അവരുടെ വഴക്കൊക്കെ കളിയിൽ ഉള്ളതല്ലേ … അവൻ പാവം പയ്യൻ ; അഖിലിനെ കുറിച്ച് ശോഭയുടെ മാതാപിതാക്കൾ

ബി​ഗ് ബോസ് മലയാളം സീസൺ അഞ്ച് ഫൈനലിലേക്ക് അടുക്കുകയാണ്. ആരാകും ടൈറ്റിൽ വിന്നർ ആകുകയെന്ന് അറിയാൻ കാത്തിരിക്കുകയാണ് പ്രേക്ഷകർ. ഇതിനോടകം ടോപ് ഫൈവിൽ ആരൊക്കെ എത്തും എന്ന ചർച്ചകൾ ആരംഭിച്ചു കഴിഞ്ഞു. ടിക്കറ്റ് ടു ഫിനാലെ ജയിച്ച് നാദിറ ടോപ് ഫൈവിൽ എത്തിയിട്ടുണ്ട്. ഇനിയുള്ള നാല് പേര്‍ ആരൊക്കെ എന്നതാണ് ചർച്ചകൾ.മത്സരാര്‍ഥികളുടെ കുടുംബാംഗങ്ങള്‍ ഹൗസിലേക്ക് എത്തിയത് കുറെ മികച്ച മുഹൂർത്തങ്ങളാണ് സമ്മാനിച്ചത്. ഫാമിലി വീക്കിന്റെ ഭാഗമായിട്ടായിരുന്നു കുടുംബാംഗങ്ങളുടെ വരവ്.

ഷിജുവിന്റെ ഭാര്യ പ്രീതി, മകൾ മുസ്കാൻ, നാദിറയുടെ സഹോദരി ഷഹനാസ്, കൂട്ടുകാരി ശ്രുതി സിതാര, റെനീഷയുടെ അമ്മ, സഹോദരൻ അനീഷ്, സെറീനയുടെ അമ്മയും ആന്റിയും, അഖിൽ മാരാരുടെ ഭാര്യയും മക്കളും, ജുനൈസിന്റെ സഹോദരനും സുഹൃത്തും, മിഥുന്റെ അച്ഛനും അമ്മയുമെല്ലാം ബിഗ് ബോസ് വീട്ടിലേക്ക് എത്തി.


ശോഭയുടെ അമ്മയും അച്ഛനും സുഹൃത്തുമാണ് ഏറ്റവും ഒടുവിലായി ഹൗസിലേക്ക് എത്തിയവർ. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് ഇവർ വന്നു മടങ്ങിയത്. മികച്ച സ്വീകരമാണ് ഹൗസില്‍ ശോഭയുടെ മാതാപിതാക്കള്‍ക്ക് ലഭിച്ചത്. ഇപ്പോഴിതാ ഹൗസിൽ നിന്ന് തിരിച്ചെത്തിയ ശേഷമുള്ള ഇവരുടെ പ്രതികരണം ശ്രദ്ധനേടുകയാണ്. മോളെ കാണാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷമുണ്ടെന്നും എല്ലാവരും സന്തോഷമായിട്ട് ഇരിക്കുകയാണെന്നും ശോഭയുടെ അച്ഛനും അമ്മയും പറയുന്നു. കൗമുദി മൂവീസിനോടായിരുന്നു പ്രതികരണം.

പിള്ളേരെല്ലാം നന്നായിട്ട് കളിക്കുന്നുണ്ട്. സന്തോഷത്തോടെ സമാധാനത്തോടെ മുന്നോട്ട് പോകാൻ പറഞ്ഞു. പരസ്പരമുള്ള വഴക്കുകളൊന്നും വേണ്ടെന്ന് പറഞ്ഞെന്നും ശോഭയുടെ അച്ഛൻ വിശ്വനാഥൻ പറഞ്ഞു. അവരെല്ലാവരും തമ്മിൽ നല്ല സഹകരണമുണ്ട്. മധുരവും കൊണ്ടാണ് പോയത്. എല്ലാവർക്കും കൊണ്ടുപോയി. എല്ലാവരും എങ്ങനെയുണ്ട് കളി, ആര് ഫസ്റ്റ് വരും എന്നൊക്കെയാണ് ചോദിച്ചത്. അതൊന്നും നമുക്ക് പറയാൻ പറ്റില്ലല്ലോയെന്ന് ശോഭയുടെ അമ്മ പറയുന്നു.

