ഞാൻ ചെറുതായിരുന്നപ്പോൾ സംസാരിക്കുന്നതിനിടയിൽ വിക്ക് വന്നിരുന്നു, ആരെങ്കിലും പേര് ചോദിച്ചാൽ പോലും ഞാൻ വീക്കുമായിരുന്നു, ചില സമയങ്ങളിൽ ഇപ്പോഴും അങ്ങനെ അനുഭവപ്പെടാറുണ്ട് ; രൺബീർ

രണ്‍ബീര്‍ കപൂറിന്‍റെതായി ഏറ്റവും ഒടുവില്‍ തിയേറ്ററുകളില്‍ എത്തിയ ചിത്രമാണ് ‘തൂ ജൂട്ടി മേം മക്കാര്‍’. ലവ്‌ രഞ്ജന്‍ സംവിധാനം ചെയ്‌ത ചിത്രം മാര്‍ച്ച് എട്ടിനാണ് തിയേറ്ററുകളില്‍ എത്തിയത്. മികച്ച ഓപ്പണിങ് കലക്ഷനാണ് സിനിമയ്‌ക്ക് ലഭിച്ചത്.

പതിനഞ്ച് വർഷത്തോളമായി സിനിമാമേഖലയിൽ സജീവമായി നിൽക്കുന്ന താരമാണ് രൺബീർ കപൂർ. തുടക്കം മുതൽക്കെ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുക്കാനും രൺബീറിനു കഴിഞ്ഞു. ജീവിതത്തിന്റെ ആദ്യ കാലഘട്ടങ്ങളിൽ രൺബീറിനു സംസാരിക്കാനുള്ള കഴിവ് നന്നേ കുറവായിരുന്നെന്ന കാര്യം അധികം ആർക്കും അറിയാൻ സാധ്യതയില്ല. ആരാധകരുമായി നടത്തിയ സൗഹൃദസംഭാഷണത്തിലാണ് കുട്ടിയായിരുന്നപ്പോൾ താൻ വിക്ക് നേരിട്ടിരുന്നെന്ന് രൺബീർ വെളിപ്പെടുത്തിയത്.

റൺബീറിന്റെ ചിത്രങ്ങളെ കുറിച്ച് സംസാരിക്കുന്നതിനിടയിൽ ഒരു ആരാധകനു വിക്ക് അനുഭവപ്പെട്ടപ്പോഴാണ് താരം താൻ നേരിടേണ്ടി വന്ന സാഹചര്യങ്ങൾ പറഞ്ഞത്. “ഞാൻ ചെറുതായിരുന്നപ്പോൾ സംസാരിക്കുന്നതിനിടയിൽ വിക്ക് വന്നിരുന്നു. ആരെങ്കിലും പേര് ചോദിച്ചാൽ പോലും ഞാൻ വീക്കുമായിരുന്നു. ചില സമയങ്ങളിൽ ഇപ്പോഴും അങ്ങനെ അനുഭവപ്പെടാറുണ്ട്, നിങ്ങൾ അതു നിയന്ത്രണത്തിലാക്കാൻ ശ്രമിക്കണം, അതിനു വേണ്ടി ചെറിയ വ്യായാമങ്ങൾ ചെയ്തും നോക്കാവുന്നതാണ്.”

“നിങ്ങളുടെ മനസ്സിനെ എപ്പോഴും ശാന്തമായി നിലനിർത്തി ഈ വിക്കിനെ കുറിച്ച് ചിന്തിക്കാതെയിരിക്കുക. ഇത് മോശമായ കാര്യമാണെന്ന് കരുതരുത്. സംസാരിക്കുമ്പോൾ ഹൃദയത്തിൽ നിന്ന് പറയുക” രൺബീർ കൂട്ടിച്ചേർത്തു.

കുട്ടിക്കാലത്ത് താനും വിക്ക് നേരിട്ടിട്ടുണ്ടെന്ന് നടൻ ഹൃതിക്ക് റോഷനും വെളിപ്പെടുത്തിയിരുന്നു. എങ്ങനെയാണ് ആ പ്രശ്നത്തെ തരണം ചെയ്തതെന്നും താരം പറഞ്ഞിട്ടുണ്ട്. “എല്ലാ ദിവസം സംസാരത്തിലെ ഈ ബുദ്ധിമുട്ട് മറികടക്കാൻ ഞാൻ ശ്രമിക്കുമായിരുന്നു. കുട്ടികാലത്തു മാത്രമല്ല 2012 വരെ ഞാൻ ഈ പ്രശ്നം നേരിട്ടിരുന്നു. അതായത് നടനായിരിക്കുമ്പോഴും എനിക്ക് വിക്കുണ്ടായിരുന്നു” ഹൃതിക്ക് മുംബൈ മിററിനോട് പറഞ്ഞു.

“ആറു വയസ്സുള്ളപ്പോഴാണ് ഞാൻ വിക്ക് നേരിടാൻ തുടങ്ങിയത്. സംസാരിച്ചു തുടങ്ങുന്നതു വരെ എന്റെ ജീവിതത്തിലെ എല്ലാ കാര്യങ്ങളും വളരെ നോർമലായിരുന്നു. എന്റെ അവസ്ഥയെ കുറിച്ച് ആലോചിച്ച് ഞാൻ ഒരുപാട് വിഷമിച്ചു, പലരും എന്നെ തുറിച്ചു നോക്കി കൊണ്ടേയിരുന്നു” ഹൃതിക്ക് ഒരിക്കൽ ദി ഇന്ത്യൻ എക്‌സ്‌പ്രസിനോട് പറഞ്ഞതിങ്ങനെയാണ്.

AJILI ANNAJOHN :