എന്റെ ഓപ്പറേഷന് ആശുപത്രിയിൽ പണം അടച്ചവളാണ്; ഞാനുണ്ടാകും എന്നും; സിന്ധുവിന്റെ മകളോട് ഷക്കീല

ഏതാനും ദിവസങ്ങൾക്ക് മുൻപാണ് ‘അങ്ങാടി തെരുവ്’ എന്ന സിനിമയിലൂടെ ശ്രദ്ധനേടിയ നടി സിന്ധുവിന്റെ വിയോ​ഗം. സ്തനാർബുദത്തെ തുടർന്ന് വർഷങ്ങളായി ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു സിന്ധു. ഇതിനിടെ ആയിരുന്നു അന്ത്യം. നടി ഷക്കീലയുടെ ഏറ്റവും അടുത്ത സുഹൃത്ത് കൂടി ആയിരുന്നു സിന്ധു. ഇപ്പോഴിതാ സിന്ധുവിന്റെ മകളോട് ഷക്കീല പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്.


. അസുഖ കാലത്ത് വലിയ യാതനകൾ അനുഭവിച്ച സിന്ധുവിന്റെ ജീവിതം മരണ ശേഷമാണ് കൂടുതൽ ചർച്ചയായത്. ചികിത്സാ ചെലവുകൾ കാരണം നടിയുടെ സമ്പാദ്യങ്ങൾ ഓരോന്നായി നഷ്ടപ്പെട്ടിരുന്നു. ഭർത്താവ് മരിച്ച മകളും മകളുടെ കുഞ്ഞും മാത്രമാണ് അവസാന നാളുകളിൽ സിന്ധുവിന് ഒപ്പം ഉണ്ടായിരുന്നത്.

സ്തനാർബുദമാണ് സിന്ധുവിനെ ബാധിച്ചത്. മൂന്ന് വർഷം ചികിത്സകൾ നീണ്ടു. സിന്ധുവിന്റെ മരണത്തിന് ശേഷം നടിയുടെ മകളോട് ഷക്കീല പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. സിന്ധുവിന്റെ അടുത്ത സുഹൃത്തായിരുന്നു ഷക്കീല. സിന്ധുവിന്റെ മകളുമായി ഒരു അഭിമുഖ പരിപാടിയിൽ ഷക്കീല സംസാരിച്ചു. മകളുടെ വിഷമങ്ങൾ ചോദിച്ചറിഞ്ഞ ഷക്കീല താൻ ഒപ്പമുണ്ടാകുമെന്ന് ഉറപ്പ് നൽകി.

സിന്ധു മുമ്പൊരിക്കൽ തനിക്ക് വേണ്ടി ചെയ്ത സഹായത്തെക്കുറിച്ചും ഷക്കീല സംസാരിച്ചു. ഞാൻ ഹോസ്പിറ്റലിൽ ഓപ്പറേഷന് അഡ്മിറ്റായപ്പോൾ എന്നോട് ചോദിക്കാതെ 50000 രൂപ സിന്ധു ഹോസ്പിറ്റലിൽ അടച്ചു. പണം വേണോ എന്ന് ചോദിച്ചാൽ ഞാൻ വേണ്ടെന്ന് പറയും. അതുകൊണ്ടാണ് അവൾ പണം അടച്ചതെന്ന് ഷക്കീല ഓർത്തു
കാൻസർ ബാധിച്ചതിന് ശേഷം സിന്ധുവെടുത്ത ചില തെറ്റായ തീരുമാനങ്ങളെക്കുറിച്ചും ഷക്കീല സംസാരിച്ചു. സർക്കാർ ആശുപത്രിയെ സമീപിക്കാൻ ഞങ്ങൾ സുഹൃത്തുക്കൾ പറഞ്ഞതാണ്. പക്ഷെ അവൾ പോയില്ല. ഇതിനിടെ പ്രകൃതി ചികിത്സകളും മറ്റും ചെയ്തു. സാമൂഹ്യ ബോധവൽക്കരണത്തിനായാണ് ഞാനിത് പറയുന്നത്. സർക്കാർ ആശുപത്രിയിൽ മികച്ച ചികിത്സ ലഭിക്കും. സർക്കാർ ആശുപത്രിയിൽ പോകുന്നത് തെറ്റല്ല.
അന്നേ കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിൽ പോയിരുന്നെങ്കിൽ അവളുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞേനെയെന്നും ഷക്കീല ചൂണ്ടിക്കാട്ടി. സിന്ധുവിന്റെ മകൾ ഫാഷൻ ഡിസൈൻ പഠിച്ചിട്ടുണ്ട്. ഒരു കട തുടങ്ങിയാൽ അവൾക്കും കുഞ്ഞിനും ജീവിക്കാം. അതിന് വേണ്ടി എല്ലാവരും സഹായിക്കണമെന്നും ഷക്കീല അഭ്യർത്ഥിച്ചു. തമിഴ് സിനിമാ സംഘടനകൾ സിന്ധുവിന്റെ ചികിത്സയ്ക്ക് സഹായിച്ചില്ലെന്ന ആക്ഷേപം ഇതിനകം ഉയർന്നിട്ടുണ്ട്.

