മുതലകള്‍ നിറഞ്ഞ ജലാശയത്തില്‍ നീന്തേണ്ടി വന്നു, സ്വതന്ത്ര വീര്‍ സവര്‍ക്കറിനായി നേരിട്ട വെല്ലുവിളികളെ കുറിച്ച് രണ്‍ദീപ് ഹൂഡ

തിരഞ്ഞെടുപ്പിന് മുമ്പ് പ്രൊപ്പഗാണ്ട ചിത്രമായി എത്തിയ സിനിമയാണ് ‘സ്വതന്ത്ര വീര്‍ സവര്‍ക്കര്‍’. ചരിത്രത്തെ വളച്ചൊടിച്ചെന്ന വിമര്‍ശനം നേരിട്ട ചിത്രം വന്‍ പരാജയമാണ് തിയേറ്ററില്‍ നേടിയത്. 24 കോടി രൂപ മാത്രമാണ് ചിത്രത്തിന് ബോക്‌സ് ഓഫീസില്‍ നിന്നും നേടാനായത്. ചിത്രം പരാജയപ്പെട്ടതോടെ തന്റെ അച്ഛന്റെ വിറ്റാണ് സിനിമ എടുത്തതെന്ന് വ്യക്തമാക്കി രണ്‍ദീപ് ഹൂഡ തുറന്നുപറഞ്ഞിരുന്നു.

ചിത്രം ഷൂട്ട് ചെയ്തിരുന്ന സമയത്തെ കുറിച്ചാണ് രണ്‍ദീപ് ഹൂഡ ഇപ്പോള്‍ സംസാരിച്ചിരിക്കുന്നത്. മുതലകള്‍ നിറഞ്ഞ ജലാശയത്തില്‍ തനിക്ക് നീന്തേണ്ടി വന്നിരുന്നു എന്നാണ് നടന്‍ പറയുന്നത്. ചിത്രത്തിന്റെ ഒരു ഭാഗം ആന്‍ഡമാന്‍ ദ്വീപുകളിലെ കാലാപാനിയിലാണ് ചിത്രീകരിച്ചത്. അവിടെ മുതലകളുള്ള ഒരു ജലാശയത്തില്‍ ചിത്രീകരണം നടത്തിയിരുന്നു.

അതില്‍ ഷൂട്ട് ചെയ്യുമ്പോള്‍ 5 മുങ്ങല്‍ വിദഗ്ധര്‍ തനിക്ക് ചുറ്റും ഉണ്ടായിരുന്നു. തനിക്ക് നീന്തല്‍ അറിയില്ല എന്നാണ് അവരോട് പറഞ്ഞിരുന്നത്. പക്ഷെ താന്‍ അനായാസം നീന്തുകയും മടങ്ങിവരുകയും ചെയ്യുന്നത് കണ്ട അവര്‍ തനിക്ക് നന്നായി നീന്താനറിയാമല്ലേ എന്ന് ചോദിച്ചു.

അപ്പോഴാണ് മുതലകള്‍ ഉള്ളതിനാല്‍ ആണ് നിങ്ങളെ വിളിച്ചതെന്ന് അവരോട് പറയുന്നത് എന്നാണ് രണ്‍ദീപ് പറയുന്നത്. വിനായക് ദാമോദര്‍ സവര്‍ക്കറുടെ ജീവിതത്തെ ആസ്പദമാക്കിയാണ് സിനിമ എത്തിയത്. ആനന്ദ് പണ്ഡിറ്റ്, സന്ദീപ് സിങ്, സാം ഖാന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.

മഹേഷ് മഞ്ജരേക്കറായിരുന്നു ചിത്രത്തിന്റെ ആദ്യ സംവിധായകന്‍. എന്നാല്‍ 2022ല്‍ അദ്ദേഹം ചിത്രത്തില്‍ നിന്ന് പിന്‍മാറി. ചരിത്രത്തില്‍ ഇല്ലാത്ത കാര്യങ്ങള്‍ സിനിമയില്‍ ഉള്‍പ്പെടുത്താന്‍ രണ്‍ദീപ ഹൂഡ ആവശ്യപ്പെട്ടുവെന്നും തുടര്‍ന്നാണ് ചിത്രത്തില്‍ നിന്ന് പിന്‍മാറിയത് എന്നുമായിരുന്നു മഹേഷ് മഞ്ജരേക്കറിന്റെ വെളിപ്പെടുത്തല്‍.

Vijayasree Vijayasree :