മിനിസ്ക്രീൻ പ്രേക്ഷകർക്ക് പ്രിയങ്കരിയായ വില്ലത്തിയാണ് ശരണ്യ ആനന്ദ്. ഏഷ്യാനെറ്റിലെ കുടുംബവിളക്ക് എന്ന പരമ്പരയിൽ വേദിക എന്ന കഥാപാത്രം മതിയായിരുന്നു ശരണ്യയ്ക്ക് മലയാളി ആരാധകരെ നേടിയെടുക്കാൻ.
സീരിയലിൽ വില്ലത്തി ആയിട്ടാണ് എത്തുന്നതെങ്കിലും ശരണ്യക്ക് നിരവധി ആരാധകരാണ് ഉള്ളത്. ശരണ്യ ആനന്ദിന്റെ കരിയറില്‍ വലിയ വഴിത്തിരിവായി മാറിയ കഥാപാത്രമാണിത്. സിനിമകളിൽ ചെറിയ വേഷങ്ങളില്‍ അഭിനയിച്ചാണ് ശരണ്യ ആനന്ദ് അഭിനയ ലോകത്തേക്ക് കടന്നുവരുന്നത്.
തനഹ, മാമാങ്കം, ആകാശഗംഗ 2 തുടങ്ങിയ ചിത്രങ്ങളിൽ ചെറിയ വേഷങ്ങളിൽ ശരണ്യ സ്‌ക്രീനിലെത്തിയിട്ടുണ്ട്. എന്നാൽ കുടുംബവിളക്കിലെ വേദികയായി എത്തിയതോടെയാണ് ആരാധകർ കൂടിയത്.
യൂട്യൂബ് ചാനലും വ്ലോഗിങ്ങുമൊക്കെയായി സോഷ്യൽ മീഡിയയിലും സജീവമായി നിൽക്കുന്ന ശരണ്യ അങ്ങനെയും നിരവധി ആരാധകരുടെ ഇഷ്ടം നേടാൻ കഴിഞ്ഞിട്ടുണ്ട്. ശരണ്യ പങ്കുവയ്ക്കുന്ന വിശേഷങ്ങളിലൂടെ ഭർത്താവ് മനേഷും പ്രേക്ഷകർക്ക് പ്രിയങ്കരനാണ്. രണ്ടു വർഷം മുൻപാണ് മനേഷും ശരണ്യയും വിവാഹിതരായത്.
ബിസിനസുകാരനായ മനേഷ് അടുത്തിടെ ടെലിവിഷനിലേക്കും എത്തിയിരുന്നു. ശരണ്യക്ക് ഒപ്പമാണ് താരം മിനിസ്ക്രീൻ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയത്. ഏഷ്യനെറ്റിൽ പുതുതായി ആരംഭിച്ച ഡാൻസിംഗ് സ്റ്റാർസ് എന്ന റിയാലിറ്റി ഷോയിൽ മത്സരാർത്ഥിയായാണ് മനേഷും ശരണ്യയും എത്തുന്നത്. ടെലിവിഷൻ ഡാൻസ് റിയാലിറ്റി ഷോകളിലൂടെയും സീരിയലുകളിലൂടെയും സോഷ്യൽ മീഡിയയിലൂടെയും ശ്രദ്ധനേടിയ താരങ്ങൾ പങ്കെടുക്കുന്ന റിയാലിറ്റി ഷോയാണ് ഡാൻസിങ് സ്റ്റാർസ്.
നടിമാരായ ആശ ശരത്ത്, ദുർഗ കൃഷ്ണ ഒപ്പം നടനും, ഡാൻസറും ക്രിക്കറ്ററും ഒക്കെയായ ശ്രീശാന്തുമാണ് ജഡ്ജസ് ആയി എത്തുന്നത്. ബിഗ് ബോസ് താരങ്ങളായ ദിൽഷ പ്രസന്നൻ, ബ്ലെസ്ലീ, സീരിയൽ താരം അങ്കിത തുടങ്ങിയവരും മത്സരാർത്ഥികളായി എത്തുന്നുണ്ട്. ഷോയുടെ ആദ്യ എപ്പിസോഡിൽ കിടിലൻ ഡാൻസുമായാണ് ശരണ്യയും മഹേഷും എത്തിയത്. പ്രേക്ഷകരെ ഞെട്ടിച്ചുകൊണ്ടാണ് ഇരുവരും പെയേഴ്‌സായി ഷോയിൽ എത്തിയത്.
