മകൾ സിനിമാക്കാരിയാകുമെന്ന് ഞാൻ സ്വപ്നം കണ്ടിട്ടില്ല; സമാന്തയെക്കുറിച്ച് പിതാവ്

തെന്നിന്ത്യന്‍ താര സുന്ദരി സാമന്ത റൂത്ത് പ്രഭു തമിഴ്, തെലുങ്ക് സിനിമകളിൽ സജീവമായ സമാന്തയുടെ കരിയർ ​ഗ്രാഫ് പലപ്പോഴും ആരാധകർക്കിടയിൽ ചർച്ചയായിട്ടുണ്ട്. യെ മ ചെസവ എന്ന തെലുങ്ക് ചിത്രത്തിലൂടെ നായികയായി തുടക്കം കുറിച്ച സമാന്ത ആദ്യ സിനിമയിലൂടെ തന്നെ ജനശ്രദ്ധ നേടി. എങ്കിലും ഇന്നത്തെ ഉയരത്തിലേക്ക് സമാന്ത എത്തുമെന്ന് പലരും കരുതിയിരുന്നില്ല. സൂപ്പർസ്റ്റാർ സിനിമകളിൽ മുഖം കാണിച്ച് കുറച്ച് കാലം സെൻസേഷനാകും എന്നായിരുന്നു മുൻവിധി.

എന്നാൽ അത്ഭുതരമായ വളർച്ച പിന്നീട് നടിയുടെ കരിയറിലുണ്ടായി. വ്യത്യസ്തമായ വേഷങ്ങൾ സമാന്തയെ തേടി തുടരെ വന്നു. ഓ ബേബി, മജിലി, സൂപ്പർ ഡീലക്സ് തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയ വേഷം താരത്തിന് ലഭിച്ചു. ഫാമിലിമാൻ സീരീസിലെ നെ​ഗറ്റീവ് വേഷത്തിലൂടെ പാൻ ഇന്ത്യൻ തലത്തിൽ സമാന്ത അറിയപ്പെട്ടു. സമാന്ത പ്രധാന വേഷത്തിലെത്തിയ നിരവധി സിനിമകൾ ഇതിനകം പുറത്തിറങ്ങി. ഖുശിയാണ് നടിയുടെ പുതിയ ചിത്രം.

വിജയ് ദേവരകൊണ്ട നായകനായ ഖുശി സൂപ്പർ ​ഹിറ്റിലേക്ക് കുതിക്കുകയാണ്. സമാന്തയെക്കുറിച്ച് പിതാവ് ജോസഫ് പ്രഭു പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. മകളുടെ കരിയർ, മയോസിറ്റിസ് എന്ന ഓട്ടോ ഇമ്മ്യൂൺ കണ്ടീഷൻ ബാധിച്ചത് തുടങ്ങിയവയെക്കുറിച്ച് ജോസഫ് പ്രഭു സംസാരിച്ചു. മകൾ ചെയ്യുന്നതും പറയുന്നതുമെല്ലാം ഞാൻ ശ്രദ്ധിക്കാറുണ്ട്. അവളെയോർത്ത് അഭിമാനമുണ്ട്. ഇത് മകളോട് പ്രകടിപ്പിക്കാറില്ല. മകൾക്ക് ഉപദേശം കൊടുക്കേണ്ടതില്ല.

അവൾ എനിക്ക് ഉപദേശം തരും.മയോസിറ്റിസിനെക്കുറിച്ച് ഞാനധികം കേട്ടിട്ടില്ല. അവൾ സുഖം പ്രാപിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ടെന്നും ജോസഫ് പ്രഭു വ്യക്തമാക്കി. മകൾ സിനിമാക്കാരിയാകുമെന്ന് ഞാൻ സ്വപ്നം കണ്ടിട്ടില്ല. സിഎ ആകുമെന്ന് കരുതുന്നു. വളരെ ഇന്റലിജന്റായിരുന്നു. അവൾ സിനിമാ രം​ഗത്തേക്ക് കടക്കുമെന്ന് താൻ കരുതിയില്ല. സിനിമാ കരിയറിൽ തനിക്ക് താൽപര്യമില്ലെന്നാണ് അവൾ വിചാരിച്ചത്. ചില അച്ഛൻമാർ സ്നേഹം പ്രകടിപ്പിക്കാതെ പിറകിൽ നിന്ന് എല്ലാം നിരീക്ഷിക്കും.

