ഡബ്ല്യുസിസി സവാള പോലെയായി, ഒന്നുമില്ല; അമ്മ ഒരുപാട് നല്ല കാര്യങ്ങൾ ചെയ്യുന്നുണ്ട്. അതെന്റെ കുടുംബമാണ്. അതിനെ പറ്റി ഞാൻ മോശമായി ഒന്നും സംസാരിക്കില്ല; ഷീല

മലയാള പ്രേക്ഷകർക്ക് സിനിമ സുപരിചിതമായ കാലം മുതൽ തന്നെ എല്ലാവരും നെഞ്ചിലേറ്റിയ താരമാണ് ഷീല. നാടകത്തിലൂടെ സിനിമാ ലോകത്തെത്തിയ ഷീലയെ മോളിവുഡിലെ ആദ്യ ലേഡീ സൂപ്പർ സ്റ്റാർ എന്ന് തന്നെ വിശേഷിപ്പിക്കാം. പ്രേംനസീർ, സത്യൻ തുടങ്ങിയവരുടെ കാലം മുതൽ സിനിമയിൽ സജീവമായ ഷീല നിരവധി ശ്രദ്ധേയ സിനിമകളിലാണ് അഭിനയിച്ചത്.

ഇപ്പോഴിതാ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഷീല പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്. ഹേമ കമ്മിറ്റിയുടെ ഉദ്ദേശ്യങ്ങളൊന്നും നടന്നില്ല എന്നാണ് ഷീല പറയുന്നത്. പ്രതിഫലം കൂട്ടി ചോദിക്കുന്നവരുണ്ടെങ്കിൽ അവരെ വെച്ച് സിനിമയെടുക്കാതിരുന്നാൽ പോരെ. നിങ്ങൾക്ക് ബെൻസ് വേണമെങ്കിൽ ബെൻസ് വാങ്ങണം. ഓട്ടോറിക്ഷ വേണമെങ്കിൽ ഓട്ടോറിക്ഷ വാങ്ങണം. കൂടുതൽ പൈസ ചോദിക്കുന്നുണ്ടെങ്കിൽ പുതുമുഖങ്ങളെ വെച്ച് സിനിമയെടുക്കൂ.

എന്തിനാണ് അവരുടെ പിറകെ പോകുന്നത്. നടിമാർക്കും നടൻമാർക്കും തുല്യപ്രതിഫലം കൊടുക്കുന്നതിൽ പ്രായോഗിക ബുദ്ധിമുട്ടുണ്ട്. ​ഹീറോ വർഷങ്ങളായി സിനിമയിൽ നിൽക്കുന്ന ആളുകളാണ്. ഹീറോയിൻ കുറച്ച് കാലത്തേക്കേ ഉള്ളൂ. അവർ പിന്നീട് വിവാഹവും പ്രസവവും കഴിഞ്ഞ് വരുമ്പോഴേക്ക് അമ്മ വേഷങ്ങളല്ലേ ലഭിക്കൂ. ഹേമ കമ്മിറ്റിയെല്ലാം പോയില്ലേ. ഇനിയും അതിനെ കുറിച്ച് എന്തിനാണ് പറയുന്നത്.

ഹേമ കമ്മിറ്റിയെ കുറിച്ച് ഇനി പറയേണ്ട. എനിക്ക് അത് സംസാരിക്കാൻ ഇഷ്ടമല്ല. എന്താണ് ഹേമ കമ്മിറ്റി. എന്ത് കഷ്ടപ്പെട്ടുണ്ടാക്കിയതാണ്. എന്നിട്ടെന്ത് പറ്റി. അതിനെ പിന്തുണച്ച് സംസാരിച്ചിട്ട് എന്താണ് കാര്യം. അവർ മുന്നോട്ടുവെച്ച ഒരു കാര്യത്തിനും കൃത്യമായ നടപടിയെടുക്കാൻ സർക്കാരിന് സാധിക്കുന്നില്ല. പിന്നെ ഈ പാവം ഷീലയ്ക്ക് എന്ത് ചെയ്യാൻ സാധിക്കും.

