1996ൽ പുറത്തിറങ്ങിയ ഇഷ്ടമാണ് നൂറുവട്ടം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തി ഇപ്പോൾ മുന്നൂറോളം ചിത്രങ്ങളിൽ അഭിനയിച്ച് മലയാളി പ്രേക്ഷകരുടെ മനസിലിടം നേടിയ താരമാണ് സലിംകുമാർ. മലയാളികളിൽ ചിരിപൊട്ടിച്ച എണ്ണിയാൽ തീരാത്തത്ര കഥാപാത്രങ്ങൾ സലിംകുമാറിലൂടെ പിറന്നിട്ടുണ്ട്. അതിൽ ഏതാണ് മികച്ചതെന്ന് പറയാനും കഴിയില്ല. എല്ലാം ഒന്നിനൊന്ന് മികച്ച കഥാപാത്രങ്ങൾ ആണെന്ന് സംശയമില്ലാത്ത കാര്യമാണ്.
മായാവിയിലെ സ്രാങ്ക്, കല്യാണരാമനിലെ പ്യാരിലാൽ, പുലിവാൽ കല്യാണത്തിലെ മണവാളൻ എന്നിവയെല്ലാം അവയിൽ ചിലത് മാത്രം. ഹാസ്യകഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ടാണ് ചലച്ചിത്ര ലോകത്ത് സലിംകുമാർ ശ്രദ്ധേയനായത്. മിമിക്രിയിൽ നിന്നും സിനിമയിലെത്തിയ പ്രതിഭ കൂടിയാണ് സലിംകുമാർ.
പിറന്നാൾ ദിനത്തിൽ നടൻ സലിം കുമാർ പങ്കുവച്ച ഫെയ്‌സ്ബുക്ക് പോസ്റ്റ് സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. ആയുസിന്റെ സൂര്യൻ പടിഞ്ഞാറോട്ട് ചരിഞ്ഞു കഴിഞ്ഞു. അസ്തമയം വളരെ അകലെയല്ല എന്നായിരുന്നു പോസ്റ്റിൽ പറഞ്ഞിരുന്നത്. പിന്നാലെ ആ വാക്കുകൾ പ്രേക്ഷകരെ ആശങ്കയിൽ ആക്കിയിരുന്നു. താരത്തിന് എന്തെങ്കിലും അസുഖമാണോ എന്ന ചർച്ചകളും ഉയർന്നിരുന്നു.
എന്നാൽ ഇപ്പോഴിതാ ഇത്തരം അഭ്യൂഹങ്ങൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് നടൻ. ഒരു മാധ്യമത്തോട് സംസാരിക്കവെയാണ് അദ്ദേഹം ഇതേ കുറിച്ച് പറഞ്ഞത്. 50 വയസ് കഴിഞ്ഞാൽ വാർധക്യമായി മരണത്തിന്റെ നിഴലിൽ തന്നെയാണ് താനും മറ്റെല്ലാവരും. എല്ലാവരെ പോലെയും തനിക്കും ആ ചിന്തയുണ്ട് എന്നാണ് സലിം കുമാർ പറഞ്ഞത്.
പിറന്നാൾ ഒരു വൈകാരിക മുഹൂർത്തമാണ്. ഒരു വയസ് കൂടി നമുക്ക് കൂടുകയാണ്. തനിക്ക് 54 കഴിഞ്ഞ് 55 വയസിലേക്ക് യാത്ര തുടരുകയാണ്. 50 വയസ് കഴിഞ്ഞാൽ വാർധക്യമായി എന്നാണ് പറയുന്നത്. അപ്പോൾ മരണത്തിലേക്കുള്ള യാത്രയിൽ. മരണത്തിന്റെ നിഴലിൽ തന്നെയാണ്. ഞാൻ മാത്രമല്ല, എല്ലാവരും.
