‘ഷാരൂഖ് ഖാന്‍ മകളോടൊപ്പം പത്താന്‍ കാണണം’; വെല്ലുവിളിയുമായി മധ്യപ്രദേശ് സ്പീക്കര്‍

ബോളിവുഡില്‍ ഇപ്പോള്‍ വളരെ വലിയ വിമര്‍ശനങ്ങള്‍ക്കും വിവാദങ്ങള്‍ക്കും വഴിതെളിച്ചിരിക്കുകയാണ് ഷാരൂഖ് ഖാന്റെ പത്താന്‍ എന്ന ചിത്രം. ഇപ്പോഴിതാ നടന്‍ ഷാരൂഖ് ഖാനെ വെല്ലുവിളിച്ച് രംഗത്തെത്തിയിരിക്കുകയാണ് മധ്യപ്രദേശ് സ്പീക്കര്‍ ഗിരീഷ് ഗൗതം. പുതിയ ചിത്രമായ പത്താന്‍ മകള്‍ക്കൊപ്പം കാണണമെന്നാണ് ആവശ്യം. മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്രയ്ക്ക് പിന്നാലെയാണ് നടനെ വിമര്‍ശിച്ച് സ്പീക്കര്‍ രംഗത്ത് എത്തിയത്.

‘ഷാരൂഖ് മകളോടൊപ്പം പത്താന്‍ കാണണമെന്നാണ് സ്പീക്കര്‍ ഗിരീഷ് ഗൗതം പറയുന്നത്. തിയറ്ററില്‍ നിന്നുള്ള ചിത്രം പങ്കുവെച്ച് കൊണ്ട് മകള്‍ക്കൊപ്പം സിനിമ കാണുന്നു എന്ന് ലോകത്തോട് വിളിച്ച് പറയുകയും വേണം. കൂടാതെ പ്രവാചകനെക്കുറിച്ച് സമാനമായ ഒരു സിനിമ ഒരുക്കാന്‍ തയാറാണോ എന്നും സ്പീക്കര്‍ വെല്ലുവിളിക്കുന്നുണ്ട്. അഞ്ച് ദിവസത്തെ നിയമസഭാ ശീതകാല സമ്മേളനത്തിന് മുന്നോടിയായാണ് ഗൗതം ഇക്കാര്യം പറഞ്ഞത്.

പത്താനെതിരെ ശക്തനായ ബഹിഷ്‌കരണാഹ്വാനമാണ് മധ്യപ്രദേശില്‍ നടക്കുന്നത്. പത്താന്റെ പ്രദര്‍ശനം തടയണമെന്ന് ആവശ്യപ്പെട്ട് മധ്യപ്രദേശ് എം.എല്‍.എ നാരായണ്‍ ത്രിപാഠി വാര്‍ത്താ വിതരണ മന്ത്രി അനുരാഗ ഠാക്കൂറിന് കത്തയച്ചിട്ടുണ്ട്. മതവികാരം വ്രണപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നും അത് തടയണമെന്നുമാണ് എം.എല്‍. എ കത്തില്‍ പറയുന്നത്.

‘സിനിമയില്‍ കാവി നിറം മോശമായി കാണിച്ചു, പ്രകടമായ വഞ്ചനയില്‍, സിനിമാക്കാര്‍ നമ്മുടെ ദൈവങ്ങളെ കളിയാക്കാന്‍ ശ്രമിച്ചു. ഇത് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്റെ ശ്രദ്ധയില്‍പ്പെടുത്തണമെന്നും അധിക്ഷേപകരമായ ഗാനങ്ങളും രംഗങ്ങളും നീക്കം ചെയ്യാനോ രാജ്യത്തുടനീളമുള്ള സിനിമയുടെ റിലീസ് നിര്‍ത്തിവയ്ക്കാനോ നിര്‍ദേശിക്കണമെന്നത് വിനീതമായ അഭ്യര്‍ത്ഥനയാണ്. ഇത് ഭാവിയില്‍ മറ്റ് സിനിമാ പ്രവര്‍ത്തകര്‍ക്ക് മാതൃകയാകും, മതവികാരം വ്രണപ്പെടുത്താനുള്ള ശ്രമങ്ങള്‍ തടയും’, എന്നും നാരായണ്‍ ത്രിപാഠി കത്തില്‍ പറയുന്നു.

Vijayasree Vijayasree :