ഹേമ കമ്മിറ്റിക്ക് വേണ്ടി പ്രവർത്തിച്ച നല്ല ആർട്ടിസ്റ്റുകൾ ഉണ്ട്. അവരെല്ലാം ചാൻസ് ഇല്ലാതെ ഇപ്പോൾ വീട്ടിലിരിക്കുകയാണ്. ഡബ്ല്യുസിസിയുടെ വരവൊക്കെ നല്ലതായിരുന്നു. പെണ്ണുങ്ങൾക്ക് വേണ്ടിയുള്ള സംഘടന നല്ലതാണ്. പെണ്ണുങ്ങൾക്കേ പെണ്ണുങ്ങളുടെ ദുഃഖം മനസിലാകൂ. എന്തെങ്കിലും ഒരു കാര്യം പറയാൻ പെണ്ണുങ്ങളുടെ സംഘടന ഉള്ളത് നല്ലതാണ്. അതിന് എന്തിനാണ് ആണുങ്ങളെ മാറ്റി നിർത്തുന്നത്.

ആണുങ്ങളിൽ നല്ലവരില്ലേ. ആണുങ്ങൾ എല്ലാവരും ചീത്തയാണോ. ഡബ്ല്യുസിസി സവാളയെ പോലെയാണ്. അതിന്റെ തൊലി കളഞ്ഞ് കൊണ്ടിരുന്നാൽ അവസാനം ഒന്നുമുണ്ടാകില്ല. അതുപോലെയാണ് ഡബ്ല്യുസിസി. അത് കാരണം അതിനെ പറ്റി ഒന്നും മിണ്ടേണ്ട. ആരും അതിനെ പറ്റി സീരിയസായി സംസാരിക്കുന്നില്ല. അമ്മ ഒരുപാട് നല്ല കാര്യങ്ങൾ ചെയ്യുന്നുണ്ട്. അതെന്റെ കുടുംബമാണ്. അതിനെ പറ്റി ഞാൻ മോശമായി ഒന്നും സംസാരിക്കില്ല. ആരെങ്കിലും തെറ്റ് ചെയ്യുന്നതിന് എല്ലാവരേയും മോശം പറയേണ്ട കാര്യമില്ലല്ലോ എന്നും ഷീല പറയുന്നു.

അതേസമയം, കഴിഞ്ഞ ദിവസം അഭിനേതാക്കൾ പ്രതിഫലം കുറക്കണമെന്ന നിർമാതാക്കളുടെ സംഘടനയുടെ ആവശ്യം അമ്മ തള്ളിയിരുന്നു. അഭിനേതാക്കൾ സിനിമയിൽ അഭിനയിക്കുന്നതും നിർമിക്കുന്നതിലും ഇടപെടുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നും താരസംഘടന വ്യക്തമാക്കി. കൊച്ചിയിലുള്ള താരങ്ങളോടെല്ലാം യോഗത്തിൽ പങ്കെടുക്കണമെന്ന് സംഘടന ആവശ്യപ്പെട്ടിരുന്നു. പ്രതിഫലം തവണകളായി നൽകുന്നത് സംബന്ധിച്ച് ചില നിബന്ധനകൾ നിർമാതാക്കളുടെ സംഘടന മുന്നോട്ട് വെച്ചിരുന്നു.

ഇക്കാര്യത്തിൽ സമവായ ചർച്ച നടത്താം എന്നും അമ്മ അറിയിച്ചിട്ടുണ്ട് എന്നാണ് വിവരം. ഇന്ന് ഉച്ചക്ക് ശേഷം നിർമാതാക്കളുടെ സംഘടനയുടെ എക്സിക്യൂട്ടീവ് യോഗവും ചേരുന്നുണ്ട്. അമ്മ യോഗത്തിലെ തീരുമാനത്തിന്റെ പശ്ചാത്തലത്തിൽ തുടർനടപടികളിലേക്കും സംഘടന കടന്നേക്കും. അതേസമയം നിർമാതാക്കളുടെ യോഗത്തിൽ പങ്കെടുക്കുന്നതിനായി ആന്റണി പെരുമ്പാവൂർ എത്തിയേക്കില്ല. സിനിമാ സമരം പ്രഖ്യാപിച്ച സാഹചര്യത്തിൽ ഫിലിം ചേംബറിന്റെ നിർണായകയോഗവും കൊച്ചിയിൽ ചേരുമെന്നാണ് വിവരം.

Vijayasree Vijayasree :