തമിഴില്‍ മാത്രമല്ല മഞ്ഞുമ്മല്‍ ബോയ്‌സ് റിലീസ് ചെയ്ത എല്ലാ ഭാഷകളിലെയും ഗാനത്തിന്റെ റൈറ്റ്‌സ് വാങ്ങിയിട്ടുണ്ട്; ഇളയരാജയ്ക്ക് മറുപടിയുമായി നിര്‍മാതാവ്

കഴിഞ്ഞ ദിവസമായിരുന്നു മലയാളത്തിന്റെ റെക്കോര്‍ഡ് ചിത്രം മഞ്ഞുമ്മല്‍ ബോയ്‌സിലെ ‘കണ്‍മണി അന്‍പോട്’ ഗാനം ഉപയോഗിച്ചതിനെതിരെ സംഗീത സംവിധായകന്‍ ഇളയരാജ രംഗത്തെത്തിയത്. എന്നാല്‍ ഇപ്പോഴിതാ അദ്ദേഹത്തിന് മറുപടിയുമായി രംഗത്തത്തെിയിരിക്കുകയാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കളില്‍ ഒരാളായ ഷോണ്‍ ആന്റണി.

മ്യൂസിക് കമ്പനികളില്‍ നിന്ന് സിനിമയുടെ അവകാശം വാങ്ങിയിരുന്നു. ഇത് സംബന്ധിച്ച് ഇളയരാജയില്‍ നിന്ന് വക്കീല്‍ നോട്ടിസ് ലഭിച്ചില്ലെന്നും ആദ്ദേഹം ന്യൂസ് മിനിറ്റിനോട് പ്രതികരിച്ചു.

പിരമിഡ്, ശ്രീദേവി സൗണ്ട്‌സ് എന്നീ മ്യൂസിക് കമ്പനികള്‍ക്കാണ് ഗാനത്തിന്റെ അവകാശം. അവരില്‍ നിന്നും ഗാനം ഉപയോഗിക്കുന്നതിനുള്ള അവകാശം വാങ്ങിയിരുന്നു. തമിഴില്‍ മാത്രമല്ല മഞ്ഞുമ്മല്‍ ബോയ്‌സ് റിലീസ് ചെയ്ത എല്ലാ ഭാഷകളിലെയും ഗാനത്തിന്റെ റൈറ്റ്‌സ് വാങ്ങിയതായി ഷോണ്‍ പറഞ്ഞു.

1991ല്‍ സന്താന ഭാരതി സംവിധാനം ചെയ്ത് കമല്‍ ഹാസന്‍ ടൈറ്റില്‍ റോളിലെത്തിയ ‘ഗുണ’ എന്ന ചിത്രത്തിന് വേണ്ടി ഇളയരാജ ചിട്ടപ്പെടുത്തിയ ഗാനമാണ് ‘കണ്‍മണി അന്‍പോട് കാതലന്‍ നാന്‍’ എന്ന് തുടങ്ങുന്ന ഗാനം. ചിദംബരം സംവിധാനം ചെയ്ത ‘മഞ്ഞുമ്മല്‍ ബോയ്‌സ്’ എന്ന ചിത്രത്തിന്റെ ക്ലൈമാക്‌സ് രംഗങ്ങളില്‍ ഈ ഗാനം ഉപയോഗിച്ചിട്ടുണ്ട്.

മഞ്ഞുമ്മല്‍ ബോയ്‌സ് റിലീസിന് ശേഷം കണ്‍മണി അന്‍പോട് വീണ്ടും മലയാളത്തിലും തമിഴിലും ട്രെന്‍ഡായി മാറുകയും ഗുണ സിനിമ ചര്‍ച്ചയാവുകയും ചെയ്തിരുന്നു. സോഷ്യല്‍ മീഡിയയിലടക്കം ചിത്രത്തിലെ ഡയലോഗും പാട്ടും പ്രചാരം നേടിയിരിക്കുന്ന സമയത്താണ് ഇളയരാജയുടെ നോട്ടീസ്.

Vijayasree Vijayasree :