നമ്മള്‍ ആണും പെണ്ണും തമ്മിലുള്ള ബന്ധം പോലും ശരിയായ രീതിയില്‍ മനസിലാക്കിയിട്ടില്ല, പങ്കാളി പറയുമ്പോഴാണ് പലപ്പോഴും നമ്മള്‍ ഇത്രയും ടോക്‌സിക് ആയിരുന്നുവെന്ന് അറിയുന്നത്; ഷൈന്‍ ടോം ചാക്കോ

മലയാളത്തില്‍ ശ്രദ്ധേയമായ സിനിമകളും കഥാപാത്രങ്ങളും ചെയ്ത് മുന്നേറുന്ന താരങ്ങളില്‍ ഒരാളാണ് ഷൈന്‍ ടോം ചാക്കോ. അസിസ്റ്റന്റ് ഡയറക്ടറായി സിനിമയില്‍ എത്തിയ താരം ചെറിയ ചെറിയ വേഷങ്ങളിലൂടെയാണ് അഭിനേതാവായും മുന്‍നിര നായകന്മാര്‍ക്കൊപ്പവും എത്തിയത്. പിന്നീട് നായകനായും സഹനടനായും വില്ലന്‍ വേഷങ്ങളിലുമൊക്കെ നിരവധി വേഷങ്ങളിലാണ് ഷൈന്‍ തിളങ്ങിയത്.

ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്. പങ്കാളി പറയുമ്പോഴാണ് പലപ്പോഴും നമ്മള്‍ ഇത്രയും ടോക്‌സിക് ആയിരുന്നുവെന്ന് അറിയൂവെന്നാണ് ഷൈന്‍ പറയുന്നത. ‘എല്‍ജിബിറ്റിക്യൂ+’ കമ്യൂണിറ്റിയെ കുറിച്ചുള്ള ചോദ്യത്തോടെ പ്രതികരിക്കവേ ആയിരുന്നു ഷൈന്‍ തന്റെ അഭിപ്രായം പങ്കുവച്ചത്. ആണും പെണ്ണും തമ്മിലുള്ള ബന്ധം പോലും നാം ഇതുവരെ ശരിയായി മനസിലാക്കിയിട്ടില്ലെന്നും ഷൈന്‍ പറയുന്നു.

നമ്മള്‍ ആണും പെണ്ണും തമ്മിലുള്ള ബന്ധം പോലും ശരിയായ രീതിയില്‍ മനസിലാക്കിയിട്ടില്ല. പിന്നെയാണ് ഇതൊക്കെ മനസിലാക്കുന്നത്. ഒരു ആണ്‍കുട്ടിയും പെണ്‍കുട്ടിയും തമ്മിലുള്ള അടുപ്പം പുറത്തൊരാള്‍ കാണുമ്പോള്‍ തന്നെ അവര്‍ക്ക് അത് സഹിക്കാന്‍ പറ്റാത്ത അവസ്ഥയാണ്, പിന്നെ ബാക്കിയുള്ളവരുടെ കാര്യം പറയണോ. ഇത് മാറണമെങ്കില്‍ ആദ്യം നമ്മുടെ ഉള്ളില്‍ തന്നെ മാറ്റം വരണം.

അപ്പോള്‍ ഞാന്‍ തന്നെ പലകാര്യങ്ങളിലും ഓകെ അല്ല. ഞാന്‍ എന്റെ പങ്കാളിയുടെ കാര്യത്തില്‍ പോലും ഓകെ അല്ല. കാര്യം അവര്‍ വേറൊരാളുമായി സംസാരിക്കുകയോ കാണുകയോ നോക്കുകയോ ചെയ്യുമ്പോള്‍ പോലും പൂര്‍ണമായി അംഗീകരിക്കാന്‍ നമുക്ക് സാധിക്കാറില്ല. അതിന്റെ പേരില്‍ തര്‍ക്കങ്ങളുണ്ടാവും. അങ്ങനെയുള്ള ഞാന്‍ എങ്ങനെ മറ്റുള്ളവരെ കുറ്റം പറയും.

തിരിച്ച് ഭാര്യ ആങ്ങനെ പൊസസീവ്‌നസ് ആവുന്നത് നമുക്ക് ഇടയ്ക്ക് ഇഷ്ടപ്പെടുമെങ്കിലും അത് ചില സമയങ്ങളില്‍ ടോക്‌സിക്കായിരിക്കും. എന്റെ പങ്കാളി പറയുമ്പോഴാണല്ലോ ഞാന്‍ ഭയങ്കര ടോക്‌സിക്ക് ആണെന്ന് അറിയുന്നത്. ഞാന്‍ വിചാരിക്കുന്നത് അത് എന്റെ സ്‌നേഹവും കരുതലും ആണെന്നാണ് എന്നാണ് ഷൈന്‍ പറയുന്നത്.

അതേസമയം, ലിറ്റില്‍ ഹാര്‍ട്ട്‌സ് എന്ന ചിത്രമാണ് ഷൈനിന്റേതായി തിയേറ്ററില്‍ എത്തിയിരിക്കുന്നത്. സ്വവര്‍ഗാനുരാഗത്തെയും കുറിച്ച് പറയുന്ന ചിത്രത്തിന് ജിസിസി രാജ്യങ്ങളില്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു. ചിത്രത്തിന്റെ നിര്‍മാതാക്കളില്‍ ഒരാളായ സാന്ദ്രാ തോമസും സോഷ്യല്‍ മീഡിയയിലൂടെ ജിസിസി രാജ്യങ്ങളിലെ വിലക്കിനെ കുറിച്ച് പറഞ്ഞിരുന്നു.

രാജ്യങ്ങളില്‍ തങ്ങളുടെ ചിത്രം പ്രദര്‍ശിപ്പിക്കാന്‍ കഴിയില്ലെന്നും സര്‍ക്കാര്‍ വിലക്കിയിരിക്കുകയാണെന്നും സാന്ദ്രാ തോമസ് പറഞ്ഞു. ഈ സിനിമ ലോകമൊട്ടുക്കും പ്രദര്‍ശനത്തിനു എത്തിക്കണമെന്ന തന്റെ വലിയ മോഹത്തിനു തിരിച്ചടിയേറ്റെന്നും വിഷമമുണ്ടെന്നും സാന്ദ്ര പറഞ്ഞു. രാജേഷ് പൈനാടന്‍ ആണ് തിരക്കഥ രചിച്ചിരിക്കുന്നത്.

Vijayasree Vijayasree :