കയ്യില്‍ മൊബൈല്‍ ഫോണും മൈക്കുമുണ്ടെങ്കില്‍ എന്തും വിളിച്ച് പറയാവുന്ന അവസ്ഥ; അവര്‍ ഒരു ലോബിയായി പ്രവര്‍ത്തിക്കുന്നു; സാബുമോന്‍

സോഷ്യല്‍ മീഡിയ റിവ്യുകളില്‍ പ്രതികരിച്ച് നടന്‍ സാബു മോന്‍. കയ്യില്‍ മൊബൈല്‍ ഫോണും മൈക്കുമുണ്ടെങ്കില്‍ എന്തും വിളിച്ച് പറയാവുന്ന അവസ്ഥയാണ് ഇന്നുള്ളതെന്ന് സാബു പറയുന്നു. സോഷ്യല്‍ മീഡിയകളിലെ വെറുപ്പും വിദ്വേഷവും കാണാനാണ് ആളുകള്‍ക്ക് താല്പര്യം. അത് പ്രചരിപ്പിക്കുന്ന ഒരുകൂട്ടം ആളുകള്‍ ഉണ്ട്. അവര്‍ ഒരു ലോബിയായി പ്രവര്‍ത്തിക്കുകയാണെന്നും നടന്‍ പറഞ്ഞു.

‘കയ്യില്‍ മൊബൈല്‍ ഫോണും മൈക്കുമുണ്ടെങ്കില്‍ എന്തും വിളിച്ച് പറയാവുന്ന അവസ്ഥയാണ് ഇന്ന്. വായില്‍ തോന്നിയത് എന്ത് വേണമെങ്കിലും പറയും. പോസിറ്റീവ് ആയ കാര്യങ്ങള്‍ കാണുന്നതിന് പകരം, സോഷ്യല്‍ മീഡിയകളിലെ വെറുപ്പും വിദ്വേഷവും കാണാനാണ് ആളുകള്‍ക്ക് താല്പര്യം. അത് പ്രചരിപ്പിക്കുന്ന ഒരുകൂട്ടം ആളുകള്‍ ഉണ്ട്. ഒരു ലോബിയായി പ്രവര്‍ത്തിക്കുകയാണ്. നല്ല റിവ്യുകള്‍ ചെയ്യുന്ന ആളുകള്‍ ഇല്ല എന്നല്ല. ഒരു സിനിമയെ വസ്തുനിഷ്ഠമായി നമുക്ക് വിലയിരുത്താം’, എന്നാണ് സാബു മോന്‍ പറഞ്ഞത്. ഇരട്ട സിനിമയുമായി ബന്ധപ്പെട്ട പ്രമോഷനിടെ ആയിരുന്നു നടന്റെ പ്രതികരണം.

സോഷ്യല്‍ മീഡിയ റിവ്യുകളില്‍ അടുത്തിടെ മമ്മൂട്ടിയും പ്രതികരിച്ചിരുന്നു. വിമര്‍ശനങ്ങള്‍ പരിഹാസങ്ങള്‍ ആകാതിരുന്നാല്‍ മതിയെന്നാണ് മമ്മൂട്ടി പറഞ്ഞത്. ‘അതിന്റെ മെരിറ്റ്‌സും ഡി മെരിറ്റ്‌സുമൊന്നും നമ്മള്‍ അന്വേഷിച്ച് പോയിട്ട് കാര്യമില്ല. അവയ്ക്ക് ഒക്കെ പല അനുകൂലവും പ്രതികൂലവുമായ ഘടകങ്ങള്‍ ഉണ്ട്. വിമര്‍ശനങ്ങള്‍ പരിഹാസങ്ങള്‍ ആകാതിരുന്നാല്‍ മതി. പലപ്പോഴും അതിര് വിട്ട് പോകുന്നത് അവിടെയാണെന്നാണ് എനിക്ക് തോന്നുന്നത്. അത് നല്ലതല്ല’, എന്നാണ് മമ്മൂട്ടി പറഞ്ഞത്.

ജോജു ജോര്‍ജ് നായകനായി എത്തിയ ചിത്രമാണ് ഇരട്ട. അപ്പു പത്തു പ്രൊഡക്ഷന്‍ ഹൗസിന്റെ ബാനറില്‍ മാര്‍ട്ടിന്‍ പ്രക്കാട്ട്, ജോജു ജോര്‍ജ്, സൈജു വടക്കന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രത്തിന്റെ സംവിധാനം രോഹിത് എംജി കൃഷ്ണന്‍ ആണ്. അഞ്ജലി, സ്രിന്ധ, ആര്യാ സലിം, ശ്രീകാന്ത് മുരളി, സാബുമോന്‍,അഭിരാം എന്നിവരാണ് ഇരട്ടയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Vijayasree Vijayasree :