ഉദയനിധി സ്റ്റാലിന്റെ സനാതന ധര്‍മ്മ പ്രസ്താവന; ഷാരൂഖ് ഖാന്‍ ചിത്രം ജവാന് എതിരെ ബഹിഷ്‌കരണാഹ്വാനം

കഴിഞ്ഞ ദിവസമായിരുന്നു അറ്റ്‌ലിയുടെ സംവിധാനത്തില്‍ ഷാരൂഖ് ഖാന്‍ നായകനമായി എത്തിയ ബോളിവുഡ് ചിത്രം ജവാന്‍ പുറത്തെത്തിയത്. റിലീസ് ദിനത്തിന് തലേന്നാണ് ചിത്രം ബഹിഷ്‌കരിക്കണം എന്ന് ആഹ്വം ചെയ്ത് ഒരു വിഭാഗം ആളുകള്‍ എത്തിയത്.

തമിഴ്‌നാട് യുവജന ക്ഷേമ കായിക വകുപ്പ് മന്ത്രി ഉദയനിധി സ്റ്റാലിന്റെ സനാതന ധര്‍മ്മ പ്രസ്താവനയെ തുടര്‍ന്നാണിത്. ഉദയനിധിയുടെ റഡ് ജൈന്റ് മൂവീസ് ചിത്രത്തിന്റെ വിതരണത്തില്‍ സഹായിക്കുന്നുണ്ടെന്ന് ആരോപിച്ചാണ് ചിത്രത്തിനെതിരെ ബഹിഷ്‌കരണ അഹ്വാനം ഉയര്‍ത്തുന്നത്.

ഷാരൂഖിന്റെ പ്രൊഡക്ഷന്‍ കമ്പനിയായ റെഡ് ചില്ലീസ് എന്റര്‍ടെയ്‌മെന്റാണ് ആക്ഷന്‍ ത്രില്ലര്‍ ചിത്രമായ ജവാന്‍ നിര്‍മ്മിക്കുന്നത്. ചിത്രം തമിഴ്‌നാട്ടില്‍ വിതരണത്തിന് എടുത്തിരിക്കുന്നത് ഗോകുലം മൂവീസ് ആണ്.

ഇവരുടെ വിതരണ പങ്കാളികളാണ് ഉദയനിധി സ്റ്റാലിന്റെ സിനിമ നിര്‍മ്മാണ വിതരണ കമ്പനിയായ റെഡ് ജൈന്റ് മൂവീസ്. ഇത് സംബന്ധിച്ച് എക്‌സ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമില്‍ റെഡ് ജൈന്റ് മൂവീസ് പോസ്റ്റും ചെയ്തിരുന്നു.

സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സില്‍ ബോയിക്കോട്ട് ജവാന്‍ എന്ന ഹാഷ്ടാഗാണ് ഇപ്പോള്‍ ട്രെന്‍ഡിംഗില്‍ നില്‍ക്കുന്നത്. കഴിഞ്ഞ ആഴ്ചയാണ് ഉദയനിധിയുടെ പ്രസ്താവന വിവാദത്തിലായത്. സനാതനധര്‍മ്മം മലേറിയയും ഡങ്കിയും പോലെ തുടച്ച് നീക്കണമെന്നായിരുന്നു പ്രസ്താവന. പിന്നാലെ മന്ത്രിയ്‌ക്കെതിരെ വധഭീഷണി ഉയര്‍ന്നിരുന്നു.

Vijayasree Vijayasree :