കാൻസർ മൂന്നാം ഘട്ടത്തിലായിരുന്നു അപ്പോൾ, എട്ട് കീമോയും 21 റേഡിയേഷനും; തന്റെ രോ​ഗാവസ്ഥയെ കുറിച്ച് ശിവാനി

മലയാളികൾക്കേറെ പ്രിയപ്പെട്ട നടിയാണ് ശിവാനി ഭായ്. തെന്നിന്ത്യയിൽ ഒട്ടനവധി സിനിമകളുടെ ഭാഗമായ ശിവാനി ബാലതാരമായി ആണ് സിനിമാലോകത്തെത്തിയത്. ശേഷം സഹനടിയായും നായികയായും എല്ലാം ഏതാനും സിനിമകളിൽ ശിവാനി അഭിനയിച്ചു. അടുത്തിടെയാണ് തനിക്ക് കൊവിഡ് ബാധിച്ചുവെന്നും അതിന് പിന്നാലെ ക്യാൻസർ വന്നുവെന്നും ഫേസ്ബുക്കിലൂടെ താരം അറിയിച്ചിരുന്നത്.

ഇപ്പോഴിതാ തന്റെ രോ​ഗാവസ്ഥയെ കുറിച്ച് സംസാരിക്കുകയാണ് നടി. അന്ന് കേരളത്തിന് സാനിറ്റൈസറിന്റെ മണമായിരുന്നു. നാടാകെ പാഞ്ഞു പടരുന്ന കോവിഡ്. ആദ്യം വന്നവരെയൊക്കെ മഹാരോഗികളായി കണ്ടെങ്കിലും പിന്നെ, കോവിഡ് വരാത്തവർ ആരുമില്ലെന്ന അവസ്ഥയെത്തി. എന്തുകൊണ്ടോ അതിൽ നിന്ന് ഒഴിഞ്ഞു നിൽക്കാൻ എനിക്ക് കഴിഞ്ഞു.

രോഗത്തിന് പോലും ശിവാനിയെ പേടിയാണെന്ന് അന്ന് ഫ്രണ്ട്‌സ് കളിയാക്കി. പക്ഷേ, വലിയ വില്ലന്റെ വരവിന് മുമ്പുള്ള നിശബ്ദത മാത്രമായിരുന്നു അത്. ഞാൻ കൂടി പങ്കാളിയായ വർക്ക് ഫ്രം ഹോം എന്ന സിനിമയുടെ എഡിറ്റിങ് നടക്കുന്ന സമയത്താണ് ആ യാഥാർഥ്യം തിരിച്ചറിഞ്ഞത്. ചില അസ്വസ്ഥതകൾ തോന്നിയത് കൊണ്ട് ആശുപത്രിയിലെത്തി.

ബയോപ്‌സി എടുക്കാൻ ഡോക്ടർ നിർദേശിച്ചു. ഞാൻ തകർന്നു പോയി. ടെസ്റ്റ് റിപ്പോർട്ട് വന്നു. കാൻസർ മൂന്നാം ഘട്ടത്തിലായിരുന്നു അപ്പോൾ. പിന്നെ, ചികിത്സയുടെ നാളുകൾ. എട്ട് കീമോയും 21 റേഡിയേഷനും. അന്നാണ് പ്രശാന്തിന്റെ യഥാർഥ സ്‌നേഹം ഞാൻ തിരിച്ചറിഞ്ഞത്.

രാവും പകലും എന്നോടൊപ്പമുണ്ടായിരുന്നു പ്രശാന്ത് എന്നാണ് ശിവാനി പറയുന്നത്. ക്രിക്കറ്റ് താരം പ്രശാന്ത് പരമേശ്വരനാണ് ശിവാനിയുടെ ഭർത്താവ്. ഏറെ നാളത്തെ പ്രണയത്തിനൊടുവിൽ 2011ൽ ആണ് ഇരുവരും വിവാഹിതരായത്. ഡിഎൻഎ എന്ന മലയാള ചിത്രത്തിലാണ് ശിവാനി ഒടുവിൽ വേഷമിട്ടത്.

ഗുരു എന്ന മോഹൻലാൽ ചിത്രത്തിലൂടെയാണ് ശിവാനി തന്റെ സിനിമാ ജീവിതത്തിന് അരങ്ങേറ്റം കുറിച്ചത്. എന്നാൽ അണ്ണൻ തമ്പി എന്ന ചിത്രത്തിലെ മമ്മൂട്ടിയുടെ സഹേദരിവേഷമാണ് ശിവാനിയെ മലയാളികൾക്ക് കൂടുതൽ സുപരിചിതയാക്കിയത്. പിന്നീട് ബുള്ളറ്റ്, രഹസ്യപൊലീസ്, സ്വപ്നമാളിക എന്നീ ചിത്രങ്ങളിലെ നായികയായി ഈ താരം പ്രത്യക്ഷപ്പെട്ടു.

ചൈന ടൗൺ, യക്ഷിയും ഞാനും എന്നീ സിനിമകളിലും ശിവാനി അഭിനയിച്ചിട്ടുണ്ട്. തമിഴ് സിനിമകളിലും തന്റെ സാന്നിധ്യമറിയിച്ച താരം ക്രിക്കറ്റ് താരം പ്രശാന്ത് പരമേശ്വരന്റെ ഭാര്യയാണ്. തിരുവനന്തപുരം സ്വദേശിനിയായ ശിവാനി ടെലിവിഷൻ പരിപാടികളിലൂടെയാണ് സിനിമയിലേക്ക് വന്നത്.

Vijayasree Vijayasree :