ഷൂട്ടിംഗിനിടെ ബോധംകെട്ട് തലയടിച്ചുവീണ് സാമന്ത

നിരവധി ആരാധകരുള്ള താരമാണ് സാമന്ത. ഇപ്പോള്‍ പേശികളെ ബാധിക്കുന്ന മയോസൈറ്റിസ് എന്ന രോഗത്തിന്റെ ചികിത്സയിലാതിനാല്‍ കുറച്ച് മാസങ്ങളായി സിനിമയില്‍ നിന്ന് ഇടവേളയെടുത്തിരിക്കുകയാണ് നടി. ‘സിറ്റഡല്‍’ എന്ന വെബ് സിരീസിന് ശേഷം താരം ഇടവേള എടുത്തിരുന്നു. ഈയിടെ സാമന്ത ടേക്ക്20 എന്ന പേരില്‍ ഒരു പോഡ്കാസ്റ്റ് ഷോ ആരംഭിച്ചിരുന്നു.

സാമന്തയുടെ സുഹൃത്തും ഹെല്‍ത്ത് കോച്ചുമായ അല്‍ക്കേഷ് ഷരോത്രിയാണ് പരിപാടിയുടെ അവതാരകന്‍. സിറ്റഡെല്ലിന്റെ ചിത്രീകരണസമയത്ത് താന്‍ ആരോഗ്യപരമായി നേരിട്ട വെല്ലുവിളികളേക്കുറിച്ച് ടേക്ക്20യുടെ പുതിയ എപ്പിസോഡില്‍ തുറന്നുപറഞ്ഞിരിക്കുകയാണ് താരം.

സിറ്റാഡെല്ലിന്റെ ആക്ഷന്‍ രംഗം ചിത്രീകരിക്കുന്നതിനിടെ ബോധംകെട്ട് തലയടിച്ചുവീണെന്ന് സാമന്ത പറഞ്ഞു. ഇടവേളയെടുക്കുന്നതിന് മുമ്പ് ഖുഷി എന്ന ചിത്രവും ശാരീരികാധ്വാനം ഏറെ ആവശ്യമായ സിറ്റഡെല്ലും പൂര്‍ത്തീകരിക്കണമായിരുന്നു. സിറ്റഡെല്ലില്‍ ഒരുപാട് സംഘട്ടനരംഗങ്ങളുണ്ടായിരുന്നു. ഹെല്‍ത്ത് കോച്ചായ അല്‍ക്കേഷ് ഷരോത്രിക്ക് തന്റെ ആരോഗ്യം മോശമാവുന്നതിനേക്കുറിച്ച് ഒരുപാട് ഫോണ്‍കോളുകള്‍ ചിത്രീകരണത്തിനിടയ്ക്ക് വന്നുകൊണ്ടേയിരുന്നെന്നും സാമന്ത ഓര്‍ത്തെടുത്തു.

ഈ സംഭവത്തേക്കുറിച്ചുള്ള അല്‍ക്കേഷിന്റെ ഓര്‍മകളും പോഡ്കാസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സാമന്ത പറഞ്ഞ സംഭവം നടന്നപ്പോള്‍ ആ വിവരം അവിടെയുണ്ടായിരുന്ന പരിശീലകന്‍ കൃത്യമായി ബന്ധപ്പെട്ടവരെ അറിയിച്ചിരുന്നില്ലെന്നും ഭ്രാന്തുപിടിച്ചപോലുള്ള സമയമായിരുന്നു അതെന്നും അല്‍ക്കേഷ് പറഞ്ഞു.

2022 അവസാനത്തോടെയാണ് സാമന്ത തന്റെ രോഗവിവരം വെളിപ്പെടുത്തുന്നത്. പേശികളെ ബാധിക്കുന്ന മയോസൈറ്റിസ് രോഗത്തിന്റെ പിടിയിലാണെന്ന് സാമന്ത നേരത്തെ അറിയിച്ചിരുന്നു. എല്ലുകള്‍ക്ക് ബലക്ഷയവും ശരീരത്തിന് വേദനയും അനുഭവപ്പെടുന്ന രോഗമാണ് മയോസൈറ്റിസ്. ശരീരത്തിന്റെ രോഗപ്രതിരോധ ശേഷിയെ ബാധിക്കുന്ന അസുഖമാണിത്. കഴുത്തിലും തോളിലും തുടകളിലും ശരീരത്തിന്റെ പിന്‍ഭാഗങ്ങളിലുമുള്ള മസിലുകളെയെല്ലാം ഇത് ബാധിക്കും. തുടര്‍ചികിത്സയ്ക്കും വിശ്രമത്തിനുമായാണ് താരം സിനിമയില്‍ നിന്നും ഇടവേളയെടുത്തത്.

Vijayasree Vijayasree :