മണിച്ചിത്രത്താഴും നാഗവല്ലികളും ….റീമേക്കുകളിൽ താൻ വരാത്തതിന്റെ കാരണം വെളിപ്പെടുത്തി ശോഭന

അനേകം നൃത്ത വേദികളെ ധന്യമാക്കിയ കലാകാരിയാണ് ശോഭന. മലയാളിക്ക് ഏറെ പ്രിയപ്പെട്ട നടിയും കൂടിയായ ശോഭന അഭിനയത്തെ രണ്ടാം പ്രയോറിറ്റി ആക്കി നൃത്തത്തിലേക്ക് സ്വയം സമർപ്പിച്ചിട്ട് വര്ഷങ്ങളായി. ചെന്നൈയിൽ ‘കലർപ്പണ’ എന്ന നൃത്തവിദ്യാലയം നടത്തി വരുന്ന ശോഭന, ലോകമെമ്പാടും യാത്ര ചെയ്ത് നൃത്തപരിപാടികളും അവതരിപ്പിച്ചു വരുന്നു. വർഷങ്ങൾ നീണ്ട സിനിമാ കരിയറിൽ ശോഭനയുടെ എടുത്ത് പറയുന്ന സിനിമ മണിച്ചിത്രത്താഴ് ആണ്. നാ​ഗവല്ലി, ​ഗം​ഗ എന്നീ കഥാപാത്രങ്ങളെ അവിസ്മരണീയമാക്കിയ ശോഭനയ്ക്ക് ക്ലാസിക്കൽ ഡാൻസിലെ മികവും ഇതിന് ഉപകരിച്ചു. നാ​ഗവല്ലിയായി മറ്റൊരു നടിയെയും സങ്കൽപ്പിക്കാൻ മലയാളി പ്രേക്ഷകർക്ക് കഴിയില്ല. മികച്ച നടിക്കുള്ള ദേശീയ അവാർഡ് ശോഭനയ്ക്ക് ആദ്യമായി ലഭിക്കുന്നത് മണിച്ചിത്രത്താഴിലൂടെയാണ്.

മണിച്ചിത്രത്താഴിന്റെ റീമേക്കുകളെക്കുറിച്ച് ശോഭന പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.റീമേക്കുകൾ എടുത്തപ്പോൾ തന്നെ ഉൾപ്പെടുത്തിയില്ല എന്ന് തോന്നിയിരുന്നോയെന്ന ചോദ്യത്തിന് മറുപ‌ടി നൽകുകയായിരുന്നു ന‌ടി. എനിക്ക് അ​ങ്ങനെ തോന്നിയിട്ടില്ല. പകരം വന്നവരെല്ലാം പേരെ‌‌ടുത്തവരാണ്. ഓരോരുത്തർക്കും അതാത് ഭാഷകളിൽ മാർക്കറ്റുണ്ട്. എനിക്കതിലേക്കൊന്നും ശ്രദ്ധിക്കാൻ സമയമില്ല. അവരവരുടെ ഇഷ്ടമാണ്. പക്ഷെ ചന്ദ്രമുഖിയുടെ സംവിധായകൻ വാസു എന്നെ കൊറിയോ​ഗ്രാഫിനായി സമീപിച്ചിരുന്നു. നേരത്തെ ചെയ്ത് വെച്ചത് നോക്കി ചെയ്യാമല്ലോ ഞാനെന്തിനാണ് വരുന്നതെന്നാണ് ചോദിച്ചത്.ആ സമയത്ത് മാർ‍ക്കറ്റുള്ള നായികമാരെയാണ് റീമേക്കുകളിൽ തെരഞ്ഞെ‌ടുത്തത്. അതേ കഥാപാത്രം വീണ്ടും ഞാൻ ചെയ്യുമായിരുന്നെന്നും തോന്നുന്നില്ല. ദേശീയ അവാർഡ് ലഭിച്ച പെർഫോമൻസിനെ വീണ്ടും മറികടക്കേണ്ടി വരുമായിരുന്നു. മണിച്ചിത്രത്താഴിന്റെ റീമേക്കുകളിൽ വിദ്യ ബാലന്റെ പെർഫോമൻസ് മാത്രമേ താൻ കണ്ടിട്ടുള്ളതെന്നും ശോഭന അന്ന് വ്യക്തമാക്കി.

