തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള നടിയാണ് രശ്മിക മന്ദാന. സോഷ്യൽ മീഡിയയിൽ രശ്മികയുടെ വിശേഷങ്ങളെല്ലാം തന്നെ വൈറലായി മാറാറുണ്ട്. നടിയുടെ കരിയറിൽ തന്നെ ഏറ്റവും വിമർശനം കേൾക്കേണ്ടി വന്ന ചിത്രമായിരുന്നു അനിമൽ. ചിത്രം ബോക്സോഫിസിൽ നിന്ന് 900 കോടിയ്ക്കടുത്ത് നേടിയിരുന്നുവെങ്കിലും വലിയ രീതിയിലുളള വിമർശനങ്ങളാണ് വന്നത്.
ചിത്രത്തിന് രണ്ടാം ഭാഗം ഉണ്ടാകുമെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇപ്പോഴിതാ അനിമൽ സിനിമയ്ക്ക് നേരെയുളള വിമർശനങ്ങളിൽ പ്രതികരിക്കുകയാണ് നടി. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു നടിയുടെ പ്രതികരണം. സിനിമയെ സിനിമയായി മാത്രം കാണണം എന്നാണ് അഭിമുഖത്തിൽ രശ്മിക പറയുന്നത്.
ഇഷ്ടമുള്ള സിനിമകൾ തിരഞ്ഞെടുത്ത് കാണൂ. ആളുകൾ അനിമൽ സിനിമ ആഘോഷിച്ചു, അത് ബോക്സോഫിസിൽ വൻ വിജയമായി. അതിനാൽ, വിമർശനങ്ങൾ ഒരിക്കലും ശല്യമല്ല. സ്ക്രീനിൽ അഭിനയിക്കുകയാണ് ഞങ്ങളെല്ലാം ചെയ്തത്. ഞങ്ങളുടെ യഥാർത്ഥ വ്യക്തിത്വം വേറെയാണ്.
ഒരു നടനെ അയാൾ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ അടിസ്ഥാനത്തിൽ വിലയിരുത്തരുത്. അതാണ് അഭിനയം എന്നും രശ്മിക വ്യക്തമാക്കി. അതേസമയം, ചിത്രത്തിന് മൂന്നാം ഭാഗവുമുണ്ടാകുമെന്നാണ് രൺബീർ പറഞ്ഞത്. സംവിധായകൻ നിലവിൽ മറ്റൊരു ചിത്രത്തിൻറെ തിരക്കിലാണ്, അനിമൽ പാർക്ക് 2027ൽ ചിത്രീകരണം ആരംഭിക്കും. മൂന്ന് ഭാഗമായി ഇറക്കാനാണ് സംവിധായകൻ ആലോചിക്കുന്നത്.
അടുത്ത സിനിമകളെ എങ്ങനെ മുന്നോട്ട് കൊണ്ടുപോകണം എന്നതിനെക്കുറിച്ച് ഞങ്ങൾ രണ്ടു പേരും ആദ്യ ഭാഗം മുതൽ ആലോചിക്കുന്നുണ്ട്. ഒരേ സിനിമയിൽ നായകനെയും വില്ലനെയും അവതരിപ്പിക്കാനാകുന്നതിൽ ഞാൻ വളരെ ആവേശത്തിലാണ്. എനിക്ക് വളരെ പ്രതീക്ഷയുള്ള പ്രോജക്ട് ആണിത്, വളരെ ഒറിജിനൽ ആയ സംവിധായകനാണ് സന്ദീപ് റെഡ്‌ഡി വങ്ക എന്നാണ് നടൻ പറഞ്ഞത്.
രൺബീറിനും രശ്മികയ്ക്കും പുറമെ ബോബി ഡിയോളും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയിരുന്നു. അനിൽ കപൂർ, ശക്തി കപൂർ, തൃപ്തി ദിമ്രി എന്നിവരാണ് സിനിമയിൽ അഭിനയിച്ച മറ്റുതാരങ്ങൾ. അനിമൽ ചിത്രത്തിലെ ആൽഫാ മെയിൽ ആഘോഷത്തിനെതിരെയാണ് നേരത്തെ വലിയ രീതിയിലുളള വിമർശനങ്ങളുണ്ടായത്.