റാംജിറാവു സ്പീക്കിംഗ് വീണ്ടും ബിഗ് സ്‌ക്രീനിലേയ്ക്ക്

ചില സിനിമകള്‍ കാലങ്ങള്‍ എത്ര കഴിഞ്ഞാലും പത്തരമാറ്റോടെ പ്രേക്ഷകര്‍ ഓര്‍ത്തിരിക്കാറുണ്ട്. അത്തരത്തില്‍ ഒട്ടനവധി സിനിമകള്‍ മലയാളത്തില്‍ ഉണ്ടായിട്ടുണ്ട്. മിനിസ്‌ക്രീനില്‍ വരുമ്പോള്‍ വീണ്ടും വീണ്ടും ആവര്‍ത്തിച്ചു കാണുന്ന സിനിമകളാകും അവയില്‍ ഭൂരിഭാഗവും. അത്തരത്തില്‍ പ്രേക്ഷകരെ നിര്‍ത്താതെ ചിരിപ്പിച്ച ചില സിനിമകള്‍ വീണ്ടും ബിഗ് സ്‌ക്രീനില്‍ എത്തുകയാണ്.

ഇരുപത്തി എട്ടാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയിലാണ് ഇവ വീണ്ടും പ്രദര്‍ശിപ്പിക്കുന്നത്. ഹോമേജ് വിഭാഗത്തിലാണ് സിനിമകള്‍ പ്രദര്‍ശിപ്പിക്കുക. പോയ വര്‍ഷങ്ങളില്‍ വിട്ടുപിരിഞ്ഞ അഭിനേതാക്കളുടെ ഓര്‍മയ്ക്കായി പതിനൊന്ന് സിനിമകള്‍ ഐഎഫ്എഫ്‌കെയില്‍ പ്രദര്‍ശിപ്പിക്കും.

പ്രിയനടന്‍ ഇന്നസെന്റിന്റെയും സംവിധായകന്‍ സിദ്ദീഖിന്റെയും ഓര്‍മയ്ക്കായി റാംജിറാവു സ്പീക്കിംഗ് പ്രദര്‍ശിപ്പിക്കും. 1989ല്‍ ആയിരുന്നു ഈ സൂപ്പര്‍ ഹിറ്റ് ചിത്രം പ്രദര്‍ശിപ്പിച്ചത്. സിദ്ദീഖ് ലാല്‍ കൂട്ടുകെട്ട് ആയിരുന്നു സംവിധാനം.

1982ല്‍ ഇറങ്ങിയ യവനിക(കെ.ജി. ജോര്‍ജ്), പെരുമഴക്കാലം(മാമൂക്കോയ), കെ. രവീന്ദ്രനാഥന്‍ നായര്‍ നിര്‍മിച്ച അടൂര്‍ ചിത്രം വിധേയന്‍ എന്നീ ചിത്രങ്ങളും ഐഎഫ്എഫ്‌കെയില്‍ ഉണ്ടാകും. ഇറാനിയന്‍ സംവിധായകന്‍ ദാരിയുഷ് മെഹര്‍ജിയുടെ ‘എ മൈനര്‍’, സ്പാനിഷ് സംവിധായകന്‍ കാര്‍ലോസ് സൗറയുടെ ‘കസിന്‍ ആഞ്ചലിക്ക’, ഫ്രഞ്ച് സംവിധായകന്‍ ജാക്ക് റോസിയറിന്റെ ‘അഡിയൂ ഫിലിപ്പീന്‍’ തുടങ്ങിയവയും ഹോമേജ് വിഭാഗത്തില്‍ ഉണ്ടാകും.

അതേസമയം, എട്ട് ദിവസം നീണ്ടുനില്‍ക്കുന്നതാണ് ഐഎഫ്എഫ്‌കെ. മേളയില്‍ 19 വിഭാഗങ്ങളിലായി 180 ഓളം ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്. 15 വേദികളിലായി നടക്കുന്ന ചലച്ചിത്ര മേള ഈ മാസം 15ന് അവസാനിക്കും. മമ്മൂട്ടി ചിത്രം കാതല്‍ ദി കോറും മേളയില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. ഐഎഫ്എഫ്‌ഐയിലും ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു.

Vijayasree Vijayasree :