വ്യാജ ഓഫറുകള്‍ പ്രചരിക്കുന്നു; ഇവിടെ അവസരങ്ങള്‍ ഇല്ല, മുന്നറിയിപ്പുമായി ഷാരൂഖ് ഖാന്റെ പ്രൊഡക്ഷന്‍ കമ്പനി

സിനിമാ നിര്‍മ്മാണക്കമ്പനിയായ റെഡ് ചില്ലീസ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ പേരില്‍ പ്രചരിക്കുന്ന വ്യാജ വാര്‍ത്തകളോട് പ്രതികരിച്ച് ഷാരൂഖ് ഖാന്‍. ഷാരൂഖ് ഖാന്റെയും ഭാര്യ ഗൗരി ഖാന്റെയും ഉടമസ്ഥതയിലുള്ള നിര്‍മാണക്കമ്പനിയാണ് റെഡ് ചില്ലീസ് എന്റര്‍ടെയ്ന്‍മെന്റ്‌സ്.

ഈ കമ്പനിയില്‍ തൊഴില്‍ അവസരങ്ങളുണ്ടെന്ന് പറയുന്ന ചില പരസ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. ഈ വിഷയത്തിലാണ് ഷാരൂഖ് ഖാന്‍ ഇപ്പോള്‍ വ്യക്തത വരുത്തിയിരിക്കുന്നത്. വാര്‍ത്താക്കുറിപ്പിലൂടെയാണ് ഈ വാര്‍ത്ത വ്യാജമാണെന്ന് അറിയിച്ചിരിക്കുന്നത്.

‘റെഡ് ചില്ലീസ് എന്റര്‍ടെയ്ന്‍മെന്റുമായി ബന്ധമുണ്ടെന്ന് അവകാശപ്പെട്ട് വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍, പ്രത്യേകിച്ച് വാട്ട്‌സ്ആപ്പില്‍ വ്യാജ ഓഫറുകള്‍ പ്രചരിക്കുന്നതായി ഞങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.’

‘റെഡ് ചില്ലീസ് എന്റര്‍ടൈന്‍മെന്റ് വാട്ട്‌സ്ആപ്പ് വഴിയോ മറ്റേതെങ്കിലും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം വഴിയോ എന്തെങ്കിലും തരത്തിലുള്ള തൊഴിലോ മറ്റ് അവസരങ്ങളോ വാഗ്ദാനം ചെയ്യുന്നില്ലെന്നും റിക്രൂട്ട്‌മെന്റ് നയം വ്യക്തമാക്കുന്നില്ലെന്നും ഞങ്ങള്‍ വ്യക്തമാക്കുന്നു’ എന്നാണ് വാര്‍ത്താക്കുറിപ്പില്‍ പറയുന്നത്.

റെഡ് ചില്ലീസ് എന്റര്‍ടൈന്‍മെന്റില്‍ നിന്നുള്ള യഥാര്‍ത്ഥ അവസരങ്ങള്‍ തങ്ങളുടെ ഔദ്യോഗിക ചാനലുകളിലൂടെ മാത്രമേ അറിയിക്കൂ എന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നുണ്ട്. 2000ല്‍ പുറത്തിറങ്ങിയ ഷാരൂഖ് ചിത്രം ‘ഫിര്‍ ഭി ദില്‍ ഹേ ഹിന്ദുസ്ഥാനി’ നിര്‍മ്മിച്ചു കൊണ്ടാണ് റെഡ് ചില്ലീസ് എന്ന പ്രൊഡക്ഷന്‍ കമ്പനിയുടെ ആരംഭം.

Vijayasree Vijayasree :