച്ച് സംവിധായകന്‍ പറയുന്നതെല്ലാം ശ്രദ്ധയോടെ കേള്‍ക്കുന്ന അച്ഛനെ ഞാന്‍ കണ്ടു. അച്ഛനെ ഇങ്ങനെ അഭിനയിപ്പിക്കാന്‍ പ്രേരിപ്പിക്കുന്ന ആള്‍ ആരാണെന്നായിരുന്നു എന്റെ ചിന്ത.

അപ്പോള്‍ സംവിധാനം ഒരു അടിപൊളി ജോലിയാണെന്ന് എനിക്ക് തോന്നി. തുടക്കത്തില്‍ എനിക്ക് കിട്ടിയ ഒരു പ്രചോദനമായിരുന്നു അത് എന്നും താരം പറഞ്ഞു. കൂടാതെ കമല്‍ ഹാസന്റെ ജീവിതത്തെ അടിസ്ഥാനമാക്കി ബയോപിക് സംവിധാനം ചെയ്യുമോ എന്ന ചോദ്യത്തിന് ഇല്ല എന്നായിരുന്നു താരത്തിന്റെ മറുപടി.

അതിന്റെ കാരണവും ശ്രുതി വ്യക്തമാക്കി. ‘ഞാന്‍ എന്നെങ്കിലും അച്ഛന്റെ ജീവിതം സിനിമയാക്കുകയാണെങ്കില്‍ അത് എന്റെ ഭാഗത്ത് നിന്ന് അങ്ങേയറ്റം പക്ഷപാതപരമായിരിക്കും. മാത്രമല്ല അദ്ദേഹത്തിന്റെ കഥയോട് നീതി പുലര്‍ത്താന്‍ കഴിവുള്ള ഒരുപാട് കഥാകൃത്തുക്കള്‍ ഇവിടെയുണ്ടെന്ന് താന്‍ കരുതുന്നു’ എന്നും ശ്രുതി ഹാസന്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു ശ്രുതി ഹാസന്റെ ബ്രേക്കപ്പ് വാര്‍ത്ത പുറത്ത് വന്നത്. പങ്കാളി ശന്തനു ഹസാരികയ്‌ക്കൊപ്പമുള്ള ചിത്രങ്ങള്‍ ശ്രുതി ഹാസന്‍ സോഷ്യല്‍ മീഡിയയില്‍ നിന്ന് നീക്കിയിട്ടുണ്ട്. ഡൂഡില്‍ ആര്‍ട്ടിസ്റ്റായ ശന്തനുവുമായി നാല് വര്‍ഷത്തോളം നീണ്ട പ്രണയമായിരുന്നു ശ്രുതി ഹാസന്.

എന്നാല്‍ ഒരുമിച്ച് മുന്നോട്ട് പോകാന്‍ പറ്റാഞ്ഞതോടെ രണ്ട് പേരും രണ്ട് വഴിക്ക് പിരിഞ്ഞു. റിപ്പോര്‍ട്ടുകള്‍ പ്രകാരം കമ്മിറ്റ്‌മെന്റ് പ്രശ്‌നങ്ങളാണ് ബന്ധത്തെ ബാധിച്ചത്. വിവാഹം ചെയ്യാന്‍ ശ്രുതി താല്‍പര്യം കാണിച്ചെന്നും എന്നാല്‍ ശന്തനു ഹസാരിക ഇതിന് തയ്യാറായില്ലെന്നുമാണ് അഭ്യൂഹങ്ങള്‍.

Vijayasree Vijayasree :