ബോളിവുഡില്‍ നിരവധി ആരാധകരുള്ള താരമാണ് ഷാരൂഖ് ഖാന്‍. സോഷ്യല്‍ മീഡിയയില്‍ അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. അദ്ദേഹത്തെപ്പോലെ താരത്തിന്റെ കുടുംബത്തിന്റെ വിശേഷങ്ങളും വൈറലാകാറുണ്ട്. തന്റെ മക്കളെ കുറിച്ച് ഷാരൂഖ് എപ്പോഴും ആരാധകരോട് പറയാറുമുണ്ട്.
ഇപ്പോഴിതാ ഷാരൂഖ് ഖാന്‍ തന്റെ ഇളയമകന്‍ അബ്രാം ഖാനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്. സ്വകാര്യ ടിവി ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് തന്റെ മകന് മഹാഭാരതം വായിച്ചു നല്‍കാറുണ്ടെന്ന് ഷാരൂഖ് പറഞ്ഞത്.
‘എല്ലാ മതങ്ങളെയും ബഹുമാനിക്കാന്‍ എന്റെ മാതാപിതാക്കള്‍ എന്നെ പഠിപ്പിച്ചതുപോലെ, എല്ലാ മതങ്ങളെയും ബഹുമാനിക്കാന്‍ എന്റെ മക്കളെ പഠിപ്പിക്കുക എന്നതാണ് എന്റെ ഒരേയൊരു ശ്രമം. കഴിഞ്ഞ ഒന്നര വര്‍ഷമായി ഞാന്‍ മഹാഭാരതം വായിക്കുന്നു. കാരണം എനിക്ക് കഥകള്‍ ഇഷ്ടമാണ്. ഞാനും അബ്രാമിന് മഹാഭാരതം വായിച്ചു കൊടുത്തു.
പക്ഷേ, ഞാന്‍ കഥകളില്‍ വളരെ കുറച്ച് മാറ്റങ്ങള്‍ മാത്രമേ വരുത്തിയാണ് ഇത് പറഞ്ഞു നല്‍കുന്നത്, അത് കേള്‍ക്കാന്‍ അവന് സന്തോഷമാണ്. ഇസ്‌ലാമില്‍ നിന്ന് എനിക്കറിയാവുന്ന കഥകളും ഞാന്‍ അബ്രാമിനോട് പറയുന്നുണ്ട്.
എന്റെ മക്കള്‍ എല്ലാ മതങ്ങളെയും കുറിച്ച് പഠിക്കണമെന്നും എല്ലാ മതങ്ങളെയും ബഹുമാനിക്കണമെന്നുമാണ് എന്റെ ആഗ്രഹം’ എന്നാണ് ഷാരൂഖ് പറഞ്ഞത്. അതേസമയം, നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം 2023 ലാണ് കിംഗ് ഖാന്‍ തിരിച്ചെത്തിയത്.
ജനുവരിയില്‍ സിദ്ധാര്‍ത്ഥ് ആനന്ദിന്റെ പത്താന്‍ എന്ന ചിത്രത്തിലൂടെയാണ് ഇടവേളയ്ക്ക് ശേഷം ഷാരൂഖ് ഖാന്‍ ബിഗ് സ്‌ക്രീനിലേക്ക് തിരിച്ചെത്തുന്നത്. ചിത്രം ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ നിന്ന് മാത്രം 500 കോടിയിലധികം കളക്റ്റ് ചെയ്തു.
പത്താന് പിന്നാലെ പുറത്തിറങ്ങിയ ജവാനും വലിയ ഹിറ്റാകുകയും കളക്ഷനില്‍ പുതിയ റെക്കോര്‍ഡുകള്‍ സൃഷ്ടിക്കുകയും ചെയ്തു. 600 കോടിയിലേറെ രൂപയാണ് ജവാന്‍ ഇന്ത്യയില്‍ നിന്നും നേടിയത്. പിന്നീടിറങ്ങിയ ഡങ്കിയും സൂപ്പര്‍ഹിറ്റായിരുന്നു. ഈ മൂന്ന് ഹിറ്റുകളിലൂടെ ഒരു വര്‍ഷത്തിനുള്ളില്‍ 2500 കോടി ഗ്രോസ് നേടിയ ഇന്ത്യന്‍ സിനിമയിലെ ഏക നടനായും ഷാരൂഖ് ഖാന്‍ മാറിയിരിക്കുകയാണ്.