‘ഇതൊക്കെ ഇവര്‍ ഓടിക്കുന്നുണ്ടോ എന്ന് നമ്മള്‍ ചെക്ക് ചെയ്യണ്ടേ’…, എന്തിനാണ് താന്‍ കോക്പിറ്റില്‍ കയറാന്‍ ശ്രമിച്ചത് എന്ന് ഷൈന്‍ ടോം ചാക്കോ

ട്രോളുകളിലൂടെയും വിവാദങ്ങളിലൂടെയും വാര്‍ത്തകളില്‍ നിറയാറുള്ള താരമാണ് ഷൈന്‍ ടോം ചാക്കോ. അടുത്തിടെ വിമാനത്തിന്റെ കോക്പിറ്റില്‍ കയറാന്‍ ശ്രമിച്ചതിന് ഷൈന്‍ ടോം ചാക്കോയെ വിമാനത്തില്‍ നിന്നും ഇറക്കിവിട്ട സംഭവം വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഈ സംഭവം വിവാദമാവുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോഴിതാ താന്‍ എന്തിനാണ് കോക്പിറ്റില്‍ കയറാന്‍ ശ്രമിച്ചത് എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ഷൈന്‍ ടോം ചാക്കോ.

‘ശരിക്കും ഇതെന്താണ് സംഭവം എന്ന് നോക്കാനാണ് ഞാന്‍ പോയത്. ഒരു കുഴലില്‍ കൂടി കയറ്റി സീറ്റിലിരുത്തുന്നു. ഇത് പൊന്തിക്കുന്നുണ്ടോ, എനിക്ക് വല്യ ഉറപ്പൊന്നുമില്ല. ഇത്രേം കനമുള്ള സാധനമാണോ പൊന്തിക്കുന്നത്. കാര്‍ തന്നെ ഓടിക്കാന്‍ മടിയല്ലേ, പിന്നെയല്ലേ ഫ്‌ളൈറ്റ്.’

‘ഇതൊക്കെ ഇവര്‍ ഓടിക്കുന്നുണ്ടോ എന്ന് നമ്മള്‍ ചെക്ക് ചെയ്യണ്ടേ’ എന്നാണ് ഷൈന്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. ‘ഭാരത സര്‍ക്കസ്’ എന്ന സിനിമയുടെ ദുബായ് പ്രമോഷന് ശേഷം കേരളത്തിലേക്ക് വരുന്നതിനിടെയാണ് ഷൈന്‍ കോക്പിറ്റില്‍ കയറാന്‍ ശ്രമിച്ചത്.

എയര്‍ ഇന്ത്യ വിമാനത്തിലെ കോക്പിറ്റിലാണ് ഷൈന്‍ കയറാന്‍ ശ്രമിച്ചത്. തൊട്ടുപിന്നാലെ സംഭവത്തില്‍ ക്യാബിന്‍ ക്രൂ ഇടപെട്ട് ഷൈനിനോട് അനുവദിച്ചിരിക്കുന്ന സീറ്റില്‍ പോയിരിക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍, നടന്‍ അതിന് വിസമ്മതിച്ചതോടെ ചെറിയ രീതിയിലുള്ള ബഹളമുണ്ടായി.

തുടര്‍ന്ന് നടനെ വിമാനത്തില്‍ നിന്ന് ഇറക്കിവിടുകയായിരുന്നു. ഷൈനിനെ കൂട്ടാതെയാണ് വിമാനം കൊച്ചിയിലേക്ക് യാത്ര തിരിച്ചത്. തുടര്‍ന്ന് എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ നടനെ തടഞ്ഞുവച്ചു. കുഴപ്പമുണ്ടാക്കാനായിരുന്നില്ല, തമാശയ്ക്കായിരുന്നു താന്‍ കോക്പിറ്റില്‍ കയറാന്‍ ശ്രമിച്ചത് എന്നായിരുന്നു ഷൈന്‍ ഉദ്യോഗസ്ഥരോട് പറഞ്ഞത്.

Vijayasree Vijayasree :