മമ്മൂട്ടിയെ തന്റെ സിനിമയിലേക്ക് വിളിച്ചിട്ടില്ല;അദ്ദേഹം ഇങ്ങോട്ട് വരുകയായിരുന്നു!

മലയാള സിനിമയിൽ എടുത്തു പറയേണ്ട സംവിധായകരയിൽ ഒരാളാണ് രഞ്ജിത്. പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ, കയ്യൊപ്പ്, പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് ദ സെയ്‌ന്റ് എന്നീ നിരവധി ചിത്രങ്ങൾ അദ്ദേഹം മലയാളികൾക്ക് സമ്മാനിച്ചു.ഇതിലൊക്കെയും നായകൻ മമ്മൂട്ടിയായിരുന്നു എന്നതാണ് സത്യം. എന്നാൽ ഇപ്പോളിതാ മമ്മൂട്ടിയെക്കുറിച്ച് ചില വെളിപ്പെടുത്തലുകൾ നടത്തുകയാണ് രഞ്ജിത്.തന്റെ
സിനിമകളില്‍ അഭിനയിക്കണമെന്ന് പറഞ്ഞ് മമ്മൂട്ടിയെ താന്‍ വിളിച്ചിട്ടില്ല രഞ്ജിത് തുറന്നുപറയുകയാണ്. തന്റെ സിനിമകളിലെല്ലാം മമ്മൂട്ടി എന്ന നടന്‍ അധികാരത്തോടെ, സ്‌നേഹത്തോടെ വന്നുകയറുകയായിരുന്നുവെന്ന് രഞ്ജിത് പറയുന്നു. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് സംവിധായകൻ ഇക്കാര്യം വ്യക്തമാക്കിയത്.

മമ്മൂട്ടി നായകനായെത്തിയ ചിത്രമായിരുന്നു ‘വല്യേട്ടന്‍’ .ഒരുപാട് പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രത്തിന്റെ
തിരക്കഥ രഞ്ജിത്താണ് നിര്‍വഹിച്ചത്. ‘വല്യേട്ടന്‍’ സിനിമയിലെ ഒരു ഗാനം സംവിധായകന്‍ ഷാജി കെെലാസിന്റെ ആവശ്യത്തെത്തുടര്‍ന്ന് താനാണ് ചിത്രീകരിച്ചതെന്ന് രഞ്ജിത്ത് അഭിമുഖത്തിൽ പറയുന്നു. ആ ഗാനരംഗം ചിത്രീകരിക്കുന്നതിനിടെ ‘രഞ്ജിത് ആദ്യം സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഞാനാണ് നായകന്‍’ എന്ന് മമ്മൂട്ടി തന്നോട് പറഞ്ഞതായി രഞ്ജിത് ഓര്‍ക്കുന്നു. അന്ന് താന്‍ ഒരു സിനിമ സംവിധാനം ചെയ്യുന്നതിനെക്കുറിച്ച്‌ ആലോചിച്ചിട്ടുണ്ടായിരുന്നില്ല. പക്ഷേ, കുറച്ചുകാലത്തിനുശേഷം ആദ്യ സംവിധാന ചിത്രമായ ‘രാവണപ്രഭു’ പുറത്തുവന്നു. എന്നാല്‍, മോഹന്‍ലാല്‍ ആയിരുന്നു അതിലെ നായകനെന്നും രഞ്ജിത് പറഞ്ഞു.

തന്റെ സിനിമയില്‍ റെമ്യൂണറേഷന്‍ വാങ്ങാതെ മമ്മൂട്ടി അഭിനയിച്ചതിനെക്കുറിച്ച്‌ രഞ്ജിത് പറയുന്നത് ഇങ്ങനെ: “രാവണപ്രഭുവിനുശേഷം ഞാനൊരു സിനിമയുടെ ചിന്ത മമ്മൂക്കയും സിദ്ധിഖും ഇരിക്കുമ്ബോള്‍ പങ്കുവച്ചു. ‘കയ്യൊപ്പ്’ സിനിമയുടെ ഏതാണ്ടൊരു പൂര്‍ണരൂപം. ചുരുങ്ങിയ ബജറ്റില്‍ അത് പൂര്‍ത്തിയാക്കാന്‍ പോകുന്നു എന്നുകൂടി പറഞ്ഞപ്പോള്‍ ‘ഈ ബാലചന്ദ്രന്‍ എന്ന കഥാപാത്രത്തിനു എത്രനാള്‍ ഷൂട്ട് വേണ്ടിവരും’ എന്നാണ് മമ്മൂക്ക ചോദിച്ചത്. ‘നിങ്ങള്‍ക്ക് റെമ്യൂണറേഷന്‍ തരാനുള്ള വക എനിക്കില്ല’ എന്നാണ് ഞാന്‍ മമ്മൂക്കയോട് തിരിച്ചുപറഞ്ഞത്. ‘ചോദിച്ചത് പണമല്ല, എന്റെ എത്രനാള്‍ വേണമെന്നാണ്’ മമ്മൂക്ക പറഞ്ഞു. പിന്നീട് തനിക്ക് വഴിച്ചെലവിന്റെ കാശുപോലും ചെലവാക്കാന്‍ സാഹചര്യമുണ്ടാക്കാതെ മമ്മൂട്ടി കയ്യൊപ്പ് സിനിമയില്‍ അഭിനയിച്ചു. പതിനാല് ദിവസം കൊണ്ട് ആ സിനിമ പൂര്‍ത്തിയാക്കി”.

മമ്മൂട്ടിയുമായും അദ്ദേഹത്തിന്റെ കുടുംബവുമായും തനിക്ക് വളരെ അടുത്ത ബന്ധമുണ്ടെന്ന് രഞ്ജിത് പറഞ്ഞു. സഹോദരനെപ്പോലെയാണ് മമ്മൂക്ക തന്നെ കാണുന്നതെന്നും രഞ്ജിത് പറഞ്ഞു. ശരീരഭാഷകൊണ്ട് പ്രേക്ഷകരെ വിസ്‌മയിപ്പിക്കുന്ന മമ്മൂട്ടിക്ക് അഭിനേതാവ് എന്ന നിലയില്‍ ഇനിയും ഏറെ ദൂരം മുന്നോട്ടുപോകാനുണ്ടെന്നും രഞ്ജിത് കൂട്ടിച്ചേര്‍ത്തു.

renjith about mammootty

Vyshnavi Raj Raj :