ദുബായിൽ റിയൽ എസ്റ്റേറ്റ് ബിസിനസിനൊരുങ്ങി നടി റോമ

ചോക്ലേറ്റ് എന്ന ഒറ്റ ചിത്രം കൊണ്ട് പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെട്ട നടിയാണ് റോമ. നായികയായും സഹനടിയായും ഒരുപോലെ തിളങ്ങി നിന്ന താരം പെട്ടെന്ന് സിനിമയിൽ നിന്ന് അപ്രത്യക്ഷമാകുകയായിരുന്നു. ഇപ്പോഴിതാ ഗോൾഡൻ വിസ ലഭിച്ചതിന് പിന്നാലെ ​ദുബായിയിൽ റിയൽ എസ്റ്റേറ്റ് ബിസിനസിനൊരുങ്ങി നടി റോമ. ​ഗോൾഡൻ വിസ നൽകിയ ഇസിഎച്ച് സിഇഓ ഇഖ്ബാൽ മാർക്കോണിയിൽ നിന്നും താരം ദുബായ് വാണിജ്യ മന്ത്രാലയത്തിന്റെ റിയൽ എസ്റ്റേറ്റ് ട്രേഡ് ലൈസൻസ് ഏറ്റുവാങ്ങി. മൂന്ന് മില്യൺ യുഎഇ ദിർഹം മൂലധനം (ആറ് കോടി ഇന്ത്യൻ രൂപ) നിക്ഷേപമുള്ളതാണ് റോമയുടെ റിയൽ എസ്റ്റേറ്റ് ബിസിനസ്.

ദുബായ് ബിസിനസ് ബേ കേന്ദ്രമായി റിയൽ എസ്റ്റേറ്റ് ഓഫീസ് തുറക്കുക. ഗോൾഡൻ വിസയുടെ പ്രയോജനം ഉപയോഗപ്പെടുത്താനായതിലും ദുബായിൽ സ്വന്തം സംരഭം തുടങ്ങാനായതിലും അതിയായ സന്തോഷമുണ്ടെന്നും നടി പറഞ്ഞു. ദുബായ് ഡിജിറ്റൽ ആസ്ഥാനത്ത് എത്തി സിഇഓ ഇഖ്ബാൽ മാർക്കോണിയിൽ നിന്നുമാണ് താരം ഗോൾഡൻ വിസ ഏറ്റുവാങ്ങിയത്. ബാംഗ്ലൂരിൽ സ്ഥിരതാമസമാക്കിയിട്ടുള്ള നടി യുഎഇ ഗോൾഡൻ വിസ ലഭിച്ചതോടെ ദുബായിൽ സ്ഥിര താമസമാക്കാനുള്ള ഒരുക്കത്തിലാണ്.

വിവിധ രംഗങ്ങളില്‍ മികവ് തെളിയിച്ചവര്‍ക്കും നിക്ഷേപകര്‍ക്കും ബിസിനസുകാര്‍ക്കുമൊക്കെ യുഎഇ ഭരണകൂടം അനുവദിക്കുന്നതാണ് ഗോള്‍ഡന്‍ വിസകള്‍. പത്ത് വര്‍ഷത്തെ കാലാവധിയുള്ള ഈ വിസകള്‍, കാലാവധി പൂര്‍ത്തിയാവുമ്പോള്‍ പുതുക്കി നല്‍കുകയും ചെയ്യും. പ്രമുഖ നടീ-നടന്മാരടക്കം നിരവധി മലയാളികള്‍ക്ക് ഇതിനോടകം തന്നെ ഗോള്‍ഡന്‍ വിസ ലഭ്യമായിട്ടുണ്ട്. ഗോള്‍ഡന്‍ വിസ അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങളില്‍ അടുത്തിടെ യുഎഇ ഇളവ് പ്രഖ്യാപിച്ചിരുന്നു. കൂടുതല്‍ വിഭാഗങ്ങളിലേക്ക് ഗോള്‍ഡന്‍ വിസയുടെ പ്രയോജനം എത്തിക്കാനാണ് യുഎഇ ലക്ഷ്യമിടുന്നത്.

നേരത്തെ മലയാളം ഉൾപ്പെടെ നിരവധി പ്രമുഖ ചലച്ചിത്ര താരങ്ങൾക്ക് യുഎഇ ഗോൾഡൻ വിസ നേടിക്കൊടുത്തത് ഇസിഎച്ഛ് മുഖേനയായിരുന്നു. ‘നോട്ട്ബുക്’, ‘ലോലിപോപ്പ്’, ‘ചോക്ലേറ്റ്’, ‘ജൂലൈ’, ‘മിന്നാമിന്നിക്കൂട്ടം’ എന്നിവയിലുൾപ്പെടെ ഇരുപ്പത്തിയഞ്ചിൽപരം സിനിമകൾ അഭിനയിച്ചിട്ടുള്ള റോമ മലയാളത്തിൽ ഒരിടവേളക്ക് ശേഷം തിരിച്ചുവരവിനൊരുങ്ങുകയാണ്.

AJILI ANNAJOHN :