ഒരുപാട് ആരാധകരുടെ നടിയാണ് രശ്മിക മന്ദാന. നാഷണൽ ക്രഷ് എന്നാണ് നടിയെ അറിയപ്പെടുന്നത് തന്നെ. ഇപ്പോഴിതാ സൈബർ കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്നതിനായി രൂപീകരിച്ച ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെൻ്ററിൻ്റെ ദേശീയ ബ്രാൻഡ് അംബാസഡറായി മാറിയിരിക്കുകയാണ് നടി.
വിഡിയോ സന്ദേശത്തിലൂടെയാണ് പുതിയ ചുമതലയെക്കുറിച്ച് താരം പങ്കുവച്ചത്. നമുക്കും നമ്മുടെ ഭാവി തലമുറയ്ക്കും വേണ്ടി സൈബർ ഇടം സുരക്ഷിതമാക്കുന്നതിനു വേണ്ടി ഒന്നിക്കാം. സൈബർ ലോകത്തെ ഭീഷണികളെപ്പറ്റി അവബോധം സൃഷ്ടിക്കാനും സൈബർ കുറ്റകൃത്യങ്ങൾക്ക് ഇരകളാകാതെ പരമാവധി പേരെ രക്ഷിക്കാനും ഞാൻ ആഗ്രഹിക്കുന്നു.
അതുകൊണ്ടാണ് ബ്രാൻഡ് അംബാസഡർ പദവി ഏറ്റെടുക്കുന്നത്. സൈബർ കുറ്റകൃത്യങ്ങളുടെ ആഘാതം വളരെ വലിയ രീതിയിൽ നേരിട്ട വ്യക്തിയെന്ന നിലയിൽ, നമ്മുടെ ഓൺലൈൻ ലോകത്തെ സംരക്ഷിക്കാൻ കർശനമായ നടപടികൾക്കുള്ള സമയമാണിത്. 1930 എന്ന നമ്പറിൽ വിളിച്ചോ cybercrime.gov.in എന്ന സൈറ്റിലൂടെയോ സൈബർ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യാമെന്നും രശ്മിക കുറിച്ചു.
രശ്മികയുടെ പേരിൽ ഡീപ് ഫേക്ക് വിഡിയോകൾ അടക്കം പുറത്തുവന്നിരുന്നു. ഡീപ്ഫേക്ക് വീഡിയോകൾ പലപ്പോഴും കണ്ണുകളുടെ അസ്വാഭാവികമായ ചലനങ്ങളോ നോട്ടങ്ങളിലെ പാറ്റേണുകളോ ഉള്ളവയായിരിക്കും. യഥാർത്ഥ വീഡിയോകളിൽ, കണ്ണുകളുടെ ചലനങ്ങൾ സാധാരണഗതിയിൽ സുഗമവും വ്യക്തിയുടെ സംസാരവും പ്രവർത്തനങ്ങളുമായി ഒത്തുപോകുന്നതുമായിരിക്കും.
അതേസമയം, നിലവിൽ അല്ലു അർജുൻ നായകനായെത്തുന്ന പുഷ്പ 2 വിന്റെ തിരക്കുകളിലാണ് രശ്മിക മന്ദാന. സുകുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിനായി ആകാംഷയോടെ കാത്തിരിക്കുകയാണ് ആരാധകർ. നേരത്തെ രശ്മിക നായികയായെത്തിയ രൺബീർ കപൂർ ചിത്രം അനിമൽ മികച്ച വിജയം നേടിയിരുന്നു.