പ്രേക്ഷകർക്കേറെ സുപരിചിതയായ താരമാണ് ഷോൺ റോമി. 2016ൽ രാജീവ് രവി സംവിധാനം ചെയ്ത കമ്മട്ടിപാടം എന്ന ചിത്രത്തിലെ നായികയായി ആണ് ഷോൺ റോമി മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയാകുന്നത്. ദുൽഖർ സൽമാൻ, വിനായകൻ, മണികണ്ഠൻ എന്നിവർ പ്രധാന വേഷത്തിലെത്തി ചിത്രത്തിലെ ഷോൺ റോമിയുടെ അനിത എന്ന കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മോഡലിംഗ് രംഗത്തുനിന്നും അഭിനയത്തിലേയ്ക്കെത്തിയ താരം ബയോടെക് എഞ്ചിനീയറാണ്.
സോഷ്യൽ മീഡിയയിൽ വലിയ സജീവമായ താരം പങ്കുവെയ്ക്കാറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ 2024 അതിജീവനത്തിന്റെ വർഷമായിരുന്നുവെന്ന് വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് നടി. ചർമത്തെ ബാധിക്കുന്ന ഓട്ടോ ഇമ്മ്യൂൺ അവസ്ഥ തനിക്കും ഉണ്ടായി എന്നാണ് വീഡിയോ സഹിതം ഷോൺ പങ്കുവെച്ചിരിക്കുന്നത്.
എന്നെ സംബന്ധിച്ചിടത്തോളം 2024 എന്ന വർഷം അതികഠിനമായിരുന്നു. എന്നെ ബാധിച്ച ഓട്ടോ ഇമ്മ്യൂൺ അവസ്ഥ കൈവിട്ടുപോയ സാഹചര്യമായിരുന്നു. ചിലതെല്ലാം എനിക്ക് ഉപേക്ഷിക്കേണ്ടി വന്നു. ചില കാര്യങ്ങൾ ദൈവത്തെ ഏൽപ്പിക്കേണ്ടതായിട്ടും വന്നു. ഞാനിപ്പോൾ എന്റെ ഉറ്റസുഹൃത്തുമായി വീണ്ടും ഒത്തുചേർന്ന് പോവുകയാണ്. അവളെ ശരിക്കും സ്വർഗ്ഗത്തിൽ നിന്നും അയച്ചതാണ്. അവളുടെ വാക്കുകൾ വിശ്വസിച്ചത് ഞാൻ ഓർക്കുന്നു.
അവൾ പറഞ്ഞത് ഇതൊരു ഘട്ടം മാത്രമാണെന്നാണ്. നഷ്ടപ്പെട്ട് പോയ നിന്റെ മുടിയെല്ലാം ഒരു മാസത്തിനുള്ളിൽ തിരിച്ചെത്തും എന്നും പറഞ്ഞു. അത് അങ്ങനെ തന്നെ സംഭവിച്ചു. എല്ലാ മാസവും രണ്ടാഴ്ച കൂടുമ്പോൾ സ്റ്റിറോയിഡുകൾ എടുക്കണമായിരുന്നു. കഴിഞ്ഞ ഓഗസ്റ്റ് മുതൽ ഇപ്പോൾ വരെ എല്ലാ മാസവും അങ്ങനെ ചെയ്ത് കൊണ്ടിരിക്കുകയാണ്. വർക്ക് ഔട്ട് ചെയ്യാനോ, കഠിനമായി എന്തെങ്കിലും ചെയ്യാനോ എനിക്ക് പേടിയായിരുന്നു.
