നടന്‍ രാം ചരണിന് വെല്‍സ് യൂണിവേഴ്‌സിറ്റിയുടെ ഓണററി ഡോക്ടറേറ്റ്; ബഹുമതി സിനിമാ മേഖലയ്ക്ക് നല്‍കിയ സംഭാവനകള്‍ പരിഗണിച്ച്

നിരവധി ആരാധകരുള്ള തെലുങ്ക് സൂപ്പര്‍ താരമാണ് രാം ചരണ്‍ തേജ. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ സിനിമാ മേഖലയ്ക്ക് നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് നടനെ ചെന്നൈയിലെ വെല്‍സ് യൂണിവേഴ്‌സിറ്റി ഓണററി ഡോക്ടറേറ്റ് നല്‍കി ആദരിക്കും.

ആര്‍ആര്‍ആര്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് അന്താരാഷ്ട്ര അംഗീകാരം ലഭിച്ചതിന് പിന്നാലെയാണ് നടനെ തേടി ഓണററി ഡോക്ടറേറ്റ് എത്തിയിരിക്കുന്നത്. ഏപ്രില്‍ 13ന് നടക്കുന്ന ചടങ്ങില്‍ ചന്ദ്രയാന്‍ പ്രോജക്ട് കോര്‍ഡിനേറ്റര്‍ ഡോ. പി വീരമുത്തുവേലിനും യൂണിവേഴ്‌സിറ്റി ഓണററി ഡോക്ടറേറ്റ് സമ്മാനിക്കും.

കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്‍, സംവിധായകന്‍ ശങ്കര്‍ തുടങ്ങിയവരാണ് മുമ്പ് ഈ അംഗീകാരം നേടിയ പ്രമുഖര്‍.

2007ല്‍ ചിരുത എന്ന ചിത്രത്തിലൂടെയാണ് രാം ചരണ്‍ വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ചത്. എസ്എസ് രാജമൗലി ചിത്രമായ ആര്‍ആര്‍ആറിലെ പ്രകടനത്തിന് ഫിലിംഫെയര്‍, സൗത്ത് ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ മൂവി അവാര്‍ഡുകള്‍, ക്രിട്ടിക്‌സ് ചോയ്‌സ് അവാര്‍ഡ് എന്നിവ നടന്‍ കരസ്ഥമാക്കി.

സ്വാതന്ത്ര്യ സമരസേനാനികളായ അല്ലൂരി സീതാരാമരാജുവിന്റെയും കൊമരം ഭീമിന്റെയും കഥകളുടെ സാങ്കല്‍പ്പിക പുനരാഖ്യാനമായിരുന്നു ആര്‍ആര്‍ആര്‍. ചന്ദ്രബോസിന്റെ രചനയില്‍ എം എം കീരവാണി രചിച്ച നാട്ടു നാട്ടു എന്ന ഗാനം ഓസ്‌കാറും ഗോള്‍ഡന്‍ ഗ്ലോബും നേടി.

Vijayasree Vijayasree :