ചില അച്ഛൻമാർ എപ്പോഴും മകൾക്കൊപ്പം നിന്ന് സ്നേഹം പ്രകടിപ്പിക്കും. പക്ഷെ ഞാൻ അങ്ങനെയല്ല. മകളോട് സിനിമാ രം​ഗത്തേക്ക് കടക്കേണ്ടെന്ന് ഞാൻ പറഞ്ഞിട്ടില്ല. എന്താണ് ഒരാളുടെ വിധിയെന്ന് നമുക്കറിയില്ല. ഒന്നിൽ നിന്നും മകളെ തടഞ്ഞിട്ടില്ലെന്നും ജോസഫ് പ്രഭു പറഞ്ഞു. മുമ്പൊരിക്കൽ ലിറ്റിൽ ടോക്സ് എന്ന തമിഴ് ചാനലിനോട് സംസാരിക്കുകയായിരുന്നു ഇദ്ദേഹം.

കുറച്ച് മാസങ്ങൾക്ക് മുമ്പേ ജോസഫ് പ്രഭു സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഫോട്ടോ ശ്രദ്ധ നേടിയിരുന്നു. സമാന്തയുടെയും മുൻ ഭർത്താവ് നാ​ഗ ചൈതന്യയുടെയും വിവാഹ ഫോട്ടോകളാണ് ജോസഫ് പ്രഭു പങ്കുവെച്ചത്. പണ്ട്, പണ്ട് ഒരു കഥയുണ്ടായിരുന്നു. എന്നാൽ അതിപ്പോൾ നിലനിൽക്കുന്നില്ല. അത് കൊണ്ട് നമുക്ക് പുതിയ കഥ ആരംഭിക്കാം. ഒരു പുതിയ അധ്യായവും എന്ന കുറിപ്പോടെയാണ് ഇദ്ദേഹം ഫോട്ടോകൾ പങ്കുവെച്ചത്.മകളുടെ വിവാഹമോചനവുമായി പൊരുത്തപ്പെടാൻ സമയമെടുത്തെന്നും ജോസഫ് പ്രഭു നേരത്ത വ്യക്തമാക്കിയിട്ടുണ്ട്.


2017 ലാണ് സമാന്തയും നാഗ ചൈതന്യയും വിവാഹിതരായത്. നാല് വർഷത്തിനുള്ളിൽ ഇരുവരും വേർപിരിഞ്ഞു. തെലുങ്ക് സിനിമാ ലോകത്ത് ആഘോഷമായി മാറിയ വിവാഹമായിരുന്നു ഇത്. വിവാഹമോചനം ആരാധകർക്കും നിരാശയായി. വിവാഹമോചനത്തിന് കാരണമെന്ന് പറഞ്ഞ് പല ഗോസിപ്പുകളും വന്നു.

എന്നാൽ തങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്നാണ് താരങ്ങൾ മാധ്യമങ്ങളോട് വ്യക്തമാക്കിയത്. സിതാഡെൽ എന്ന സീരീസാണ് സമാന്തയുടേതായി റിലീസ് ചെയ്യാനുള്ളത്. മയോസിറ്റിസ് എന്ന അസുഖത്തിന്റെ ചികിത്സയിലായതിനാൽ കുറച്ച് നാളത്തേക്ക് പുതിയ സിനിമകളൊന്നും താരം ചെയ്യുന്നില്ല.

AJILI ANNAJOHN :