വീട്ടിൽ വെറുതെ ഇരുന്ന് ലൂഡോ കളിക്കുമ്പോൾ കിട്ടിയ അവാർഡാണ്, ഒട്ടും പ്രതീക്ഷിച്ചില്ല; സം​ഗീത് പ്രതാപ്

പ്രേമലു എന്ന ഒറ്റ ചിത്രത്തിലൂടെ തന്നെ സിനിമാ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് സം​ഗീത് പ്രതാപ്. ഈ പേരിനേക്കാൾ പ്രേക്ഷകർക്ക് ഇഷ്ടം അമൽ ഡേവിസെന്ന് വിളിക്കാൻ തന്നെയാണ്. അത്രത്തോളം ആഴത്തിലായിരുന്നു പ്രേക്ഷകരിലേയ്ക്ക് ആ കാഥാപാത്രം എത്തിയത്. നടനെന്നതിനേക്കാളുപരി നല്ലൊരു എഡിറ്റർ കൂടിയാണ് സം​ഗീത്.

ഇപ്പോഴിതാ മികച്ച എഡിറ്റർക്കുള്ള സംസ്ഥാന പുരസ്കാരം നേടിയ സന്തോഷത്തിലാണ് താരം. ലിറ്റിൽ മിസ് റാവത്ത് എന്ന ചിത്രത്തിലെ എഡിറ്റിം​ഗിനാണ് സം​ഗീതിന് പുരസ്കാരം ലഭിച്ചത്. ഒരു രീതിയിലും പുരസ്കാരം ലഭിക്കുമെന്ന് പ്രതീക്ഷിച്ചില്ലെന്നാണ് സം​ഗീത് പറയുന്നത്. ഇപ്പോൾ ഒരു അപകടത്തെ തുടർന്ന് വീട്ടിൽ വിശ്രമത്തിലാണ് താരം.

ബ്രൊമാൻസ് എന്ന സിനിമയുടെ ഷൂട്ടിംഗിനിടെയാണ് നടൻ അർജ്ജുൻ അശോകനും മാത്യു തോമസിനും സംഗീത് പ്രതാപിനും ഉൾപ്പെടെ അഞ്ചു പേർക്ക് പരിക്കേറ്റത്. സിനിമിലെ നായികയായ മഹിമ നമ്പ്യാരുടെ ഒരു റാഷ് ഡ്രൈവിങ് സീൻ ഷൂട്ട് ചെയ്യുന്നതിനിടെയായിരുന്നു അപകടം നടന്നത്. കൊച്ചി എംജി റോഡിൽ വെച്ച് ഇവർ സഞ്ചരിച്ചിരുന്ന കാർ തലകീഴായി മറിയുകയായിരുന്നു.

ഇപ്പോൾ വിശ്രമത്തിലാണ് നടൻ. വീട്ടിൽ വെറുതെ ഇരുന്ന് ലൂഡോ കളിക്കുമ്പോൾ കിട്ടിയ അവാർഡാണ്. ലിറ്റിൽ മിസ് റാവത്ത് എന്ന ചിത്രത്തിലെ എല്ലാവരും പുതുമുഖങ്ങളായിരുന്നു. മാർക്കറ്റിം​ഗിനോന്നും സാധ്യത ഇല്ലാത്ത സിനിമയായിരുന്നു. ഷൂട്ടിം​ഗിന് ശേഷം ഒന്നര വർഷങ്ങളോളം എടുത്താണ് സിനിമ പൂർത്തിയാക്കിയത്.

സം​ഗീത് ആദ്യമായി മുഴുനീള വേഷം ചെയ്ത സിനിമ കൂടിയാണ് പ്രേമലു. ഇതിന് മുമ്പ് വിനീത് ശ്രീനിവാസൻ സിനിമ ഹൃദയത്തിലും സൂപ്പർ‌ ശരണ്യയിലും ചെറിയ കഥപാത്രങ്ങളെ സം​ഗീത് അവതരിപ്പിച്ചിട്ടുണ്ട്. 2022ൽ പുറത്തിറങ്ങിയ പത്രോസിന്റെ പടപ്പുകൾ ആണ് എഡിറ്റിംഗ് നിർവ്വഹിച്ച പ്രധാന ചിത്രം.

Vijayasree Vijayasree :