കാൻസർ ബാധിച്ച 2020 ൽ തന്നെ ചികിത്സയ്ക്കായി നടി പണത്തിന് അഭ്യർത്ഥിച്ചിരുന്നു. നടൻ അജിത്തിന്റെ സെക്രട്ടറിയെ പത്ത് തവണയോളം വിളിച്ചിട്ടും നടന്റെ നമ്പർ തന്നില്ല, മറ്റ് പല പ്രമുഖ നടൻമാരെയും സമീപിച്ചെങ്കിലും സഹായം ലഭിച്ചില്ലെന്ന് അന്ന് സിന്ധു തുറന്നടിച്ചു.

അങ്ങാടി തെരു, നാടോടികൾ, നാൻ മഹാൻ അല്ലെ തുടങ്ങിയ സിനിമകളിലൂടെയാണ് സിന്ധു തമിഴ് സിനിമാ രം​ഗത്ത് ശ്രദ്ധിക്കപ്പെടുന്നത്. അങ്ങാടി തെരു സിന്ധു എന്നാണ് നടി സിനിമാ ലോകത്ത് അറിയപ്പെട്ടത്. ജീവിതത്തിൽ പല പ്രതിസന്ധികളും സിന്ധുവിന് നേരിടേണ്ടി വന്നു. 14ാം വയസിലാണ് നടി വിവാഹിതയായത്. ചെറിയ പ്രായത്തിൽ അമ്മയുമായി. ഭർത്താവുമായി അകന്ന സിന്ധു ഒറ്റയ്ക്കാണ് മകളെ വളർത്തിയത്.

മകൾ വിവാഹിതയായെങ്കിലും ഭർത്താവ് മരിച്ചതോടെ തിരിച്ചെത്തി. ഇതോടെ മകളെയും കുഞ്ഞിനെയും നോക്കേണ്ട ഉത്തരവാദിത്തവും സിന്ധുവിനായി. ലോക്ഡൗൺ കാലം, ചെന്നെെ വെള്ളപ്പൊക്കം തുടങ്ങിയ പ്രതിസന്ധി സാഹചര്യങ്ങളിൽ നിരവധി പേർക്ക് സഹായം എത്തിച്ച നടിയാണ് സിന്ധു. പക്ഷെ ചുരുക്കം ആളുകളേ അവസാന കാലത്ത് നടിയെ സഹായിച്ചിട്ടുള്ളൂ. സിനിമാ താരങ്ങളേക്കാളും അധികം സാധാരണക്കാർ സിന്ധുവിനെ സഹായിച്ചിട്ടുണ്ട്.

AJILI ANNAJOHN :