കാരണം ഞാൻ വളരെ ശക്തമായ എന്തെങ്കിലും ചെയ്താൽ എനിക്ക് ഉടനടി ആർത്തവം ഉണ്ടാവുമായിരുന്നു. അതുകൊണ്ട് സ്പീഡിൽ ചെയ്യുന്നതൊക്കെ എനിക്ക് കുറയ്‌ക്കേണ്ടി വന്നു. ജീവിതത്തിന്റെ വേഗത കുറച്ചുവന്ന് പറയാം. ഗോവയിലേക്ക് മാറിയതും മന്ദഗതിയിലുള്ള ജീവിതം നയിക്കുന്നതും എന്നെ വളരെയധികം സഹായിച്ചു. 2024 പവിത്രവും ശക്തവുമായിരുന്നു. ഞാൻ വിചാരിച്ചതിന് അനുസരിച്ചല്ല കാര്യങ്ങൾ പോയത്. ചിലതൊക്കെ അറിയാതെ ഇരിക്കുന്നതിലും നിയന്ത്രിക്കപ്പെടാതിരുന്നതിലും ഞാൻ ആശ്വാസം കണ്ടെത്തിയെന്നുമാണ്,’ ഷോൺ പങ്കുവെച്ച കുറിപ്പിലൂടെ പറയുന്നത്.
ഇൻസ്റ്റാഗ്രാം പേജിൽ സജീവമായി പോസ്റ്റുകൾ പങ്കുവയ്ക്കാറുള്ള ഷോൺ തന്റെ ബിക്കിനി ചിത്രങ്ങളും മോഡേൺ വസ്ത്രത്തിൽ ഉള്ള ഫോട്ടോഷൂട്ടുകളുമൊക്കെ പോസ്റ്റ് ചെയ്യാറുണ്ട്. എന്നാൽ എല്ലാവരെയും അത്ഭുതപ്പെടുത്തി കൊണ്ടാണ് തനിക്കുണ്ടായ രോഗാവസ്ഥയെ പറ്റി നടി പറഞ്ഞിരിക്കുന്നത്. അനുഭവിച്ചതെല്ലാം ചില വാക്കുകളിൽ ഒതുക്കാതെ താൻ കടന്നു പോയ ഘട്ടങ്ങളെ ക്യാമറയിൽ പകർത്തി സൂക്ഷിക്കുകയായിരുന്നു ഷോൺ റോമി.
ആ ദൃശ്യങ്ങൾ ഒരു കൊളാഷ് രൂപത്തിലാക്കി ഷോൺ റോമി പോസ്റ്റ് ചെയ്തപ്പോൾ പലരും താരത്തിന് പിന്തുണ അറിയിച്ച് കമന്റും ചെയ്തു. എത്രയും പെട്ടെന്ന് ഈ അവസ്ഥയെ അതിജീവിക്കാനാകട്ടെയെന്നാണ് പ്രേക്ഷകരും പറയുന്നത്. കുറച്ചു വർഷങ്ങൾക്ക് മുൻപ് നടി സമാന്ത റൂത്ത് പ്രഭുവും തന്റെ ഓട്ടോ ഇമ്മ്യൂൺ അവസ്ഥയായ മയോസിറ്റിസിനെ കുറിച്ച് പരസ്യമായി പോസ്റ്റ് ചെയ്തിരുന്നു. ചികിത്സാർത്ഥം സമാന്ത ഏറെക്കാലം സിനിമയിൽ നിന്നും വിട്ടുനിൽക്കുകയും ചെയ്തു.
ആൻഡ്രിയ ജെർമിയ, മംമ്ത മോഹൻദാസ് എന്നിവരും രോഗ വിവരം വെളിപ്പെടുത്തിയിരുന്നു. ശരീരത്തിന്റെ നിറം 70 ശതമാനവും നഷ്ടമായെന്നും ഇതിനാൽ മേക്കപ്പ് ചെയ്താണ് താൻ പുറത്തിറങ്ങുന്നതെന്നും മംമ്ത തുറന്ന് പറഞ്ഞിരുന്നു. എന്റെ മുടിയിഴകൾ നരച്ചിട്ടില്ല. പക്ഷെ അന്ന് എന്റെ പുരികവും കൺപീലികളും നരയ്ക്കാൻ തുടങ്ങിയെന്നുമാണ് ആൻഡ്രിയ പറഞ്ഞിരുന്നത്.