മണിച്ചിത്രത്താഴിന് വേണ്ടിയെടുത്ത തയ്യാറെടുപ്പുകളെക്കുറിച്ചും ശോഭന സംസാരിച്ചു.കൊൽക്കത്തയിൽ നിന്നാണ് വരുന്നത് കോട്ടൻ സാരികളാണ് ധരിക്കേണ്ടത് എന്നാണ് പറഞ്ഞത്. ​ഗം​ഗ വളരെ സോഫ്റ്റായ വ്യക്തിയാണ്. നാ​ഗവല്ലിയുടെ കോസ്റ്റ്യൂമിലെ ചെറിയ ഡീറ്റെയ്ലിം​ഗുകൾ ഞാനാണ് കൊടുത്തത്. എല്ലാത്തിനും സംവിധായകന് സമയം ഇല്ലായിരുന്നു. ബാക്കിയെല്ലാം സംവിധായകൻ ഫാസിലിന്റെ സൃഷ്ടിയാണെന്നും ശോഭന വ്യക്തമാക്കി.കരിയറിന്റെ ഒരു ഘട്ടത്തിൽ ഡാൻസിലേക്ക് മാത്രം ശ്രദ്ധ തിരിച്ചതിനെക്കുറിച്ചും അന്ന് ശോഭന സംസാരിച്ചു. സിനിമയിൽ ചലഞ്ചുകളൊന്നുമില്ലാതായി. ഒരേ ഡയലോ​ഗുകളും കോസ്റ്റ്യൂമുകളും. വ്യത്യസ്തമായ അവസരങ്ങളൊന്നും വന്നില്ല. എനിക്ക് ബോറടി തുടങ്ങിയിരുന്നെന്നും ശോഭന വ്യക്തമാക്കി..

നാ​ഗവല്ലിയെ ഇന്നും ശോഭനയുടെ മുഖത്ത് കാണാമെന്നാണ് ആരാധകർ പറയുന്നത്. മലയാളത്തിൽ മികച്ച വിജയം നേടിയ മണിച്ചിത്രത്താഴ് പിന്നീട് പല ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ടു. തമിഴിൽ ചന്ദ്രമുഖി എന്ന പേരിലാണ് ചിത്രം റീമേക്ക് ചെയ്തത്. ജ്യോതികയാണ് ശോഭനയ്ക്ക് പകരം ചന്ദ്രമുഖിയിൽ അഭിനയിച്ചത്. രജിനികാന്ത്, പ്രഭു എന്നിവരും ചിത്രത്തിൽ പ്രധാന വേഷം ചെയ്തു. ഹിന്ദി റീമേക്കായ ഭൂൽ ഭുലയ്യയിൽ വിദ്യ ബാലനാണ് നായികയായെത്തിയത്.കന്നഡയിൽ ആത്പമിത്ര എന്ന പേരിൽ റീമേക്ക് ചെയ്ത ചിത്രത്തിൽ സൗന്ദര്യയും നായികയായെത്തി. എന്നാൽ എല്ലാ ഭാഷകളിലെ റീമേക്കുകളും താരതമ്യം ചെയ്തപ്പോൾ ഏവർക്കും ഇഷ്‌ടപ്പെട്ടത് ശോഭനയുടെ പെർഫോമൻസാണ്. ശോഭനയെ പോലെ മറ്റാർക്കും ഈ കഥാപാത്രത്തിന് പൂർണത നൽകാൻ കഴിഞ്ഞിട്ടില്ലെന്ന് ഏവരും പറയുന്നു.

Aiswarya Kishore :