ഇപ്പോഴിതാ, ജീവിതത്തിൽ ഒരിക്കലും താൻ ഒരിക്കലും ആ അനുഭവം മറക്കില്ലെന്ന് പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് ശരണ്യ. ഇൻസ്റ്റാഗ്രാമിൽ തങ്ങളുടെ ഡാൻസിന്റെ വീഡിയോ പങ്കുവെച്ചുകൊണ്ടാണ് ശരണ്യയുടെ കുറിപ്പ്.
ഓർമ്മക്കുറവ് വന്നാലല്ലാതെ ഈ അനുഭവം എനിക്ക് ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയില്ല. എന്റെ ഹബ്ബിയോടൊപ്പമുള്ള ആ 3 മിനിറ്റ് ഡാൻസ്. അത് തീരുന്നത് വരെ സമാധാനം ഉണ്ടായിരുന്നില്ല. ഈ 3 മിനിറ്റ് പ്രകടനത്തിനായി, ഞങ്ങൾ രാവും പകലും പരിശീലിച്ചിട്ടുണ്ട്. ഞാനും എന്റെ ഭർത്താവും ഏറ്റവും ഊർജ്ജത്തോടെ തന്നെ ഞങ്ങളുടെ പ്രകടനം പൂർത്തിയാക്കി, ഞങ്ങൾ ശരിക്കും ആസ്വദിച്ചു.
നിങ്ങൾ എല്ലാവരും ഞങ്ങളുടെ പ്രകടനം ആസ്വദിച്ചിട്ടുണ്ടാകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു, ഞങ്ങളുടെ ഈ യാത്ര ഒരു നാടൻ ശൈലിയിൽ. രസകരമായ മലയാളി ശൈലിയിൽ തന്നെ ആരംഭിക്കാൻ ഞങ്ങൾ ആഗ്രഹിച്ചിരുന്നു. ചിങ്ങമാസം വന്നു ചേർന്നാൽ എന്ന ഗാനത്തേക്കാൾ നല്ലൊരു ഓപ്‌ഷൻ ഉണ്ടായിരുന്നില്ല. ഡാൻസ് അറിയാത്ത മനേഷ് തന്റെ 200 ശതമാനവും നൽകുന്നുണ്ട് – ശരണ്യ കുറിച്ചു.
ഷോയിലെ ആദ്യ ഗോൾഡൻ ബസർ ലഭിച്ചതിന്റെ സന്തോഷവും ശരണ്യ പങ്കുവയ്ക്കുന്നുണ്ട്. ഡാൻസിങ് സ്റ്റാർസിലെ ആദ്യ ഗോൾഡൻ ബസർ കിട്ടുന്ന കാപ്പിളായി ഞങ്ങൾ മാറിയെന്നും ഇത് ഞങ്ങളുടെ അമ്മയ്ക്ക് സമർപ്പിക്കുന്നു എന്നും ശരണ്യ പറഞ്ഞു. തങ്ങളുടെ കൊറിയോഗ്രാഫർക്കും ജഡ്ജസിനും മറ്റു താരങ്ങൾക്കുമെല്ലാം ശരണ്യ നന്ദി പറഞ്ഞിട്ടുണ്ട്. ഓരോ ഡാൻസ് പെർഫോമൻസിലും തങ്ങളുടെ 200 ശതമാനം നൽകുമെന്നും ശരണ്യ ഉറപ്പ് പറയുന്നുണ്ട്.
About sharanya anand