കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു നടൻ സെയ്ഫ് അലിഖാന് മോഷണശ്രമത്തിനിടെ പരിക്കേറ്റതായുള്ള വാർത്തകൾ പുറത്തെത്തിയത്. ഇപ്പോഴിതാ ഈ സംഭവത്തിൽ പ്രതിയ്ക്കെതിരെ കുറ്റപത്രം സമർപ്പിച്ചിരിക്കുകയാണ്. മുംബൈ പോലീസ് ആണ് പ്രതിയായ ബംഗ്ലാദേശി പൗരൻ മുഹമ്മദ് ഷരീഫുൾ ഇസ്ലാമിനെതിരേ തെളിവുകളടങ്ങിയിട്ടുള്ള കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.
ജനുവരി 16-ന് ബാന്ദ്രയിലെ നടന്റെ അപ്പാർട്ട്‌മെന്റിൽ വെച്ചായിരു്നു സംഭവം. വീട്ടിനുള്ളിൽ നുഴഞ്ഞുകയറിയ പ്രതി മോഷണശ്രമത്തിനിടെ നടനെ കത്തികൊണ്ട് കുത്തുകയായിരുന്നു. തുടർന്ന് സെയ്ഫിനെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും അടിയന്തരശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയും ചെയ്തിരുന്നു.
ശേഷം അഞ്ചുദിവസങ്ങൾക്ക് ശേഷമാണ് ഡിസ്ചാർജ് ചെയ്തത്. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ ജനുവരി 19-ന് താനെയിൽ നിന്ന് ഷരീഫുൾ ഇസ്ലാമിനെ (30) പോലീസ് അറസ്റ്റുചെയ്തു. ആക്രമണത്തിനിടെ നടന്റെ നട്ടെല്ലിന് സമീപം തറച്ച കത്തിയുടെ കഷണവും കുറ്റകൃത്യം നടന്ന സ്ഥലത്തുനിന്ന് കണ്ടെത്തിയ കത്തിയുടെ ഭാഗവും പ്രതിയിൽനിന്ന് കണ്ടെടുത്ത ആയുധവുമായി പൊരുത്തപ്പെടുന്നുണ്ടെന്ന് പോലീസ് കോടതിയെ അറിയിച്ചിരുന്നു.