‘ആശുപത്രി കിടക്കയിൽ വച്ചു ദയനീയ മുഖത്തോടെ എന്നെ നോക്കി; മോനെ എന്ന് വാത്സല്യത്തോടെ വിളിച്ചിട്ട് ആ ചിരി എന്നെന്നേക്കുമായി നിലച്ചു’; വികാഭരിതനായി സാന്ത്വനത്തിലെ സേതുവേട്ടൻ

സാന്ത്വനത്തില്‍ സേതുവെന്ന കഥാപാത്രത്തെ അവതരിപ്പിച്ച് മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതനായി മാറിയ താരമാണ് ബിജേഷ് അവനൂര്‍. തൃശ്ശൂര്‍ അവനൂര്‍ സ്വദേശിയായ ബിജേഷ് ടിക് ടോക് വഴിയായാണ് താരം അഭിനയരംഗത്തേക്ക് എത്തിയത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ ബിജേഷ് പങ്കുവെച്ച കുറിപ്പാണ് ആരാധകരെ സങ്കടത്തിലാഴ്ത്തുന്നത്

അച്ഛന്റെ മരണ സമയത്തെ ഓർമകൾ പങ്കുവെച്ചാണ് ബിജേഷ് എത്തിയത് 10 ദിവസം മുമ്പാണ് അച്ഛൻ ചിതംബരൻ ലോകത്തോട് വിട പറയുന്നത്. മോനേ എന്നു വാത്സല്യത്തോടെ വിളിച്ചാണ് ആ ചിരി നിലച്ചതെന്ന് ബിജേഷ് സമൂഹമാധ്യമത്തില്‍ കുറിച്ചു.

ബിജേഷ് അവണൂരിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം

എന്റെ അച്ഛൻ ഞങ്ങളെ വിട്ടു പോയിട്ട് ഇന്നലെ 10 നാൾ കഴിഞ്ഞു. ഓർമവച്ച നാള്‍ മുതൽ 10 ദിവസം മുൻപ് വരെ എന്റെ പേരുമാത്രം വിളിച്ചിരുന്ന അച്ഛൻ ഒടുവിലെ യാത്രക്ക് മുൻപ് മാത്രം ‘‘മോനെ, അച്ഛനു തീരെ വയ്യെടാ’’ എന്നു വേദന കൊണ്ടു പുളയുന്ന ഏതോ നിമിഷത്തിൽ, ആശുപത്രി കിടക്കയിൽ വച്ചു ദയനീയ മുഖത്തോടെ എന്നെ നോക്കി പറഞ്ഞു. അതിപ്പോഴും എന്റെ കാതുകളിൽ നൊമ്പരത്തോടെ മുഴങ്ങുന്ന പോലെ. മോനെ എന്നു വാത്സല്യത്തോടെ വിളിച്ചിട്ട് ആ ചിരി എന്നെന്നേക്കുമായി നിലച്ചു. ഒരിക്കലും തിരിച്ചു വരില്ലെന്നറിയാമെങ്കിലും എവിടെയോ പിരിഞ്ഞു പോയിട്ടില്ല അച്ഛൻ എന്ന തോന്നൽ ബാക്കി.

‘‘പകർന്നു നൽകുവാനാവിലൊരിക്കലും ഇനി ..,

പകരമെൻ സ്നേഹമല്ലാതൊന്നുമൊന്നും …

പടർന്നു പന്തലിച്ചൊരാച്ഛന്റെ വാത്സല്യം…,

പകുത്തു നൽകുവാൻ പകലിനുമാവില്ല.

പൊഴിഞ്ഞ പൂവിലെ പൊലിഞ്ഞ പുഞ്ചിരി…,

പറഞ്ഞ വാത്സല്യം മറക്കുവാനുമാകില്ല.

പതിഞ്ഞു പോയ്… പവിഴം പതിച്ച പോൽ…

പകുത്തു തന്നോരാ പൈതൃകം അകതാരിൽ.

പിരിയുകില്ലൊരിക്കലും… എൻ മനം…,

പ്രിയമുള്ളൊരെൻ അച്ഛന്റെ ഓർമ്മയെ’’

Noora T Noora T :