മലയാള സീരിയൽ രംഗത്തെ മമ്മൂട്ടി എന്നാണ് സാജൻ സൂര്യയെ അറിയപ്പെടുന്നത്. വർഷങ്ങളായി മാറാത്ത സൗന്ദര്യം കൊണ്ട് മാത്രമല്ല, ഒരു പിടി നല്ല കഥാപാത്രങ്ങളും ഉണ്ട് ഈ നടന്റെ കീശയിൽ. കുങ്കുമപൂവിലെ മഹേഷ്, ജീവിത നൗകയിലെ ഹരികൃഷ്ണൻ അങ്ങനെ നീളുന്നു അദ്ദേഹം ചെയ്ത മികച്ച കഥാപാത്രങ്ങൾ
. സീരിയലില്‍ സജീവമായി അഭിനയിക്കുന്നതിനൊപ്പം ജോലിയും ഒരുപോലെ കൊണ്ട് നടക്കുകയാണ് താരം. സോഷ്യല്‍ മീഡിയയിലൂടെ താനടക്കമുള്ളവരെ വിമര്‍ശിക്കുന്നവരെ പറ്റി മനസ് തുറക്കുകയാണ് താരമിപ്പോള്‍. സീ മലയാളം ന്യൂസിന് നല്കിയ അഭിമുഖത്തിലൂടെയാണ് നടന് മനസ് തുറന്നത്.

പ്രതികരിക്കാന്‍ ഏറെ ഇഷ്ടമുള്ള ഒരാളാണ് ഞാന്‍. അതുകൊണ്ട് തന്നെ നെഗറ്റീവ് വാക്കുകള്‍ കേള്‍ക്കുമ്പോള്‍ ദേഷ്യം വരും. എപ്പോഴെങ്കിലും ദേഷ്യം വന്നാല്‍ പിന്നെ രണ്ടോ മൂന്നോ മിനുറ്റേ അതുണ്ടാവുകയുള്ളു. അതിന് ശേഷം ഞാന്‍ ദേഷ്യപ്പെട്ടത് ആരാണോ അവരോട് വന്ന് ഞാന്‍ ക്ഷമ ചോദിക്കും. ഇതുപോലെ സോഷ്യല്‍ മീഡിയിയല്‍ ചീത്ത പറഞ്ഞത് ഞാന്‍ വന്ന് ഡിലീറ്റ് ചെയ്തിട്ടുണ്ട്.
അടുത്തിടെ തുടങ്ങിയ ഗീതഗോവിന്ദം സീരിയലിനെ പറ്റിയുള്ള ആളുകളുടെ പ്രതികരണം എങ്ങനെയാണെന്ന് അറിയാന്‍ ഞാന്‍ പോയി കമന്റുകള്‍ നോക്കിയിരുന്നു. ശരിക്കും പറഞ്ഞാല്‍ അത്തരം പ്രതികരണം നോക്കാന്‍ പോകരുത്. കാരണം അതിനകത്ത് നെഗറ്റീവ് കമന്റുകളാണ് കൂടുതലെങ്കില്‍ അത് നമ്മളെ വേദനിപ്പിക്കും. എത്ര കല്ല് പോലെ ഹൃദയമുള്ള ആളാണെങ്കിലും നമ്മുടെ മുഖത്ത് നോക്കിയിട്ട് നിങ്ങള്‍ മോശമാണെന്ന് ഒരു പത്ത് പേര് പറഞ്ഞാല്‍ നമ്മളെയത് വേദനിപ്പിക്കും.

അത് പറയുന്നവന് കിട്ടുന്ന സുഖം കേള്ക്കുന്നവന് ഉണ്ടാവില്ല. അവനെ നമ്മള് തിരിച്ച് പറഞ്ഞാല്‍ എവിടെയോ ഇരിക്കുന്ന വ്യാജ പ്രൊഫൈലുകാരനാണ്. അതായാളെ ബാധിക്കുക പോലുമില്ല. ഈ പൊട്ടന് ഇത് ആരോടാണ് പറയുന്നതെന്നോര്‍ത്ത് അവന് ചിരിക്കുകയേ ചെയ്യുകയുള്ളു. അതുകൊണ്ട് ഞാന്‍ തിരിച്ച് പ്രതികരിച്ചിട്ട് യാതൊരു കാര്യവുമില്ല. അത് നമ്മളെ കൂടുതല്‍ വേദനിപ്പിക്കുകയാണ് ചെയ്യുക. അങ്ങനെ വേദനിക്കാതെ ഇരിക്കണമെങ്കില്‍ ഇത്തരം കമന്റുകള്‍ നോക്കാന്‍ പോകാതെയിരിക്കണം.

ഇനി അതല്ലെങ്കില്‍ എന്നെ വിമര്‍ശിക്കുന്നവര്‍ എന്റെ പേജില്‍ വന്നിട്ട് വേണം പറയാന്‍. മുന്‍പ് ഞാനത് ശ്രദ്ധിക്കാറില്ലായിരുന്നു. കഴിഞ്ഞ ആറ് മാസമായിട്ട് ഞാന്‍ എന്റെ പേഴ്സണല്‍ പ്രൊഫൈലില്‍ കയറി മെസേജുകള്‍ നോക്കാറുണ്ട്. ഇന്‍സ്റ്റാഗ്രാമില്‍ വരുന്നതാണ് നോക്കുന്നത്. എന്നോട് എന്തെങ്കിലും പറയാനുള്ളവരാണെങ്കില് ആദ്യമത് എന്റെ മെസഞ്ചറില്‍ വന്നിട്ട് പറയാം. എന്റെ അഭിനയവും ഞാന്‍ ചെയ്യുന്നതും ശരിയല്ലെങ്കില്‍ തീര്‍ച്ചയായിട്ടും എന്നോട് വന്ന് ചീത്ത പറയാം.

പിന്നെ വെറുതേ വന്നിട്ടങ്ങ് ചീത്ത പറയാമെന്നും വിചാരിക്കരുത്. ചവറ് പോലെ സീരിയലുകള്‍ ചെയ്യുന്ന ആളല്ല ഞാന്‍. പുതിയ സീരിയലായ ഗീതാഗോവിന്ദത്തിന് വേണ്ടി ഒത്തിരി മുന്‍കരുതലുകള്‍ എടുത്തിരുന്നു. മൂന്ന് വര്‍ഷമാണ് ഇതിന് വേണ്ടി കാത്തിരുന്നത്.