അതല്ലേ ഈ വാർധക്യത്തിൽ ആളുകൾ കാശിക്ക് പോകുന്നതും സന്യാസ ജീവിതത്തിലേക്കൊക്കെ പോകാൻ ആഗ്രഹിക്കുന്നതും. മരണഭീതി തന്നെയാണ് അല്ലാതെ വേറെയൊന്നുമല്ല. അതാണീ വാനപ്രസ്ഥത്തിലേക്കൊക്കെ ആളുകൾ കടക്കുന്നത്. എല്ലാവരെയും പോലെ തനിക്കുമുണ്ട് അത്തരം ചിന്തകൾ. അതുകൊണ്ടാണ് ഇത്തരമൊരു വൈകാരികമായ കുറിപ്പ് ഇട്ടത് എന്നാണ് സലിം കുമാർ പറയുന്നത്.
സലിം കുമാറിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ് ഇങ്ങനെയായിരുന്നു;
ജീവിതമെന്ന മഹാസാഗരത്തിൽ ആയുസ് എന്ന വഞ്ചിയിലൂടെയുള്ള എന്റെ യാത്ര 54 കാതങ്ങൾ പിന്നിട്ട് 55ലേക്ക് ഇന്ന് പ്രവേശിക്കുകയാണ്. ഇത്രയും കാതങ്ങൾ പിന്നിടുന്നതിന് എന്റെ സഹയാത്രികർ എനിക്ക് നൽകിയ സ്നേഹത്തിനും പ്രോത്സാഹത്തിനും നന്ദി. ആയുസിന്റെ സൂര്യൻ പടിഞ്ഞാറോട്ട് ചരിഞ്ഞു കഴിഞ്ഞു.
അസ്തമയം വളരെ അകലെയല്ല ഈ മഹാസാഗരത്തിൽ എവിടെയോ എനിക്കുവേണ്ടി ഒരു ചുഴി രൂപാന്തരപ്പെട്ടിരിക്കാം അതിൽ അതിൽ അകപ്പെടുന്നത് വരെ എനിക്ക് ഈ വഞ്ചിയുമായി യാത്ര തുടർന്നേ പറ്റു. എന്റെ വഞ്ചിയിൽ ആണെങ്കിൽ ദ്വാരങ്ങളും വീണു തുടങ്ങി. അതിലൂടെ കയറിയ വെള്ളം കോരി കളഞ്ഞ് ഞാൻ യാത്ര തുടരുകയാണ് എനിക്ക് എത്ര കാലം ഇതിലൂടെ ഇങ്ങനെ തുഴയാൻ പറ്റും എന്നറിയില്ല എന്നാലും ഞാൻ യാത്ര തുടരുകയാണ്.അനുഗ്രഹങ്ങളും ആശിർവാദങ്ങളും ഉണ്ടാകണം. സ്നേഹപൂർവ്വം നിങ്ങളുടെ സലിം കുമാർ- എന്നാണ് അദ്ദേഹം കുറിച്ചത്.
അതേസമയം, നേരത്തെ ‘മരണത്തിന്റെ വക്കിലായിരുന്നു, ഒരു കാലഘട്ടത്തിൽ അഭിനയിക്കാൻ പറ്റാതായി. ആരും തിരിഞ്ഞ് നോക്കാനില്ലാത്ത അവസ്ഥ വന്നപ്പോൾ വല്ലാത്ത ഒറ്റപ്പെടൽ അനുഭവിച്ചുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. അപ്പോൾ ചുമ്മാ അമൃതാനന്ദമയിയെ കാണാൻ പോയി. മന്ത്രമല്ല എന്നോട് പറഞ്ഞത് മോനേ ആശുപത്രിയിൽ പോയി ഓപ്പറേഷൻ ചെയ്യണം, വേറെ ഒന്നും ഓർത്ത് ബുദ്ധിമുട്ടേണ്ട.
മോനെ എനിക്ക് വേണം എന്നാണ്’ അത് പറയാൻ ആ സമയത്ത് അവർ മാത്രമേ ഉണ്ടായുള്ളൂ. എന്റെ അമ്മയും അച്ഛനും എല്ലാം മരിച്ചു പോയി. ഭാര്യക്കും കുട്ടികൾക്കും ഒഴിച്ച് വേറെ ആർക്കും എന്നെ വേണ്ട. ആ സമയത്ത് എന്നെ വേണം എന്ന് പറഞ്ഞത് അമൃതാനന്ദമയി ആണെന്നും സലിം കുമാർ പറഞ്ഞിരുന്നു.