അഖിൽ മാരാരെ കണ്ടോ എന്ന് ചോദിച്ചപ്പോൾ കണ്ടു, പാവം പയ്യനാണ് എന്നായിരുന്നു അമ്മയുടെ മറുപടി. അവരുടെ വഴക്കൊക്കെ കളിയിൽ ഉള്ളതല്ലേ. അവർ കളിക്കുന്നു, കുറച്ചു കഴിയുമ്പോൾ അതൊക്കെ തീരുമെന്നും അമ്മ കൂട്ടിച്ചേർത്തു. അഖിൽ മാരാരിന്റെ ഭാര്യയും അവളും സംസാരിച്ചു എന്ന് പറഞ്ഞു. അവിടെ എല്ലാവരും സന്തോഷത്തിലാണ്. ഞങ്ങളെ കണ്ടപ്പോൾ ശോഭയ്ക്ക് അൽപം സങ്കടമായെന്നും അച്ഛനും അമ്മയും പറഞ്ഞു.

ശോഭയുടെ സുഹൃത്ത് ഉണ്ടായത് കൊണ്ടാണ് പ്രായത്തിന്റെ അവശതകൾക്കിടയിലും തങ്ങൾക്ക് പോകാൻ സാധിച്ചതെന്നും അമ്മ വ്യക്തമാക്കി. നല്ലൊരു അനുഭവമായിരുന്നു എന്നാണ് സുഹൃത്ത് പറഞ്ഞത്. എല്ലാവരും അവരുടെ പെർഫോമൻസ് എങ്ങനെയുണ്ട് എന്നറിയാനാണ് ശ്രമിച്ചത്. നമ്മൾ ഒന്നും പറഞ്ഞില്ല. ഗെയിമിൽ എല്ലാം ശോഭ നന്നായിട്ട് കളിക്കുന്നുണ്ട്. അകത്തും പുറത്തുമൊക്കെ ശോഭയുടേത് ഒരേ സ്വഭാവമാണെന്നും സുഹൃത്ത് പറഞ്ഞു.


ഹൗസിനുള്ളിൽ ഏറെ വാത്സല്യത്തോടെയാണ് ശോഭയുടെ അമ്മയും അച്ഛനും എല്ലാവരോടും ഇടപെട്ടത്. ആരെയാണ് കൂട്ടത്തിൽ കൂടുതൽ ഇഷ്‍ടമെന്ന് മത്സരാർത്ഥികൾ ചോദിച്ചപ്പോള്‍ അഖിലിന്റെ പേരാണ് ശോഭയുടെ അച്ഛൻ പറഞ്ഞത്. ദേഷ്യപ്പെടുമെങ്കിലും പിന്നീട് അഖില്‍ ക്ഷമ ചോദിക്കും എന്നും അത് അവിടെ തീരും എന്നും അദ്ദേഹം വ്യക്തമാക്കി. അഖില്‍ നേരെ വാ പോ രീതിയാണ് എന്ന് ശോഭയുടെ അമ്മയും പറയുകയുണ്ടായി. എല്ലാവരും ഒന്നിനൊന്ന് മെച്ചപ്പെട്ട മത്സരാര്‍ഥികളാണ് എന്നാണ് ശോഭയുടെ അമ്മ പറഞ്ഞത്.

ഹൗസിനുള്ളിൽ ശോഭയ്ക്ക് ഏറ്റവും കൂടുതൽ പ്രശ്നങ്ങൾ ഉണ്ടായിട്ടുള്ളത് അഖിൽ മാരാരുമായിട്ടാണ്. ഇടയ്ക്ക് ഇവർക്കിടയിലെ വഴക്കുകളെ ടോം ആൻഡ് ജെറി ഗെയിം ആയി പ്രേക്ഷകർ വിശേഷിപ്പിച്ചിരുന്നു. എന്നാൽ പലപ്പോഴായി ഇവരുടെ വഴക്ക് അതിരു വിടുന്ന സാഹചര്യവും ഉണ്ടായി. പക്ഷേ കുടുംബാംഗങ്ങൾ വന്നപ്പോൾ രണ്ടുപേരും വലിയ കാര്യത്തിലാണ് അവരെ സ്വീകരിച്ചത്. അഖിലിന്റെ ഭാര്യ ലക്ഷ്മിയും മക്കളുമായി വളരെ സൗഹൃദപരമായാണ് ശോഭ ഇടപഴകിയത്. അതുപോലെ തന്നെ ആയിരുന്നു അഖിലും.

AJILI ANNAJOHN :